പദ്മ പുരസ്‌കാരങ്ങള്‍: സംസ്ഥാനം സമര്‍പ്പിച്ച പട്ടികയില്‍ ഒരാള്‍ ഒഴികെ എല്ലാവരെയും കേന്ദ്രം വെട്ടി; എംടിയെ തഴഞ്ഞ് പദ്മവിഭൂഷന്‍ നല്‍കിയത് ആര്‍എസ്എസ് താത്വികചാര്യന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പദ്മ പുരസ്‌കാരങ്ങള്‍ക്കായി കേന്ദ്രത്തിന് സമര്‍പ്പിച്ച പട്ടികയില്‍ ഒരാള്‍ ഒഴികെ എല്ലാവരെയും വെട്ടിയതായി രേഖകള്‍.

ജ്ഞാനപീഠ ജേതാവും മലയാളത്തിന്റെ പ്രിയ കഥാകാരനുമായ എം.ടി വാസുദേവന്‍ നായര്‍ക്ക് പദ്മവിഭൂഷനും, കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി ആശാന്‍, സിനിമാ താരങ്ങളായ മമ്മുട്ടി, മോഹന്‍ലാല്‍, പെരുവനം കുട്ടന്‍മാരാര്‍, കവയത്രി സുഗതകുമാരി എന്നിവര്‍ക്ക് പദ്മഭൂഷനും നല്‍കാനായിരുന്നു കേരളത്തിന്റെ ശുപാര്‍ശ.

എന്നാല്‍ പട്ടികയിലെ ഏക പേരുകാരനായ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് മാത്രമാണ് കേരളത്തിന്റെ അക്കൗണ്ടില്‍ പുരസ്‌കാരം ലഭിച്ചത്. ആര്‍എസ്എസ് നേതാവായ പി.പരമേശ്വരന് പദ്മവിഭൂഷന്‍ ലഭിച്ചത് കേന്ദ്രത്തിന്റെ കനിവ് കൊണ്ടെന്നത് വ്യക്തം. ഡോ.എം ആര്‍ രാജഗോപാലിനും, ലക്ഷ്മികുട്ടിയമ്മക്കും പദ്മശ്രീ ലഭിച്ചതും സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയോടെയല്ല എന്നതും വ്യക്തമാകുകയാണ്.

പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി, കര്‍ണാടക സംഗീതഞ്ജന്‍ കെ.ജി ജയന്‍, മുതിര്‍ന്ന നടന്‍ ജി.കെ പിള്ള, മാതംഗി സത്യമൂര്‍ത്തി, നടന്‍ നെടുമുടി വേണു, ഗായകന്‍ പി.ജയചന്ദ്രന്‍, പ്രശസ്ത ക്യാന്‍സര്‍ സര്‍ജന്‍ ഡോ.വിപി ഗംഗാധരന്‍, ഡോ.ബി. ഇക്ബാല്‍, ഫുട്‌ബോള്‍ താരം ഐ എം വിജയന്‍, എഴുത്തുകാരായ ടി.പദ്മനാഭന്‍, എം കെ സാനു, സി.രാധാകൃഷ്ണന്‍ ഫാദര്‍ ഡേവിസ് ചിറമേല്‍ എന്നിവര്‍ അടക്കം 34 പേര്‍ക്ക് പദ്മശ്രീ പുരസ്‌കാരവും നല്‍കാനായിരുന്നു കേരളത്തിന്റെ ശുപാര്‍ശ.

യുഡിഎഫ് ഭരണകാലത്ത് പട്ടികയില്‍ സ്ഥിരമായി ഇടം പടിക്കുന്ന പ്രാഞ്ചിയേട്ടന്‍മാരായ വ്യവസായികളെ ഒഴിവാക്കിയുള്ള ലിസ്റ്റ് ആണ് ഇത്തവണ സമര്‍പ്പിച്ചതെന്നതും ശ്രദ്ധേയം. സാസ്‌കാരിക മന്ത്രി എ കെ ബാലന്‍ അദ്ധ്യക്ഷനായ സമിതി സമര്‍പ്പിച്ച ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ച ശേഷം കേന്ദ്രത്തിന് കൈമാറുകയായിരുന്നു.

ജോമോന്‍ പുത്തന്‍പുരയ്ക്കലിന് നല്‍കിയ വിവരാവകാശ രേഖയിലാണ് സര്‍ക്കാര്‍ ഈ കാര്യം വിശദീകരിക്കുന്നത്. നേരത്തെ എംടി വാസുദേവന്‍ നായര്‍ക്കെതിരെ ശക്തമായ സംഘപരിവാര്‍ പ്രതിഷേധം ഉയര്‍ന്ന് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് എംടിയെ പോലെയൊരാളെ തഴഞ്ഞ് ആര്‍എസ്എസ് താത്വികചാര്യന് പദ്മവിഭൂഷന്‍ നല്‍കിയത് എന്നതും കൗതുകമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News