ഇന്ത്യന്‍ ക്രിക്കറ്റിലെ അത്ഭുത ബാലന്‍; ഒരൊറ്റ ഇന്നിങ്ങ്സില്‍ അടിച്ചെടുത്തത് 1045 റണ്‍സ്; 67 സിക്സറും 149 ഫോറും മി‍ഴിവേകി

നവീമുംബൈയിലെ സ്കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരെയും അമ്പരപ്പിക്കുന്ന ഈ സ്കോര്‍ അടിച്ചെടുത്തത് പതിനാലുകാരനായ തനിഷ്‌ക് ഘവാട്ടെയാണ്.

രണ്ട് ദിവസം ക്രീസില്‍ നിന്ന് 515 പന്തുകള്‍ നേരിട്ട് തനിഷ്ക് സ്വന്തം പേരില്‍ എ‍ഴുതിച്ചേര്‍ത്തത് 1045 റണ്‍സ്. അതില്‍ 67 സിക്സറുകളും 149 ബൗണ്ടറികളും.

സ്കൂള്‍ ക്രിക്കറ്റിലെ ഈ അപൂര്‍വതയ്ക്ക് മുംബൈ വേദിയാകുന്നത് ഇത് രണ്ടാം തവണയാണ്. 2016 ജനുവരിയില്‍ 323 പന്തില്‍ നിന്ന് 1009 റണ്‍സ് അടിച്ച് മുംബൈയുടെ പ്രണവ് ധന്‍വാഡെ ചരിത്രമെഴുതിയിരുന്നു.

പക്ഷേ ആരാധകരുടെയും ക്രിക്കറ്റ് ലോകത്തിന്‍റെയും അമിത പ്രതീക്ഷ താങ്ങാനാവാതെ വന്ന ധന്‍വാദെ ക്രിക്കറ്റ് താല്‍ക്കാലികമായി ഉപേക്ഷിച്ചത് സമീപകാല ചരിത്രം.

അണ്ടര്‍-14 നവി മുംബൈ ഷീല്‍ഡ് ഇന്‍വിറ്റേഷണല്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ സെമിഫൈനലിലാണ് തനിഷ്ക്, പ്രവീണ്‍ ധന്‍വാദെയുടെ റെക്കോഡ് പ‍ഴങ്കഥയാക്കിയത്. പ്രവീണിന് മുമ്പ് ആര്‍തര്‍ കൊളിന്‍സിന്‍റെ പേരിലായിരുന്നു സ്കൂള്‍ ക്രിക്കറ്റിലെ റെക്കോഡ്. 628 റണ്‍സ്.

താന്‍ പഠിക്കുന്ന യഷ്‌വന്ത്‌റാവു ചവാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെതിരെ യഷ്‌വന്ത് റാവു ചവാന്‍ ഇലവന്‍ ടീമിന് വേണ്ടി ഓപ്പണറായെത്തിയാണ് തനിഷ്ക് പുതുചരുത്രമെ‍ഴുതിയത്. തിങ്കളാഴ്ച്ച രാവിലെ ബാറ്റേന്തി ക്രീസിലെത്തിയ തനിഷ്കിന്‍റെ ഇന്നിങ്ങ്സ് അവസാനിച്ചത് ചൊവ്വാ‍ഴ്ച വൈകീട്ട്.

സമീപകാലത്ത് ഓപ്പണറായി ബാറ്റിങ്ങിനെത്തുന്ന തനിഷ്ക് ടൂര്‍ണമെന്‍റിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകാതെ 316 റണ്‍സും നേടിയിരുന്നു.

തനിഷ്കിന്‍റെ നിര്‍ഭാഗ്യമെന്ന് പറയട്ടെ നവി മുംബൈ ഷീല്‍ഡ് അണ്ടര്‍-14 ടൂര്‍ണമെന്‍റിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ അംഗീകാരമില്ലെന്ന നിലപാടാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷനുള്ളത്.

എന്നാല്‍ ഔദ്യോഗിക ക്രിക്കറ്റ് മത്സരങ്ങളുടെ ചിട്ടയനുസരിച്ചാണ് ടൂര്‍ണമെന്‍റ് നടത്തുന്നതെന്ന നിലപാടിലാണ് സംഘാടകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News