മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ അലിബാഗിലെ ഒഴിവുകാല വസതി ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. മഹാരാഷ്ട്രയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ അലിബാഗില്‍ 19,960 ചതുരശ്ര അടി സ്ഥലത്താണ് ഷാരൂഖ് ഫാം ഹൗസ് പണി കഴിപ്പിച്ചത് .
കാര്‍ഷികാവശ്യത്തിനായി വാങ്ങിയ കൃഷി ഭൂമിയിലാണ് അനധികൃതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പരാതിയില്‍ നടപടി കൈക്കൊണ്ടിരിക്കുന്നത്. ഏകദേശം 14.67 കോടി രൂപ മൂല്യം കാണിച്ചിരിക്കുന്ന സ്വപ്ന സൗധത്തിനു അതിന്റെ അഞ്ചിരട്ടിയെങ്കിലും വിലയുണ്ടാകുമെന്നാണ് ഇന്‍കം ടാക്‌സ് വകുപ്പ് കണക്കാക്കുന്നത്. ബിനാമി ഇടപാടുകള്‍ തടയുന്നതിനുള്ള നിയമമാണ് കിംഗ് ഖാന് വിനയായിരിക്കുന്നത്.
കൃഷി ഭൂമിയില്‍ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ല. ‘ദേജാവു ഫാംസ്’ എന്ന സ്ഥാപനത്തിന്റെ പേരില്‍ 2004-ലാണ് ഭൂമി വാങ്ങിയതായി രേഖകളില്‍ വ്യക്തമാണ്. ദേജാവുവിന്റെ ഓഹരി പിന്നീട് ഷാരൂഖും ഭാര്യ ഗൗരി ഖാനും സ്വന്തമാക്കുകയും ഒഴിവുകാല വസതി പണി കഴിപ്പിക്കുകയുമായിരുന്നു.
ആഡംബര സൗകര്യങ്ങളുള്ള ഫാം ഹൌസില്‍ ഹെലി പാഡും , വിശാലമായ നീന്തല്‍ക്കുളവും സ്വകാര്യ കടല്‍ത്തീരവുമെല്ലാം തീരദേശ സംരക്ഷണ നിയമം കാറ്റില്‍ പറത്തിയാണ് പണി കഴിപ്പിച്ചിരിക്കുന്നതെന്നാണ് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ജന്മദിനാഘോഷങ്ങള്‍ക്കും, ആഡംബര പാര്‍ട്ടികള്‍ക്കുമാണ് ഷാരൂഖ് ഖാനും ഗൗരിയും അലിബാഗിലെ ഫാം ഹൌസ് ഉപയോഗിച്ചിരുന്നത്.
ഷാരൂഖിന്റെ ഫാം ഹൌസ് ബിനാമി ഇടപാടിന്റെ പരിധിയില്‍വരും എന്നുകണ്ടാണ് ആദായനികുതിവകുപ്പിന്റെ നടപടി. ഈ വിനോദ കേന്ദ്ര പ്രദേശത്ത് തീരദേശ നിയമങ്ങള്‍ ലംഘിച്ച 87 സ്ഥലങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും റായ്ഗഡ് ജില്ലാ കളക്ടര്‍ ഡോ വിജയ് സൂര്യവംശി വ്യക്തമാക്കി. വകുപ്പ് സ്വമേധയാ നടത്തുന്ന കണ്ടുകെട്ടല്‍ നടപടിക്ക് 90 ദിവസത്തെ ഇളവുണ്ടാകും.
എതിര്‍കക്ഷിക്ക് അതിനുമുന്‍പ് കോടതികളില്‍നിന്ന് അനുകൂലവിധി സമ്പാദിക്കാം. ഇല്ലെങ്കില്‍ ആദായനികുതിനിയമപ്രകാരമുള്ള ശിക്ഷാനടപടി നേരിടേണ്ടിവരും. നടപടിയോട് ബോളിവുഡ് സൂപ്പര്‍താരം ഇത് വരെ പ്രതികരിച്ചിട്ടില്ല.
Get real time update about this post categories directly on your device, subscribe now.