കൊച്ചിയിലും ആള്‍ക്കൂട്ടത്തിന്‍റെ കൊടും ക്രൂരത; വീട്ടമ്മയെ നടുറോഡിലിട്ട് നാട്ടുക്കൂട്ടം ക്രൂരമായി മര്‍ദ്ധിച്ചു; മകള്‍ക്കും പരിക്ക്; ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവി പുറത്തുവിടുന്നു; മനസാക്ഷി മരിക്കുന്നവരായി മലയാളിയും മാറുന്നുവോ

മനോദൗര്‍ബല്യമുളള വീട്ടമ്മയ്ക്ക് അയല്‍വാസികളായ സ്ത്രീകളുടെ ക്രൂരമര്‍ദ്ദനം. കൊച്ചി വൈപ്പിനിലാണ് നിരന്തരം ഉപദ്രവിക്കുന്നുവെന്നാരോപിച്ച് മാനസിക രോഗിയായ വീട്ടമ്മയെ അയല്‍വാസികള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. ആക്രമണ ദൃശ്യങ്ങള്‍ പുറത്തായതോടെ പൊലീസ് നാല് സ്ത്രീകള്‍ക്കെതിരേ കെസെടുത്തു.

നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് മാനസിക രോഗിയായ വീട്ടമ്മയോട് അയല്‍വാസികളായ സ്ത്രീകളുടെ കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. വൈപ്പിനിലെ പളളിപ്പുറത്താണ് സംഭവം. നിരന്തരം ഉപദ്രവിക്കുന്നുവെന്നാരോപിച്ച് സ്ത്രീകള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും മനോദൗര്‍ബല്യമുളള വീട്ടമ്മയെ മുറ്റത്തേക്ക് വലിച്ചി‍ഴച്ച ശേഷം അടിക്കുകയും ചവിട്ടുകയുമായിരുന്നു.

ഞായറാ‍ഴ്ച രാത്രിയും തിങ്ക‍ളാ‍ഴ്ച രാവിലെയും ആക്രമണമുണ്ടായി. ഇവരുടെ ശരീരത്ത് ചട്ടുകം പ‍ഴുപ്പിച്ച് വച്ചതായും ദൃക്സാക്ഷികള്‍ പറയുന്നു. നാട്ടുകാരില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.

മാനസിക രോഗിയായ സ്ത്രീയ്ക്കെതിരേ നിരന്തരം പരാതി ലഭിച്ചിരുന്നതായും എന്നാല്‍ മാനസിക രോഗിയാണെന്ന സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ ഇവരെ ആശുപത്രിയിലാക്കാന്‍ ക‍ഴിയുമായിരുന്നില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

സാരമായി പരിക്കേറ്റ യുവതിയെ മുനന്പം ആശുപത്രിയിലെത്തിച്ചെങ്കിലും ഇവര്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും പൊലീസ് പറയുന്നു. നാല് സ്ത്രീകള്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇവരുടെ 14 വയസ്സുകാരിയായ മകള്‍ക്കും അയല്‍വാസികളുടെ മര്‍ദ്ദനം ഏറ്റിരുന്നു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവത്തിനെതിരേ വന്‍ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഈ വീട്ടമ്മയെ കണ്ടെത്തി ഇവര്‍ക്ക് വേണ്ട ചികിത്സയും പുനരധിവാസവും ഉറപ്പാക്കുമെന്ന് കൊച്ചി മേയര്‍ സൗമിനി ജയിന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News