ആ ജീവന്‍ രക്ഷിക്കാന്‍ രഞ്ജിനി നടത്തിയ ഇടപെടല്‍ മാതൃകാപരമെന്ന് മുഖ്യമന്ത്രി പിണറായി; ജനക്കൂട്ടം നോക്കി നിന്നുവെന്ന വാര്‍ത്ത നടുക്കുന്നത്

തിരുവനന്തപുരം: കെട്ടിടത്തില്‍ നിന്നും താഴെ വീണയാളെ ആശുപത്രിയില്‍ എത്തിക്കാതെ ജനക്കൂട്ടം നോക്കി നിന്നുവെന്ന വാര്‍ത്ത നടുക്കം ഉളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രി പിണറായി പറയുന്നു:

15 മിനുട്ടോളം ഒരാള്‍ രക്തം വാര്‍ന്ന് തിരക്കേറിയ റോഡരികില്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ കിടന്നുവെന്നത് മലയാളികളെ ഇരുത്തി ചിന്തിപ്പിക്കണം. ആ ജീവന്‍ രക്ഷിക്കന്‍ അഭിഭാഷകയായ രഞ്ജിനി നടത്തിയ ഇടപെടല്‍ മാതൃകാപരമാണ്.

അപകടത്തില്‍ പെടുന്നവരെ ആശുപത്രിയിലെത്തിച്ചാല്‍ കേസും പൊലീസ് സ്റ്റേഷനുമായി കയറി ഇറങ്ങേണ്ടി വരുമോ എന്ന ഭയമാണ് പലര്‍ക്കും. എന്നാല്‍ അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് നിയമപരമായ പരിരക്ഷ ഉണ്ട്.

മാത്രവുമല്ല അപകടത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യചികിത്സ ഉറപ്പു വരുത്തുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പില്‍ വരുത്തുകയാണ്.

അപകടങ്ങളില്‍ നിഷ്‌ക്രിയരാകാതെ ഒരു ജീവനാണ് താന്‍ രക്ഷിക്കുന്നതെന്ന ഉയര്‍ന്ന മാനവിക ബോധം പ്രകടിപ്പിക്കാന്‍ എല്ലാ മലയാളികളോടും അഭ്യര്‍ത്ഥിക്കുന്നു.

പത്മ ജംഗ്ഷനില്‍ കെട്ടിടത്തില്‍ നിന്ന് വീണ തൃശൂര്‍ സ്വദേശി ഷാജിയെ ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈയെടുത്തത് ഹൈക്കോടതി അഭിഭാഷകയായ രഞ്ജിനിയാണ്.

സംഭവത്തെക്കുറിച്ച് രഞ്ജിനി പറഞ്ഞത് ഇങ്ങനെ:

മെട്രോ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് കെട്ടിടത്തില്‍ നിന്നും വീണു കിടക്കുന്ന ഷാജിയെ കാണുന്നത്. തലയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ നിലയിലായിരുന്നു അയാള്‍.

സമീപത്തുണ്ടായിരുന്ന ആരും ഷാജിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചില്ല. കൂടി നിന്നിരുന്ന ആളുകളോട് ആശുപത്രിയിലെത്തിക്കാന്‍ അപേക്ഷിച്ചെങ്കിലും ആരും തയ്യാറായില്ലെന്ന് രഞ്ജിനി പറയുന്നു.

തുടര്‍ന്ന് തനിക്ക് പരിചയമുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ബന്ധപ്പെട്ടെങ്കിലും അവിടെ ആംബുലന്‍സില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ ഒരു കാറില്‍ ഷാജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നെന്ന് രഞ്ജിനി പറഞ്ഞു.

അപകടത്തില്‍പ്പെട്ട മനുഷ്യന്റെ കുടുംബത്തിലുള്ളവരെക്കുറിച്ചാണ് താന്‍ ആ നിമിഷങ്ങളില്‍ ചിന്തിച്ചതെന്നും രഞ്ജിനി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News