താജ് മഹലിന് ഒന്നും സംഭവിക്കില്ലെന്നോ? ബാബ്റി മസ്ജിദ് ഇന്നെവിടെ? ബാമിയൻ ബുദ്ധപ്രതികൾ? അശോകൻ ചരുവിലിന്റെ ലേഖനം

മുമ്പ് ഒരു തവണമാത്രമേ ഞാന്‍ താജ്മഹല്‍ സന്ദര്‍ശിച്ചിട്ടുള്ളൂ. അത് കുടുംബവുമൊത്തുള്ള ഒരു ഡല്‍ഹി യാത്രയ്ക്കിടെ. അന്ന് ആഗ്രഫോര്‍ട്ട് കണ്ട് താജില്‍ എത്തിയപ്പോള്‍ അവിടെ പൊരിഞ്ഞ മഴ.

നനഞ്ഞ് വശംകെട്ടെങ്കിലും കമനീയമായ ആ വെണ്ണക്കല്‍ ഗോപുരങ്ങള്‍ മഴയില്‍ കുളിക്കുന്നത് കാണാന്‍ കഴിഞ്ഞു. മഴയുടെ നേര്‍ത്ത പര്‍ദയില്‍ മുഖമൊളിക്കുന്ന ശില്‍പ്പലാവണ്യം. എവിടെനിന്നോ ഒരു ഗസല്‍ കേള്‍ക്കുന്നതായി തോന്നി: മുഖപടം നീക്കുക നീ, വിശ്വസൗന്ദര്യമേ!

ഇന്ത്യ മതിമറന്നഭിമാനിക്കുന്ന ഈ വാസ്തുശില്‍പ്പ മഹാകാവ്യത്തിനെതിരെ സംഘപരിവാര്‍ മുഴക്കുന്ന ഭീഷണിയില്‍ പ്രതിഷേധിക്കുന്ന ഒരു സമരയാത്രയുടെ ഭാഗമായിട്ടാണ് ഇത്തവണ ഇവിടെ എത്തിയത്. ഇക്കഴിഞ്ഞ ജനുവരി 18ന് കേരളത്തിലെ ഒരു സംഘം എഴുത്തുകാരും കലാകാരന്മാരും താജ്മഹല്‍ സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ ജനസംസ്‌കൃതിയുടെ പ്രവര്‍ത്തകരും ഒപ്പമുണ്ടായി.

ആശങ്കയും ദുഃഖവും കലര്‍ന്ന മനസ്സായിരുന്നു ഈ യാത്രയില്‍ എന്നെ നയിച്ചത്. ലോകം ഏഴ് മഹാത്ഭുതങ്ങളില്‍ ഒന്നായി കരുതുന്ന താജ്മഹലിനെ രക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തേണ്ടി വരുന്നതില്‍ കവിഞ്ഞ എന്ത് ഗതികേടാണ് ഒരു ഇന്ത്യന്‍ പൗരന് ഉണ്ടാകാനുള്ളത്. സംഘപരിവാര്‍ എന്ന ദുരന്തം എന്തിനെല്ലാമാണ് ഭീഷണിയായിരിക്കുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ ഭയംതോന്നുന്നു. ചരിത്രസ്മാരകങ്ങള്‍ക്ക്. സംസ്‌കാരത്തിനും സൗന്ദര്യത്തിനും. കലയ്ക്കും സംഗീതത്തിനും. സിനിമാശാലകള്‍ക്ക്.

ഇന്ത്യയുടെ ചേതോഹരമായ വൈവിധ്യങ്ങള്‍ക്ക്. മതേതരമായ സംവാദാത്മക ചിന്താപദ്ധതികള്‍ക്ക്. സ്വാതന്ത്ര്യ സമരം ഉയര്‍ത്തിക്കൊണ്ടുവന്ന ഫെഡറല്‍ ദേശീയതയ്ക്കും ഭരണഘടനയ്ക്കും. ഒരു രാഷ്ട്രമായി നിലനില്‍ക്കാനുള്ള ഇന്ത്യയുടെ എല്ലാ സാധ്യതകള്‍ക്കും എതിരായിട്ടാണ് രാഷ്ട്രീയ ഹിന്ദുത്വം കൊടുവാളെടുത്ത് നിലകൊള്ളുന്നത്. ‘താജ്മഹലിനെതിരെഭീഷണിയോ? അത് വിലപ്പോവുകയില്ല’ എന്ന് കരുതുന്നുണ്ട്.

ചരിത്രത്തെ പ്രണയമായി സംഗ്രഹിച്ച് വിവര്‍ത്തനംചെയ്ത ഈ മഹാത്ഭുതം എല്ലാത്തരം ഭീഷണികളെയും അതിജീവിച്ച് നിലകൊള്ളുമെന്ന് എന്റെ മനസ്സും പറയുന്നു. പക്ഷേ, ആശങ്കവിടാതെ പിന്തുടരുന്നു. 5

00 കൊല്ലം നിലനിന്ന ബാബ്‌റി മസ്ജിദ് ഇന്നെവിടെ? ബാമിയന്‍ ബുദ്ധപ്രതിമകള്‍? മനുഷ്യനെ വിഭജിക്കാനുദ്ദേശിച്ച് മതഭ്രാന്ത് തകര്‍ത്ത ചരിത്രസ്മാരകങ്ങളുടെ രക്തപങ്കിലമായ ഓര്‍മകള്‍ അലട്ടുന്നു. എവിടെയൊക്കെയോ ഇരുന്ന് ചില മനോരോഗികള്‍ നടത്തിവന്ന പുലമ്പലുകള്‍ വളര്‍ന്ന് ജനദ്രോഹികളുടെ രാഷ്ട്രീയ ദൗത്യമായതിന്റെ ദുരന്തങ്ങളാണ് ചരിത്രം ഓര്‍മിപ്പിക്കുന്നത്.

യാത്രയുടെ മുന്നൊരുക്കം എന്ന നിലയില്‍ തലേന്ന് ഡല്‍ഹിയിലെ വൈഎംസിഎ ഹാളില്‍ ഒത്തുകൂടിയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഈ ഉല്‍ക്കണ്ഠകള്‍ പങ്കുവച്ചു. സച്ചിദാനന്ദനും എം എ ബേബിയും സി പി നാരായണനും കൂടെ ഉണ്ടായിരുന്നു. ഡല്‍ഹി സ്മാരകങ്ങളുടെ സംരക്ഷകനായി കരുതുന്ന ചരിത്രകാരന്‍ സൊഹൈല്‍ ഹഷ്മിയുടെ പ്രഭാഷണം വിശിഷ്ടമായി.

മാലശ്രീ ഹഷ്മിയും സഹ്മത്തിലെ സഖാക്കളും കലാപരിപാടികള്‍ അവതരിപ്പിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ സച്ചിദാനന്ദന്‍ ചോദിച്ചു: ഇന്ത്യന്‍ ശില്‍പ്പകലയിലെയും സംഗീതത്തിലെയും മുസ്ലിം സാന്നിധ്യം ഒഴിവാക്കി ‘ശുദ്ധീകരണം’ നടത്താനാണോ സംഘപരിവാര്‍ ആഗ്രഹിക്കുന്നത്? അങ്ങനെയെങ്കില്‍ ബാക്കി എന്താണ് ഉണ്ടാവുക? എത്രകണ്ട് അപൂര്‍ണവും വികലവും ആയിത്തീരും നമ്മുടെ കല, സംഗീതം. ജീവിതംപോലും.

വര്‍ഗീയാസ്വസ്ഥ ദേശങ്ങളിലേക്ക് പിന്തുണയും പ്രതിഷേധവുമായി പുകസ നടത്തിയ മുന്‍ യാത്രകളെ ജനറല്‍ സെക്രട്ടറി വി എന്‍ മുരളി അനുസ്മരിച്ചു. വംശഹത്യ നടന്ന ഗുജറാത്തിലും ക്രിസ്തുമത വിശ്വാസികള്‍ വേട്ടയാടപ്പെട്ട ഒറീസയിലും ഐക്യദാര്‍ഢ്യവുമായി സംഘം എത്തി.

മുമ്പ് ബാബ്‌റി പള്ളി തകര്‍ത്ത കാലത്ത് അവിടെ നടന്ന സാംസ്‌കാരിക പ്രതിരോധത്തിലും പങ്കാളിയായിട്ടുണ്ട്. ഗുജറാത്ത് യാത്രയിലാണ് അന്നത്തെ പ്രസിഡന്റ് കടമ്മനിട്ട രാമകൃഷ്ണന്റെ പ്രസിദ്ധമായ ‘ക്യാ’ എന്ന കവിത പിറന്നത്. കടമ്മനിട്ടയുടെ ശബ്ദം ഒരു അലര്‍ച്ചപോലെ എന്റെ കാതില്‍ വന്ന് അലച്ചു:

‘നിങ്ങളില്‍ ചില പുല്ലുതീനികള്‍ പൂര്‍ണ ഗര്‍ഭിണിയുടെ വയറുകീറി കുഞ്ഞിനെ വെളിയിലെടുത്ത് ചുട്ടുതിന്നില്ലേ?’

ഫാസിസം എന്നാല്‍ മുസ്സോളനി മുന്നോട്ടുവച്ച ഒരു രാഷ്ട്രീയവ്യവസ്ഥയുടെ പേര് മാത്രമല്ല. ഇന്നത് ചരിത്രത്തിലും വര്‍ത്തമാനത്തിലും അഴിഞ്ഞാടുന്ന സാമൂഹ്യവിരുദ്ധതയുടെ പര്യായപദമാണ്. അത് ജീവദായകമായ പ്രണയത്തിന്റെയും സംഗീതത്തിന്റെയും പൂര്‍ണ നിരാസമാണ്. ഇഷ്ടപുസ്തകം വായിക്കുന്നവനും ഇഷ്ടസിനിമ കാണുന്നവനും ഇഷ്ടഭക്ഷണം കഴിക്കുന്നവനും എതിരെ മുഴങ്ങുന്ന വെടിയൊച്ചയാണ്.

പാകിസ്ഥാനിലെ സാത്ത് താഴ്വരയിലെ പട്ടണത്തെരുവില്‍ അതെങ്ങനെ വിരാജിച്ചു എന്ന് നോബല്‍ സമ്മാനിതയായ പെണ്‍കുട്ടി മലാല യൂസഫ് സായ് തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. വീടുകളില്‍നിന്ന് വയലിനും തബലയും റിക്കാര്‍ഡ് പ്ലെയറും കാസറ്റുകളും പിടിച്ചെടുത്ത് റോഡില്‍ കുന്നുകൂട്ടിയിട്ട് കത്തിച്ചാണ് അവിടെ താലിബാന്‍ വിജയം ആഘോഷിച്ചത്. പിന്നെ എകെ 47 തോക്കുമായി അവര്‍ റോന്തു ചുറ്റുകയാണ്. വീടുകളില്‍ സ്വയമറിയാതെ ആരെങ്കിലും ഒരു മൂളിപ്പാട്ട് പാടുന്നുണ്ടോ എന്നന്വേഷിച്ച്.

നൂറ്റാണ്ടുകള്‍ പിന്നിട്ട ഒരു ചരിത്രസ്മാരകം, ഒരു മുസ്ലിം ആരാധനാലയം ഇടിച്ച് തകര്‍ത്താണ് മഹത്തായ ഇന്ത്യന്‍ സംസ്‌കാരത്തെ സംഘപരിവാര്‍ അപമാനിച്ചത്. ബാമിയന്‍ ബുദ്ധപ്രതിമകള്‍ ബോംബുവച്ച് തകര്‍ത്ത് ആര്‍എസ്എസിന്റെ അഫ്ഗാന്‍ പ്രതിരൂപം താലിബാന്‍ സംസ്‌കാരത്തോടുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കി. ബ്രാഹ്മണ മതപൗരോഹിത്യത്തിന്റെ ക്രൂര വാഴ്ചക്കാലത്ത് ഇന്ത്യയിലും ധാരാളം ബുദ്ധവിഹാരങ്ങളും പ്രതിമകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. എത്രയെത്ര ഗ്രന്ഥപ്പുരകളും സര്‍വകലാശാലകള്‍പോലും ചുട്ടെരിക്കപ്പെട്ടു. ഇന്ത്യന്‍ സംസ്‌കാരത്തിന് അഹിംസയുടെ മുഖം നല്‍കി എന്നതായിരുന്നു ബുദ്ധന്‍ ചെയ്ത കുറ്റം.

ഇതേ കുറ്റത്തിന് പിന്നീട് അവര്‍ മഹാത്മജിയെ കൊന്നു.’കാലത്തിന്റെ കവിളിലെ ഏകാന്തമായ കണ്ണുനീര്‍ത്തുള്ളി’ എന്നാണ് മഹാകവി ടാഗോര്‍ താജിനെ വിശേഷിപ്പിച്ചത്. സംഘപരിവാറിന് താജ് അപമാനമാണത്രേ! വര്‍ഗീയലഹളകളുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് ആ ചോരയില്‍ സ്‌നാനംചെയ്ത് അധികാരമേറ്റവര്‍ക്ക് എന്ത് താജ്മഹല്‍? എന്ത് സൗന്ദര്യം? കല, സംസ്‌കാരം?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News