സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല; ധനമന്ത്രി തോമസ് ഐസക്

സംസ്ഥാനത്ത് ഒരു സാമ്പത്തിക പ്രതിസന്ധിയും വികസന സ്തംഭനവും ഇല്ലെന്ന് ധനമന്ത്രി ഡോ.റ്റി.എന്‍.തോമസ് ഐസക്. സംസ്ഥാനത്ത് നിലവിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

അതേ സമയം സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കാന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സംസ്ഥാനത്ത്‌സാമ്പത്തിക പ്രതിസന്ധി ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നു, വികസന സ്തംഭനം ഉണ്ടായിരിക്കുന്നു, സാമൂഹികക്ഷേമ പദ്ധതികള്‍ അവതാളത്തിലേക്ക് പോയി ,ഫണ്ട് ലഭ്യമാകാത്തതുമൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ താറുമാറായി തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷത്ത് നിന്ന് വി.ഡി.സതീശനാണ് അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് നോട്ടീസ് നല്‍കിയത്.

സംസ്ഥാനത്തെ നിലവിലെ ധനസ്ഥിതി സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രമിറക്കാന്‍ തയ്യാറാകണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. അതേ സമയം സംസ്ഥാനത്ത് ഏതൊരു സാമ്പത്തിക പ്രതിസന്ധിയുമില്ലെന്ന് നോട്ടീസിന് മറുപടിയായി ധനമന്ത്രി ഡോ.റ്റി.എന്‍.തോമസ് ഐസക് നിയമസഭയില്‍ വ്യക്തമാക്കി. ഒരു വികസന സ്തംഭനവും സംസ്ഥാനത്ത് ഇപ്പോഴില്ല. പ്ലാന്‍ എക്‌സ്‌പെന്‍ഡീച്ചറിന്റെ 39% ഉം ചെലവഴിച്ചു.ചെലവ് കൂടി.

വരുമാന വര്‍ദ്ധനവ് 7.6% മാത്രമാണെന്നും ധനമന്ത്രി പറഞ്ഞു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്ലാന്‍ ഫണ്ടിന് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു് പുതിയ മാനദണ്ഡങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി തോമസ് ഐസക് സഭയെ അറിയിച്ചു.

ധനമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് അനുമതി നിഷേധിച്ചു.ധനമന്ത്രി യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവയ്ക്കുന്നു. ട്രഷറി നിയന്ത്രണം നിലനില്‍ക്കുന്നു. ക്ഷേമ പെന്‍ഷനുകളുടെ അപേക്ഷകള്‍ സ്വീകരിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങി പോവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here