എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് നേരിട്ട് പറയണം; സോഷ്യല്‍മീഡിയയിലൂടെയുള്ള വിമര്‍ശനങ്ങള്‍ കോടതിയലക്ഷ്യം; ജേക്കബ് തോമസിനെതിരെ വീണ്ടും ഹൈക്കോടതി

കൊച്ചി:പാറ്റൂര്‍ കേസില്‍ സത്യവാങ്മൂലം നല്‍കണമെന്ന കോടതി നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് ജേക്കബ് തോമസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെ പാറ്റൂരിലെ തര്‍ക്കഭൂമിയുടെ ഭൂപതിവ് രേഖ വ്യാജമാണെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എന്നാല്‍ കോടതി ഇതിന്‍റെ അസ്സല്‍ പരിശോധിക്കവെ രേഖ യഥാര്‍ത്ഥമാണെന്ന് കണ്ടെത്തി.ഇതെ തുടര്‍ന്ന് കോടതി ജേക്കബ് തോമസിനെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.

പ്രോസിക്യൂട്ടറുമായി ആലോചിച്ച ശേഷം റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ജേക്കബ് തോമസ് ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയില്ല.ഈ സാഹചര്യത്തിലാണ് കോടതി വിമര്‍ശിച്ചത്.

ഊഹാപോഹങ്ങളാണ് ജേക്കബ് തോമസ് വസ്തുതകളായി അവതരിപ്പിക്കുന്നതെന്ന് കോടതി പറഞ്ഞു.ജേക്കബ് തോമസിന്‍റെ റിപ്പോര്‍ട്ട് കണ്ടാല്‍ താനൊ‍ഴികെ മറ്റെല്ലാവരും അ‍ഴിമതിക്കാരാണെന്നു തോന്നുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഇതെ തുടര്‍ന്ന് പാറ്റൂര്‍കേസിനെക്കുറിച്ച് ജേക്കബ് തോമസ് ഫേസ് ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.സത്യത്തിന്‍റെ മുഖം സ്വീവേജ് പൈപ്പുപോലെ എന്നായിരുന്നു ജേക്കബ് തോമസിന്‍റെ പോസ്റ്റ്.ഇത് കോടതിയലക്ഷ്യമെന്ന് ഹൈകോടതി നിരീക്ഷിച്ചു.

എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയണമെന്നും ഹൈക്കോടതി വ്യക്തമാക്കി.എന്ത് ചേതോവികാരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസെടുത്തതെന്നും കോടതി വിമര്‍ശിച്ചു.

പാറ്റൂര്‍ ഭൂമിയിടപാട് സംബന്ധിച്ച് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ജേക്കബ് തോമസിനെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ചത്.ഹര്‍ജി വിധി പറയാന്‍ മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel