ചരിത്രം കുറിക്കാന്‍ ദീപശിഖാ പ്രയാണം

തൃശൂര്‍: കേരളത്തിലെ 577 രക്തസാക്ഷി കുടീരങ്ങളില്‍നിന്ന് തൃശൂരിലെ സിപിഐ എം സംസ്ഥാന സമ്മേളന നഗരിയിെേലക്കത്തുന്ന ദീപശിഖാ പ്രയാണങ്ങള്‍ സംസ്ഥാന ചരിത്രത്തില്‍ അവിസ്മരണീയമാവുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 50,000 അത്ലറ്റുകള്‍ ദീപശിഖാ പ്രയാണത്തില്‍ അണിനിരക്കും. മൂന്ന് കിലോമീറ്റര്‍ ഇടവിട്ട് അത്ലറ്റുകള്‍ മാറും.

കേരളത്തില്‍ സിപിഐ എമ്മാണ് ആക്രമണം നടത്തുന്നതെന്ന് ദേശവ്യാപകമായി നടത്തുന്ന കുപ്രചരണങ്ങള്‍ക്കുള്ള മറുപടിയാവും ദീപശിഖാ പ്രയാണം. കൂടുതല്‍പേര്‍ രക്തസാക്ഷിത്വം വരിച്ച പാര്‍ടി സിപിഐ എമ്മാണ്. 21ന് വൈകിട്ട് തേക്കിന്‍കാട് മൈതാനത്താണ് പതാക-കൊടിമര- ദീപശിഖാ സംഗമം. കായിക താരങ്ങള്‍ ദീപശിഖാ റിലേകളില്‍ കണ്ണിയാകും.

ഫെബ്രു. 22 മുതല്‍ 25 വരെയാണ് സംസ്ഥാന സമ്മേളനം. സമ്മേളനത്തിന് സമാപനംകുറിച്ച് തൃശൂര്‍ ജില്ലയിലെ 25,000 ചുവപ്പ്വളണ്ടിയര്‍മാരുടെ മാര്‍ച്ച് സംഘടിപ്പിക്കും. 22, 23, 24 തീയതികളില്‍ സാംസ്‌കാരിക സമ്മേളനം, സെമിനാറുകള്‍ എന്നിവ നടത്തും.

കയ്യൂരില്‍ നിന്നുള്ള പതാക ജാഥ സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദനും വയലാറില്‍ നിന്നുള്ള കൊടിമര ജാഥ സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദനും നയിക്കും. കാസര്‍കോട് നിന്നുള്ള ദീപശിഖ ജാഥ ടി വി രാജേഷ് എംഎല്‍എയും പാറശാലയില്‍ നിന്നുള്ള ദീപശിഖ ജാഥ വി ശിവന്‍കുട്ടിയും നയിക്കും.

സേലം രക്തസാക്ഷിദിനമായ ഫെബ്രു. 11 പതാകദിനമായി ആചരിക്കും. സംസ്ഥാനത്തെ 37,000 ബ്രാഞ്ചില്‍ പതാക ഉയര്‍ത്തും. തൃശൂര്‍ ജില്ലയില്‍ എല്ലാ പാര്‍ടി അംഗങ്ങളും അതത് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും.

പാറശാലയില്‍ നിന്നുള്ള ദീപശിഖ പ്രയാണം 15ന് രാവിലെ ആരംഭിക്കും. 15, 16 തീയതികളില്‍ തിരുവനന്തപുരം ജില്ലയില്‍ പര്യടനം നടത്തും. 47 ദീപശിഖ ഇവിടെ ഒന്നിക്കും. ഇവ 17ന് കൊല്ലത്തേക്ക് കടക്കും. ഇവിടെ 26 ദീപശിഖ കൂടിചേര്‍ന്ന് ആലപ്പുഴയിലേക്ക്. 18,19 തീയതികളില്‍ പ്രയാണം ആലപ്പുഴയില്‍. ഇവിടെ 51 ദീപശിഖ കൂടി ചേരും. 20ന് എറണാകുളത്ത്. ഇതിനിടെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ദീപശിഖകളും ചേരും. ഇങ്ങനെ 192 ദീപശിഖ 21ന് തൃശൂര്‍ ജില്ലയിലേക്ക് എത്തും.

16ന് കാസര്‍കോട് പൈവെളികയില്‍ നിന്നാരംഭിക്കുന്ന ദീപശിഖ 16,17 തീയതികളില്‍ കാസര്‍കോട് ജില്ലയില്‍ പര്യടനം നടത്തും. 18ന് കണ്ണൂര്‍, 19ന് കോഴിക്കോട്, 20ന് മലപ്പുറം ജില്ലകളിലൂടെ കടന്ന് 21ന് രാവിലെ പാലക്കാട് അതിര്‍ത്തിയായ പുലാമന്തോള്‍ വഴി പകല്‍ 11ന് തൃശൂര്‍ ജില്ലാതിര്‍ത്തിയായ ചെറുതുരുത്തിയിലെത്തും.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാര്‍ക്കാട്, തൃത്താല ഏരിയകളിലെ ദീപശിഖകളും ചെറുതുരുത്തിയിലെത്തും. വയനാട്ടിലെ ദീപശിഖകളും ഇതോടൊപ്പംചേരും. ഇങ്ങനെ ഒന്നിക്കുന്ന 282 പ്രയാണങ്ങളാണ് 21 ന് ചെറുതുരുത്തിയില്‍ നിന്ന് തൃശൂര്‍ നഗരത്തിലേക്ക് നീങ്ങുക. കണ്ണൂരില്‍ നിന്ന് മാത്രം 166 പ്രയാണങ്ങള്‍ ഉണ്ടാകും.

പാലക്കാട് ജില്ലയിലെ മറ്റ് ഏരിയകളില്‍ നിന്നുള്ള 45 ദീപശിഖ തൃശൂര്‍ ജില്ലാതിര്‍ത്തിയായ വാണിയമ്പാറയില്‍ എത്തും. ചെറുതുരുത്തി, വാണിയമ്പാറ, പൊങ്ങം എന്നിവിടങ്ങളില്‍ നിന്നും സമ്മേളന നഗരിയിലേക്കു നീങ്ങുന്ന പ്രയാണങ്ങള്‍ക്കൊപ്പം തൃശൂരിലെ 58 പ്രയാണങ്ങളും ഒന്നിക്കും.

ഇങ്ങനെ 577 ദീപശിഖാ പ്രയാണമാണ് കൊടിമര-പതാക ജാഥകള്‍ക്കൊപ്പം തൃശൂരില്‍ സമാപിക്കുക. സ്വാഗതസംഘം ചെയര്‍മാന്‍ ബേബിജോണ്‍, ജനറല്‍ കണ്‍വീനര്‍ കെ രാധാകൃഷ്ണന്‍, മന്ത്രി എ സി മൊയ്തീന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News