ദേശീയ തലത്തില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രതിരോധം; സിപിഐഎം സംസ്ഥാന സമ്മേളന വേദിയില്‍ രക്തസാക്ഷി സ്മരണകള്‍ ഇരമ്പും

ദേശീയ തലത്തില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ത്ത് സിപിഐഎമ്മിന്‍റെ സംസ്ഥാന സമ്മേളന വേദിയില്‍ രക്തസാക്ഷി സ്മരണകള്‍ ഇരമ്പും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ രക്തസാക്ഷിത്വം വരിച്ച അഞ്ഞൂറ്റി എ‍ഴുപത്തിയേ‍ഴ് പാര്‍ട്ടി അംഗങ്ങളുടെ സ്മൃതികുടീരങ്ങളില്‍ നിന്നാണ് ദീപശിഖ ജാഥകള്‍ സമ്മേളന നഗരിയില്‍ എത്തുന്നത്.

ഏറ്റവും കൂടുതല്‍ അക്രമത്തിന് വിധേയരാകുന്നവരാണ് സി.പി.ഐഎം പ്രവര്‍ത്തകര്‍ എന്ന സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ചരിത്രത്തില്‍ ഇടം നേടുന്ന ദീപശിഖാ പ്രയാണം സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന സംസ്ഥാന സമ്മേളനത്തെ ദേശീയ തലത്തില്‍ നടക്കുന്ന കള്ള പ്രചരണങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ വേദിയാക്കി മാറ്റാനാണ് സിപിഐഎം നേതൃത്വത്തിന്‍റെ തീരുമാനം.

ഇതിന്‍റെ ഭാഗമായാണ് സമ്മേളന നഗരിയില്‍ ജ്വലിപ്പിക്കാനുള്ള ദീപശിഖകള്‍ ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത എല്ലാ രക്തസാക്ഷി മണ്ഡലങ്ങളില്‍ നിന്നും എത്തിക്കുന്നത്. 577 കേന്ദ്രങ്ങളില്‍ നിന്ന് ദീപശിഖകൾ എത്തുന്നത്. ഇരുപത്തിയൊന്നിന് വൈകിട്ട് ദീപശിഖകൾ തൃശൂരിലെത്തും. ഏറ്റവും കൂടുതല്‍ അക്രമത്തിന് വിധേയരാകുന്നവരാണ് സി.പി.ഐഎം പ്രവര്‍ത്തകര്‍ എന്ന സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ദീപശിഖാ ജാഥയുടെ ലക്ഷ്യം.

പ്രസ്ഥാനത്തിനായി ജീവന്‍ ത്യജിച്ച 577 പേരുടെ ഫോട്ടോകൾ സമ്മേളന വേദിയിൽ ഒരുക്കും. ഫെബ്രുവരി പതിനഞ്ചിന് പാറശാലയിലെ നാരായണൻ നായരുടെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് ആദ്യ ദീപശിഖ പ്രയാണം തുടങ്ങുക.

അന്‍പതിനായിരത്തിലധികം പേരുടെ കൈകളിലൂടെ കൈമാറിയാണ് ദീപശിഖകള്‍ തൃശൂരിലെത്തുക. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കയ്യൂരിൽ നിന്ന് ഫെബ്രുവരി17 ന് പുറപ്പെടും. കൊടിമരം വയലാറിൽ നിന്ന് 19 നാണ് പ്രയാണം ആരംഭിക്കുക. വാഹന ഗതാഗതം തടസപ്പെടുത്താതെയാണ് ജാഥകള്‍ നടക്കുക. സേലം രക്തസാക്ഷി ദിനമായ ഫെബ്രുവരി പതിനൊന്ന് സമ്മേളനത്തിന്‍റെ പതാക ദിനമായി ആചരിക്കും.

സംസ്ഥാനത്തെ മുപ്പത്തിയേ‍ഴായിരം ബ്രാഞ്ച് കമ്മറ്റികള്‍ ഈ ദിനത്തില്‍ പതാക ഉയര്‍ത്തും. സമ്മേളന ഗാനങ്ങളുടെ ഓഡിയോ സി.ഡി പ്രകാശനം കോടിയേരി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സമ്മേളനത്തിന്‍റെ ഭാഗമായി ഭ‍വന രഹിതര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ ഇരുപത് സെന്‍റ് ഭൂമി വിട്ടുനല്‍കാനുള്ള സമ്മത പത്രം ഒല്ലൂര്‍ ഏരിയാ കമ്മറ്റി അംഗം ജോസ് തെക്കേത്തലയില്‍ നിന്ന് കോടിയേരി ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News