മെഡിക്കല്‍കോഴ കേസ്; ജഡ്ജി നാരായണ്‍ ശുക്ല കുറ്റക്കാരന്‍

ഉന്നത നീതിപീഠത്തില്‍ കോളിളക്കത്തിന് വഴിവച്ച മെഡിക്കല്‍കോഴ കേസില്‍ ആരോപണവിധേയനായ അലഹബാദ് ഹൈക്കോടതി ജഡ്ജി നാരായണ്‍ ശുക്ലയെ ഔദ്യോഗികകൃത്യനിര്‍വഹണത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉത്തരവിട്ടു.

ജഡ്ജിക്കെതിരെ തുടര്‍ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശചെയ്ത് രാഷ്ട്രപതിക്ക് ചീഫ്ജസ്റ്റിസ് കത്തയച്ചു. മൂന്നംഗ ആഭ്യന്തര അന്വേഷണസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുപ്രീംകോടതിയുടെ ആഭ്യന്തര നടപടിക്രമം അനുസരിച്ച് കുറ്റക്കാരനായി കണ്ടെത്തിയ ജഡ്ജിയെ സ്ഥാനത്തുനിന്ന് നീക്കാനുള്ള അസാധാരണ നടപടിക്കാണ് ചീഫ് ജസ്റ്റിസ് തുടക്കംകുറിച്ചത്.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകള്‍ വഴിവിട്ട രീതിയില്‍ മറികടന്ന് ലഖ്നൗവിലെ പ്രസാദ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് മെഡിക്കല്‍ പ്രവേശനാനുമതി നല്‍കിയെന്നാണ് ജസ്റ്റിസ് നാരായണ്‍ ശുക്ലയ്ക്ക് എതിരായ കണ്ടെത്തല്‍. കോഴക്കേസില്‍ ചീഫ് ജസ്റ്റിസിനെതിരെയും പരോക്ഷമായ ആരോപണം ഉയര്‍ന്നിരുന്നു.
നീതിന്യായ സംവിധാനത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ക്ക് കളങ്കമുണ്ടാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ജസ്റ്റിസ് നാരായണ്‍ ശുക്ലയുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് സമിതിയുടെ നിഗമനം. ഒരു ജഡ്ജിയില്‍നിന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്ന പ്രവൃത്തിയല്ല ജസ്റ്റിസ് നാരായണ്‍ ശുക്ലയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഔദ്യോഗികപദവിയുടെ അന്തസ്സും വിശ്വാസ്യതയും അദ്ദേഹം കളഞ്ഞുകുളിച്ചു.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് കെ അഗ്‌നിഹോത്രി, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി കെ ജെയ്സ്വാള്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

ആരോപണവിധേയനായ ജഡ്ജി കുറ്റക്കാരനാണെന്ന് ആഭ്യന്തരസമിതി കണ്ടെത്തിയാല്‍ അദ്ദേഹത്തോട് രാജിവയ്ക്കാനോ സ്വയംവിരമിക്കാനോ നിര്‍ദേശിക്കണമെന്നാണ് ആഭ്യന്തര നടപടിക്രമം (ഇന്‍ഹൗസ് പ്രൊസീജ്യര്‍). ഈ നിര്‍ദേശം ജസ്റ്റിസ് നാരായണ്‍ ശുക്ല തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹത്തെ കൃത്യനിര്‍വഹണത്തില്‍നിന്ന് മാറ്റാന്‍ തീരുമാനിച്ചത്.

നാരായണ്‍ ശുക്ല, ജഡ്ജിസ്ഥാനത്ത് തുടരാന്‍ അനര്‍ഹനാണെന്ന അന്വേഷണസമിതിയുടെ നിഗമനം രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും ചീഫ് ജസ്റ്റിസ് അറിയിക്കും. തുടര്‍ന്ന്, രാജ്യസഭാ അധ്യക്ഷന്‍ ജഡ്ജിക്കെതിരായ ആക്ഷേപങ്ങള്‍ അന്വേഷിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജഡ്ജിയെ സ്ഥാനത്തുനിന്ന് നീക്കാനുള്ള പ്രമേയം രാജ്യസഭയിലും ലോക്സഭയിലും അവതരിപ്പിക്കും.

മെഡിക്കല്‍കോഴ കേസില്‍ ചീഫ് ജസ്റ്റിനെതിരെ മുതിര്‍ന്ന അഭിഭാഷകര്‍ രംഗത്തുവന്നിരുന്നു. പ്രസാദ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ ചില ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസും വാദംകേട്ടിരുന്നു. ഈ സാഹചര്യത്തില്‍ മെഡിക്കല്‍കോഴ കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പയിന്‍ ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി റിഫോംസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ കേസുകള്‍ ഏതൊക്കെ ബെഞ്ചിന് വിടണമെന്ന കാര്യത്തില്‍ അന്തിമതീരുമാനം തന്റേതാണെന്ന് ചീഫ് ജസ്റ്റിസ് നിലപാടെടുത്തു. മുതിര്‍ന്ന ജഡ്ജിമാരുടെ പരസ്യപ്രതികരണം ഉള്‍െപ്പടെയുള്ള വിവാദങ്ങളിലേക്ക് വഴിയൊരുക്കിയത് ചീഫ് ജസ്റ്റിസിന്റെ ഈ നിലപാടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here