ബസ് നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നാളെ മുതല്‍ നടത്താനിരുന്ന സമരം മാറ്റിവച്ചു. സമരം പ്രഖ്യാപിച്ചിരിക്കുന്ന ബസുടമകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ബസുടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ചര്‍ച്ചയ്ക്കെത്തിയ പ്രതിനിധികള്‍ വ്യക്തമാക്കി. എന്നാല്‍ ആവശ്യങ്ങള്‍ സമയബന്ധിതമായി പരിഗണിച്ചില്ലെങ്കില്‍ സമരം നടത്തുമെന്നും അവര്‍ അറിയിച്ചു.

ഡീസലിന്റെ വില ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ്ജ് 10 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രനിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് ബസ്സുടമകളുടെ പ്രധാന ആവശ്യങ്ങള്‍.