എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടില്‍ ക്രമക്കേട് നടന്നതായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കുറ്റസമ്മത മൊഴി. വൈദിക സമിതി നിയോഗിച്ച അന്വേഷണ കമ്മീഷന് കര്‍ദ്ദിനാള്‍ എഴുതി നല്‍കിയ മൊഴിപ്പകര്‍പ്പും റിപ്പോര്‍ട്ടും പീപ്പിളിന് ലഭിച്ചു.
സഭാ നിയമങ്ങള്‍ ബഹുമാനിക്കാതെയാണ് കര്‍ദിനാള്‍ ഭൂമിയിടപാട് നടത്തിയതെന്ന് റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. വിവാദ ഭൂമിയിടപാടില്‍ വൈദിക സമിതി നിയോഗിച്ച ഫാ.ബെന്നി മാരാം പറമ്പില്‍ കണ്‍വീനറായ ആറംഗ അന്വേഷണ കമ്മീഷന്‍ എഴുതി തയ്യാറാക്കിയ ചോദ്യാവലിയിലാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കുറ്റസമ്മതം.
സഭാ നിയമങ്ങളോ നികുതി നിയമങ്ങളോ സിവില്‍ നിയമങ്ങളോ ലംഘിക്കാന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. എങ്കിലും ചില ക്രമക്കേടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ ഖേദിക്കുന്നതായും കര്‍ദ്ദിനാള്‍ സ്വന്തം കൈപ്പടിയില്‍ എഴുതി നല്‍കിയ മറുപടിയില്‍ പറയുന്നു. സ്ഥലമിടപാടുകാരനായ സാജു വര്‍ഗീസ് കുന്നേലിനെ പരിചയപ്പെടുത്തിയത് താനാണെന്നും കര്‍ദിനാള്‍ സമ്മതിക്കുന്നുമുണ്ട്. വൈദിക കമ്മീഷന്‍ റിപ്പോര്‍ട്ടിലും കര്‍ദിനാള്‍ ഭൂമിയിടപാടില്‍ സഭാ നിയമങ്ങള്‍ ബഹുമാനിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തുന്നു.
കാനോനിക സമിതികളോട് ആലോചിക്കാതെ കര്‍ദിനാള്‍ നേരിട്ട് ഇടപെട്ടു. പണം പൂര്‍ണമായും ലഭിക്കാതെയാണ് കര്‍ദ്ദിനാള്‍ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് കൊടുത്തത്. ദേവികുളത്തും കോട്ടപ്പടിയിലും നടന്ന ഭൂമിയിടപാട് സഹായ മെത്രാന്മാര്‍ പോലും അറിഞ്ഞില്ല. സഭാ നിയമങ്ങള്‍ നിരവധി തവണ കര്‍ദ്ദിനാള്‍ തെറ്റിച്ചതായും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ റിപ്പോര്‍ടാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന വൈദിക സമിതി യോഗത്തില്‍ കര്‍ദ്ദിനാള്‍ തള്ളിയത്. തുടര്‍ന്ന് വീണ്ടും റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടത്താന്‍ യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.
Get real time update about this post categories directly on your device, subscribe now.