നടിയെ ആക്രമിച്ച കേസ്; തെളിവുകളുടെ ലിസ്റ്റ് പ്രതിഭാഗത്തിന് നല്‍കണമെന്ന് കോടതി

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണയിൽ ഉപയോഗിക്കുന്ന തെളിവുകളുടെ ലിസ്റ്റ് പ്രതിഭാഗത്തിന് നാളെ നൽകണമെന്ന് അങ്കമാലി മജിസ്ട്രേട്ട് കോടതി. ഉപയോഗിക്കാത്ത തെളിവുകൾ സംബന്ധിച്ച് സത്യവാങ്ങ്മൂലം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

എന്നാൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ നൽകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ പകര്‍പ്പാവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കവെയാണ് വിചാരണയിൽ ഉപയോഗിക്കുന്ന തെളിവുകളുടെ ലിസ്റ്റ് പ്രതിഭാഗത്തിന് നാളെ നൽകണമെന്ന് അങ്കമാലി മജിസ്ട്രേട്ട് കോടതി നിര്‍ദേശിച്ചത്.

254 തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതിൽ 95 തെളിവുകൾ പ്രതിഭാഗത്തിന് കൈമാറുകയും ചെയ്തു. എന്നാൽ വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഉപയോഗിക്കുന്ന എല്ലാ തെളിവുകളുടെയും പകർപ്പ് പ്രതികൾക്ക് നൽകേണ്ടതാണെന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.

സി.സി.ടി.വി ദൃശ്യങ്ങളും ഫോൺ കോൾ രേഖകളും അടക്കമുള്ള തെളിവുകൾ കൈമാറണം. കേസിലെ എല്ലാ പ്രതികൾക്കും ഇത് ബാധകമാണെന്നും കോടതി പറഞ്ഞു.

ഇത് സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂട്ടറുമായി ആലോചിച്ച് നാളെ വിശദീകരണം നൽകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു.

ഇതിനിടെ കേസിലെ പ്രതിയും നടി സഞ്ചരിച്ച വാഹനത്തിന്‍റെ ഡ്രൈവറുമായിരുന്ന മാർട്ടിൻ മൊഴി മാറ്റാനിടയാക്കിയ സാഹചര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ ഹർജി കോടതി തള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here