മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വം നല്‍കുന്നത് ചെറുത്തുനില്‍പ്പിന്റെ സന്ദേശം

മഹാത്മാഗാന്ധി വധിക്കപ്പെട്ടിട്ട് ഇന്നേക്ക് എഴുപതുവര്‍ഷം തികയുകയാണ്. എഴുപതുവര്‍ഷം എന്നത് സ്വതന്ത്ര ഇന്ത്യയുടെ പ്രായംകൂടിയാണ്.

സ്വതന്ത്ര ഇന്ത്യയുടെ സൃഷ്ടിയില്‍ നെടുനായകത്വം വഹിച്ച ആള്‍, നാം രാഷ്ട്രപിതാവ് എന്നുകരുതുന്ന ആള്‍, സ്വാതന്ത്ര്യം ലഭിച്ച് ഏതാനും മാസങ്ങള്‍ക്കകംതന്നെ വധിക്കപ്പെട്ടുവെന്നത് ആ രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ദുരന്തത്തിലാണ്ട തുടക്കമാണ്.

മഹാത്മാഗാന്ധിയുടെ വധം അതിന് കാരണക്കാരനായ നാഥുറാം വിനായക് ഗോഡ്‌സെയെ കേന്ദ്രീകരിച്ചാണ് ചര്‍ച്ചചെയ്യുന്നത്. ഗോഡ്‌സെയെ ചിലര്‍ ഒരു പൂജാവിഗ്രഹമാക്കിമാറ്റുന്ന ഇന്നത്തെ കാലത്ത് ഇത്തരം ചര്‍ച്ച സ്വാഭാവികമാണ്.

ഗോഡ്‌സെ ഒരു ആര്‍എസ്എസുകാരനാണോ അല്ലയോ എന്നതില്‍ ചര്‍ച്ച കേന്ദ്രീകരിക്കേണ്ട ആവശ്യമില്ല. ഗോഡ്‌സെ ഒരു ഹിന്ദുത്വവാദിയായിരുന്നെന്നും തീവ്രഹിന്ദുത്വവാദികളുടെ നിര്‍ദേശമനുസരിക്കുകയാണ് ഗോഡ്‌സെ ചെയ്തതെന്നതും നിസ്തര്‍ക്കമാണ്.

ഏവരുടെയും ആരാധനാപാത്രമായ ഒരു മനുഷ്യനെ ഒരു സംഘം ആളുകള്‍ ഇത്ര തീവ്രമായി വെറുക്കാനുണ്ടായിരുന്ന കാരണമെന്തായിരുന്നു?

രണ്ടാംലോകമഹായുദ്ധത്തിനുശേഷമുള്ള മഹാത്മാഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. യുദ്ധത്തിനുമുമ്പുണ്ടായിരുന്നതുപോലുള്ള സജീവമായ രാഷ്ട്രീയ ഇടപെടല്‍ യുദ്ധത്തിനുശേഷം ഗാന്ധി നടത്തിയിട്ടില്ല.

കോണ്‍ഗ്രസിന്റെ നേതൃത്വം നെഹ്‌റു, വല്ലഭഭായ്പട്ടേല്‍ തുടങ്ങിയവരുടെ കൈയിലേക്ക് വരികയായിരുന്നു. അതിനോടൊപ്പം രണ്ട് രാഷ്ട്രങ്ങളുടെ രൂപീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി വരികയായിരുന്നു. 1946ലെ ക്യാബിനറ്റ് മിഷനില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സ്വാതന്ത്ര്യം തീരുമാനിക്കപ്പെട്ടു.

ഈ ചര്‍ച്ചകളില്‍ നെഹ്‌റു, ജിന്ന, അകാലി നേതാവ് ബല്‍ദേവ്‌സിങ് തുടങ്ങിയവരുണ്ടായിരുന്നുവെങ്കിലും ഗാന്ധി അതില്‍ പങ്കെടുത്തിട്ടില്ല. പക്ഷേ, രണ്ട് രാഷ്ട്രങ്ങള്‍ എന്ന ആശയത്തെ ഗാന്ധി എതിര്‍ത്തതായും സൂചനയില്ല.

പിന്നീട് നെഹ്‌റുവിന്റെ നേതൃത്വത്തില്‍ താല്‍ക്കാലിക ഗവണ്‍മെന്റ് രൂപംകൊണ്ടപ്പോള്‍ അതില്‍ നെഹ്‌റു, ബല്‍ദേവ് സിങ്, ഹിന്ദുനേതാവ് ശ്യാമപ്രസാദ് മുഖര്‍ജി തുടങ്ങിയവരുണ്ടായിരുന്നുവെങ്കിലും ഗാന്ധി അതിലും പങ്കെടുത്തില്ല. രണ്ട് രാഷ്ട്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ച മുറുകിയപ്പോള്‍ ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ വിഭജനത്തെ എതിര്‍ത്തു.

പിന്നീട് അതിനെ അനുകൂലിച്ചു. ഇതിന്റെ ഫലമായുണ്ടായ സമവായമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഭജനത്തിലേക്ക് നയിച്ചത്.

ഈ ഘട്ടങ്ങളിലൊരിടത്തും ഗാന്ധി ചര്‍ച്ചകളെക്കുറിച്ച് ഖണ്ഡിതമായ അഭിപ്രായം പറയുന്നില്ല. അതിന്റെ കാരണവും വ്യക്തമാണ്. സ്വാതന്ത്ര്യമാണ് പ്രധാനം.

സ്വാതന്ത്ര്യം ഏത് രീതിയില്‍ വേണമെന്നും രാഷ്ട്രനിര്‍മാണം ഏത് വിധത്തിലായിരിക്കണമെന്നും തീരുമാനിക്കുന്നത് സ്വതന്ത്രമാകുന്ന പ്രദേശത്തിലെ ജനങ്ങളാണ്. ആ തീരുമാനം ഗാന്ധി സ്ഥിരമായി അംഗീകരിച്ചുപോന്ന സാമൂഹ്യസമവായ സങ്കല്‍പ്പത്തിന്റെ ഭാഗമാണ്.

അതുകൊണ്ട് ഒരു പ്രത്യേക പ്രദേശത്തെ ജനങ്ങള്‍ക്ക് പാകിസ്ഥാനായി മാറണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അതിന് അവര്‍ക്ക് അവകാശമുണ്ട്. രണ്ട് രാഷ്ട്രങ്ങളുടെ ഉല്‍പ്പത്തിക്ക് ഗാന്ധി എതിരായിരുന്നില്ല.

സാമൂഹ്യസമവായം രാഷ്ട്രത്തിന്റെ ഉല്‍പ്പത്തിയിലേക്ക് വഴിതെളിക്കുമെങ്കില്‍ പിന്നെ അവിടെ സംഘര്‍ഷത്തിന് പ്രസക്തിയില്ല.

ബ്രിട്ടീഷുകാര്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കുമെന്ന വസ്തുത അവര്‍ ഗാന്ധിയോടുതന്നെ പലതവണ സൂചിപ്പിച്ചിരുന്നു. 1942ല്‍ സര്‍ സ്റ്റാഫോര്‍ഡ് ക്രിപ്‌സിന്റെ ദൗത്യം മുതല്‍തന്നെ ഈ സൂചന ഗാന്ധിക്ക് കിട്ടിയതാണ്. സ്വാതന്ത്ര്യം നല്‍കുന്നതിനുള്ള നിബന്ധനകളില്‍മാത്രമായിരുന്നു തര്‍ക്കം.

അവയില്‍ വിഭജിക്കണമെന്ന ആവശ്യം ഇന്ത്യക്കാരില്‍നിന്നുയര്‍ന്നുവന്നതാണ്. സ്വാതന്ത്ര്യം നല്‍കുന്നതിനെക്കുറിച്ചുള്ള അന്തിമചര്‍ച്ചയില്‍ ബ്രിട്ടീഷുകാര്‍ അതിലൂന്നിയെന്നുമാത്രം. ഇവിടെയും പുതിയ നിര്‍ദേശങ്ങളൊന്നും ഗാന്ധിയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.

എന്നാല്‍, വിഭജനം നടന്നത് സമവായത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. സ്വാതന്ത്ര്യത്തിനുമുമ്പുതന്നെ വളര്‍ന്നുവന്ന, ബോധപൂര്‍വം വളര്‍ത്തിക്കൊണ്ടുവന്ന ഹിന്ദുമുസ്ലിം സ്പര്‍ധ വിഭജനത്തിനുശേഷം കരാളരൂപം കൈക്കൊണ്ടു. പാകിസ്ഥാനായി മാറിയ പ്രദേശങ്ങളില്‍നിന്ന് ഹിന്ദുക്കള്‍ ആട്ടിയോടിക്കപ്പെട്ടു. ഇന്ത്യയില്‍നിന്ന് ഹിന്ദുക്കള്‍ മുസ്ലിങ്ങളെയും ആട്ടിയോടിച്ചു.

വിട്ടുപോകാന്‍ വിസമ്മതിച്ചവരെ കൊന്നൊടുക്കി. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ സര്‍ പെന്‍ഡറല്‍ മുണിന്റെ കണക്കില്‍ പാകിസ്ഥാന്‍ പ്രദേശത്ത് 60000 പേരും ബംഗാളില്‍ 1,20000 പേരും മരിച്ചു. ഗാന്ധി പ്രതീക്ഷിച്ച സാമൂഹ്യസമവായത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനം തകര്‍ന്നു.

അന്ന് കൂട്ടക്കൊലകള്‍ നടത്തിയ സംഘങ്ങള്‍ ഒരു കോടതിയിലും വിസ്തരിക്കപ്പെട്ടില്ല. ബ്രിട്ടീഷ് സര്‍ക്കാര്‍ ഉണ്ടാക്കിയ കോടതികള്‍ അവരെ ശ്രദ്ധിക്കേണ്ട കാര്യവുമില്ല. ഇന്നത്തെ ഭരണഘടന അന്നുണ്ടായിട്ടുമില്ല. പില്‍ക്കാലത്ത് വളര്‍ന്നുവന്ന തീവ്ര ഹിന്ദുതീവ്ര മുസ്ലിം സംഘങ്ങളുടെ ബീജം അന്നത്തെ കൊലയാളി സംഘങ്ങളിലുണ്ടായിരുന്നു.

ഇന്ത്യന്‍ ഭരണവര്‍ഗങ്ങളെ സംബന്ധിച്ചിടത്തോളം സമവായത്തിന്റെ സൃഷ്ടിയായിരുന്ന വിഭജനം ഇന്ത്യന്‍ ജനതയുടെ ഇടയില്‍ അതിതീവ്രമായ സ്പര്‍ധയുടെ വിത്തുപാകുകയായിരുന്നു.

എന്നും സമവായത്തിന്റെയും സമാധാനത്തിന്റെയും വക്താവായ ഗാന്ധി വിഭജനം സൃഷ്ടിച്ച സംഘര്‍ഷങ്ങളോട് പ്രതികരിച്ചു. ബംഗാളില്‍ സംഘര്‍ഷങ്ങളുടെ കേന്ദ്രമായിരുന്ന നവഖാലിയില്‍ ഗാന്ധി നടത്തിയ സത്യഗ്രഹം അദ്ദേഹം അതുവരെ നടത്തിയ സത്യഗ്രഹങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു.

അതുവരെ നടത്തിയ സത്യഗ്രഹങ്ങള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനോടും അധീശശക്തികളോടുമുള്ള വിലപേശലായിരുന്നുവെങ്കില്‍ നവഖാലിയില്‍ നടന്നത് സമവായത്തിനും സമാധാനത്തിനും വേണ്ടിയുള്ള ശ്രമമായിരുന്നു.

സ്വതന്ത്ര ഇന്ത്യയില്‍ രൂപംകൊണ്ട മതവൈരുധ്യങ്ങളോടുള്ള ആദ്യത്തെ ഗൗരവമുള്ള പ്രതികരണമായി നവഖാലി സത്യഗ്രഹത്തെ കണക്കാക്കാം.

നവഖാലിക്കുശേഷം ഡല്‍ഹിയിലെത്തിയ ഗാന്ധിയെ നേരിട്ടത് മറ്റൊരു പ്രശ്‌നമായിരുന്നു. വിഭജനംമൂലം പാകിസ്ഥാനിലായിപ്പോയ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളകുടിശ്ശിക കൊടുത്തുതീര്‍ക്കേണ്ട പ്രശ്‌നമായിരുന്നു അത്. പാകിസ്ഥാന്‍ രൂപംകൊള്ളുന്നതിനുമുമ്പ് അവര്‍ ഇന്ത്യാഗവണ്‍മെന്റ് ജീവനക്കാരായിരുന്നുവെന്നും അതുകൊണ്ട് അവരുടെ ശമ്പളം കൊടുത്തുതീര്‍ക്കേണ്ട ബാധ്യത ഇന്ത്യാഗവണ്‍മെന്റിനുണ്ടെന്നും ഗാന്ധി വാദിച്ചു.

പാകിസ്ഥാനുണ്ടാകുന്നതിനുമുമ്പുള്ള ബാധ്യതകള്‍ പാകിസ്ഥാനില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. ഇന്ത്യാഗവണ്‍മെന്റിനോടുള്ള സൗഹൃദമനോഭാവം പാകിസ്ഥാനില്‍ വളര്‍ത്തുന്നതിനും അത് സഹായിക്കും.

ഇവിടെയാണ് വളര്‍ന്നുവന്ന മതസ്പര്‍ധയുടെ ആഴം വ്യക്തമാകുന്നത്. പാകിസ്ഥാനിലേക്കുപോയവര്‍ ഇന്ത്യക്കാരല്ല. ഇന്ത്യക്കാര്‍ക്ക് അവരോട് ഒരു ബാധ്യതയുമില്ല.

അവരോട് സൗഹാര്‍ദപൂര്‍വമായ സമീപനം നിര്‍ദേശിച്ച ഗാന്ധി ഹിന്ദുത്വവാദികളുടെ കണ്ണില്‍ ദേശീയവിരുദ്ധനായി മാറുകയായിരുന്നു. അതുകൊണ്ട് ഗാന്ധിയുടെ ഉന്മൂലനം ഹിന്ദുത്വവാദികള്‍ക്ക് ആവശ്യവുമായി.

അവരുടെ ആവശ്യം മതസ്പര്‍ധ നിലനിര്‍ത്തുകയായിരുന്നു. ഹിന്ദുരാഷ്ട്രസങ്കല്‍പ്പത്തിന്റെ നിലനില്‍പ്പിന് പാകിസ്ഥാനോടും പൊതുവില്‍ മുസ്ലിങ്ങളോടുമുള്ള ശത്രുത ആവശ്യവുമായിരുന്നു. ഗാന്ധിയുടെ സമവായ സമീപനം അവരുടെ വെറുപ്പിന് പാത്രമായതില്‍ അത്ഭുതപ്പെടാനില്ല.

പാകിസ്ഥാനിലും ഇന്ത്യയിലും ഗാന്ധിക്ക് ഒരുപോലെയുണ്ടായിരുന്ന സ്വാധീനം സ്വന്തം വിഭാഗീയതാല്‍പ്പര്യങ്ങള്‍ക്ക് എതിരായി അവര്‍ കണ്ടു. ഗോഡ്‌സെ വഴിയായുള്ള ഗാന്ധിയുടെ ഉന്മൂലനത്തിലൂടെ ഒരു ശല്യക്കാരനെ അവര്‍ ഇല്ലാതാക്കുകയായിരുന്നു. ഗാന്ധിയുടെ വധം തുടങ്ങിവച്ച വ്യവഹാരമാണ് ഇന്നും തുടരുന്നത്.

മതസമുദായങ്ങള്‍ തമ്മിലുള്ള സമവായത്തിനും സമാധാനപരമായ സഹവര്‍ത്തിത്വത്തിനുമുള്ള എല്ലാ ശ്രമങ്ങളെയും തകര്‍ക്കുക, അസഹിഷ്ണുതയുടേതായ അന്തരീക്ഷം സൃഷ്ടിച്ച് ശത്രുമതസമുദായത്തില്‍ ഭീതിയുടെയും അരക്ഷിതത്വത്തിന്റെയുമായ മനോഭാവം വളര്‍ത്തിക്കൊണ്ടുവരിക, അതിനെതിരായി സംസാരിക്കുന്ന എല്ലാവരെയും ദേശീയവിരുദ്ധരായി ചിത്രീകരിക്കുക എന്നീ അടവുകളോരോന്നും 194748ല്‍ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളിലും ബംഗാളിലും പയറ്റപ്പെട്ടതാണ്.

സമവായത്തിന്റെ വക്താക്കളെ ദേശീയവിരുദ്ധരായി ചിത്രീകരിച്ച് അവരെ ഉന്മൂലനംചെയ്യുകയും എവിടെയെങ്കിലും ഇത്തരം കടന്നുകയറ്റങ്ങള്‍ ചോദ്യംചെയ്യപ്പെട്ടാല്‍ ഹിന്ദുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നുവെന്ന് മുറവിളികൂട്ടുകയും ചെയ്യുന്നതും ഇതേ അടവിന്റെ ഭാഗമാണ്. അതായത് ഇന്നത്തെ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയതന്ത്രങ്ങള്‍ ഗാന്ധിയുടെ വധത്തില്‍നിന്നുതന്നെ പ്രകടമാണ് എന്നര്‍ഥം.

മഹാത്മാഗാന്ധി ഒരു സെക്കുലര്‍ ജനാധിപത്യവാദിയായിരുന്നു. മതവും ജാതിയും വര്‍ഗങ്ങളുമടക്കമുള്ള വിരുദ്ധശക്തികള്‍ തമ്മിലുള്ള സമവായവും സഹിഷ്ണുതയുടെ അടിസ്ഥാനത്തിലുള്ള സഹവര്‍ത്തിത്വവും അദ്ദേഹത്തിന്റെ സെക്കുലര്‍ ജനാധിപത്യത്തിന്റെ ആധാരശിലകളായിരുന്നു.

സെക്കുലര്‍ ജനാധിപത്യസങ്കല്‍പ്പത്തെ എതിര്‍ക്കുന്ന ശക്തികള്‍ ഇന്ത്യയില്‍ രൂപപ്പെട്ടുകഴിഞ്ഞുവെന്നതിന്റെ സൂചനയായിരുന്നു ഗാന്ധിയുടെ വധം. എഴുപതുവര്‍ഷം കഴിയുമ്പോള്‍ ഗാന്ധി വിഭാവനംചെയ്ത സമവായത്തിന്റെയും സഹിഷ്ണുതയുടെയും അന്തരീക്ഷം പൂര്‍ണമായി ഇല്ലാതായിവരികയാണ്.

ഗാന്ധിയടക്കമുള്ള ദേശീയ സ്വാതന്ത്ര്യസമരപ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെല്ലാം ചോദ്യംചെയ്യപ്പെടുകയാണ്. ഇന്ത്യന്‍ ജനാധിപത്യം ഇന്ന് മതാന്ധതയുടെയും വിഭാഗീയതയുടെയും സങ്കുചിതവാദത്തിന്റെയും കൈയേറ്റത്തിന്റെ പിടിയിലാണ്.

ഭരണകൂടത്തിന്റെയും പൗരസമൂഹത്തിന്റെയുംമേല്‍ അത്തരം ശക്തികള്‍ പിടിമുറുക്കുകയാണ്. നവഖാലിയും ഗാന്ധിയുടെ വധവും ഇവരോടുള്ള ചെറുത്തുനില്‍പ്പിന്റെ സൂചകമായിക്കാണണം.

സമവായവും സഹവര്‍ത്തിത്വവുംതന്നെ വിഭാഗീയപ്രവണതകളോടുള്ള ചെറുത്തുനില്‍പ്പായി കാണാന്‍ അന്ന് ഗാന്ധിക്ക് കഴിഞ്ഞിരുന്നു. കലുഷിതമായ ഇന്നത്തെ അന്തരീക്ഷത്തില്‍, ഗാന്ധിക്ക് നല്‍കാനുള്ള സന്ദേശവും ചെറുത്തുനില്‍പ്പിന്റെ ഇത്തരം രൂപങ്ങളാണ്.

ഇത്തരം ചെറുത്തുനില്‍പ്പുകള്‍ക്ക് കൊടുക്കേണ്ടിവരുന്ന വിലയെന്താണെന്ന് ഗാന്ധിയുടെ വധം നമ്മെ ഓര്‍മിപ്പിക്കുന്നു. അതേ വിലയാണ് ധാബോല്‍ക്കറുടെയും പന്‍സാരെയുടെയും കലബുര്‍ഗിയുടെയും ഗൗരി ലങ്കേഷിന്റെയും കേരളത്തില്‍ മതാന്ധരുടെ വാളിനിരയായ നിരവധിപേരുടെയും വധങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്.

അതിനെതിരായ പോരാട്ടങ്ങള്‍ തുടരേണ്ടതിന്റെ അനിവാര്യത ഇവ നമ്മെ ഓര്‍മപ്പെടുത്തുന്നു. മതാന്ധത, ഏത് രൂപത്തിലാണെങ്കിലും ജനാധിപത്യത്തിനെതിരായ വെല്ലുവിളിയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News