ദക്ഷിണാഫ്രിക്കയില്‍ കണക്ക് തീര്‍ക്കാനും ചരിത്രം കുറിക്കാനും ടീം ഇന്ത്യ ഇറങ്ങുന്നു; ഏകദിന പരമ്പരയ്ക്ക് മുമ്പെ ആതിഥേയര്‍ക്ക് വമ്പന്‍ തിരിച്ചടി

ഇന്ത്യ ദക്ഷിണാഫ്രിക്ക ആറുമത്സര ഏകദിന പരമ്പരയ്ക്ക് നാളെ ഡർബനില്‍ തുടക്കം. ദക്ഷിണാഫ്രിക്കയാണ് റാങ്കിങ്പട്ടികയിൽ ഒന്നാമത്. ഇന്ത്യ രണ്ടാമതും. പരമ്പര 4‐2ന് നേടിയാൽ ഇന്ത്യ ഒന്നാമതെത്തും.

സമനിലയായാൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം റാങ്ക് നിലനിർത്താം. ഏകദിന പരമ്പരയ്ക്കുശേഷം മൂന്ന് ട്വന്റി‐20യും ഇരുടീമും കളിക്കും.

ടെസ്റ്റിലെന്നപോലെ ദക്ഷിണാഫ്രിക്കയിൽ ഇതുവരെ ഏകദിന പരമ്പര സ്വന്തമാക്കാൻ ഇന്ത്യക്ക് ഏകദിനത്തിലും കഴിഞ്ഞിട്ടില്ല. നാല് പരമ്പര കളിച്ചു. നാലും തോറ്റു. ആകെ 20 മത്സരങ്ങളിൽ കളിച്ചു. 14ലും ഇന്ത്യ തോറ്റു. നാലെണ്ണത്തിൽ ജയിച്ചു.

പേസർമാരുടെ അരങ്ങായ ടെസ്റ്റ്പരമ്പര 2‐1നാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. എന്നാൽ ദുഷ്കരമായ വാണ്ടറേഴ്സ് പിച്ചിലെ ജയം ഇന്ത്യക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. അവസാന ടെസ്റ്റിൽ ത്രസിപ്പിക്കുന്ന ജയമായിരുന്നു ഇന്ത്യയുടേത്.

ഏകദിനത്തിൽ തുല്യശക്തികളാണ് ഇന്ത്യയും ദക്ഷിണാ്രഫിക്കയും. അവസാന അഞ്ച് ഏകദിന പരമ്പരകളിൽ ഒരെണ്ണത്തിൽ മാത്രമേ ദക്ഷിണാഫ്രിക്ക തോറ്റിട്ടുള്ളൂ. ഇതിൽ ന്യൂസിലൻഡിൽ നേടിയ പരമ്പരനേട്ടമാണ് ശ്രദ്ധേയം.

ബാറ്റിങ്ങിലും ബൗളിങ്ങിലും മികവുകാട്ടാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു. ഇന്ത്യ അവസാനം കളിച്ച അഞ്ച് ഏകദിന പരമ്പരകൾ സ്വന്തമാക്കി. ഒന്നൊഴികെ മറ്റെല്ലാം സ്വന്തം മണ്ണിൽവച്ചായിരുന്നു. വിദേശമണ്ണിലെ ജയം വെസ്റ്റിൻഡീസിനെതിരെയാണ്.

ഏകദിന റാങ്കിങ്പട്ടികയിലെ ഒന്നാംസ്ഥാനക്കാരൻ വിരാട് കോഹ്ലിയാണ് ബാറ്റിങ്നിരയിൽ ഇന്ത്യയുടെ നെടുന്തൂൺ. കഴിഞ്ഞവർഷം 26 മത്സരങ്ങളിൽനിന്ന് 1460 റണ്ണാണ് ഇന്ത്യൻ ക്യാപ്റ്റൻ അടിച്ചുകൂട്ടിയത്. ആറ് സെഞ്ചുറികളും ഏഴ് അരസെഞ്ചുറികളും സ്വന്തമാക്കി.

മികച്ച ഫോമിലാണ് കോഹ്ലി. ടെസ്റ്റ്പരമ്പരയിൽ ആകെ പിറന്ന സെഞ്ചുറി കോഹ്ലിയുടെ ബാറ്റിൽനിന്നായിരുന്നു. പരമ്പരയിലെ ടോപ് സ്കോററുമായി. ക്യാപ്റ്റനെ കൂടാതെ രോഹിത് ശർമ, ശിഖർ ധവാൻ, മഹേന്ദ്ര സിങ് ധോണി, ഹാർദിക് പാണ്ഡ്യ, കേദാർ ജാദവ് എന്നിവരാണ് ബാറ്റിങ്ങിലെ മറ്റ് ശ്രദ്ധേയ താരങ്ങൾ.

പേസർമാർക്ക് മേൽക്കോയ്മയുള്ള ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ എന്നിവരുടെ പ്രകടനങ്ങൾ നിർണായകമാകും. കഴിഞ്ഞവർഷത്തെ ഇന്ത്യയുടെ ഏകദിന വിജയങ്ങളിൽ ഇരുവരും നിർണായക പങ്കാളികളായി.

മുഹമ്മദ് ഷമിയും ശർദുൾ താക്കൂറും പേസ്നിരയിലുണ്ട്. സ്പിൻ വിഭാഗത്തിൽ യുശ്വേന്ദ്ര ചഹലും കുൽദീപ് യാദവും അക്സർ പട്ടേലുമാണ് സമീപകാലത്ത് ഇന്ത്യയുടെ പ്രധാന ബൗളർമാർ. അടുത്തവർഷത്തെ ലോകകപ്പിനുള്ള ഒരുക്കംകൂടിയാണ് ഇന്ത്യക്ക് ഈ പരമ്പര.

കോഹ്ലി കഴിഞ്ഞാൽ ഏകദിനത്തിൽ സമീപകാലത്ത് ഏറ്റവും മികവുകാട്ടുന്ന ബാറ്റ്സ്മാൻ എ ബി ഡി വില്ലിയേഴ്സാണ്. ഈ വലംകൈയൻ ബാറ്റ്സ്മാനിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകൾ. ഒറ്റയ്ക്ക് ഒരു കളിയുടെ ഗതി മാറ്റാൻകഴിയും ഡി വില്ലിയേഴ്സിന്. ഇന്ത്യ ഏറെ ഭയക്കുന്നതും ഡി വില്ലിയേഴ്സിനെതന്നെ. എന്നാല്‍ പരിക്ക് കാരണം ഡിവില്ലേ‍ഴ്സ് ആദ്യ മുന്ന് ഏകദിനത്തില്‍ കളിക്കുന്നില്ല. ഇത് ആതിഥേയരെ സംബന്ധിച്ചടുത്തോളം വലിയ തിരിച്ചടിയാണ്.

ഇതിനുമുമ്പ് നടന്ന പരമ്പരയിൽ തുടർസെഞ്ചുറികൾ നേടി ഞെട്ടിച്ച ക്വിന്റൺ ഡി കോക്കും ഇക്കുറി വെല്ലുവിളി ഉയർത്തും. ഹാഷിം അംല, ഫാഫ് ഡു പ്ലെസിസ്, ഡേവിഡ് മില്ലർ ഇങ്ങിനെ നീളും അവരുടെ ബാറ്റിങ്നിര. ക്രിസ് മോറിസ്, കഗീസോ റബാദ, മോണി മോർകൽ എന്നീ പേസർമാർക്കൊപ്പം ഇമ്രാൻ താഹിർ, ടബ്രയ്സ് ഷംസി എന്നീ സ്പിന്നർമാരും ടീമിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News