‘സംഘപരിവാറിന് ഊര്‍ജ്ജം പകരുന്നതാണ് ബല്‍റാമിന്റെ നിലവാരമില്ലാത്ത നിലപാടുകള്‍’; ഒരു മറുപടി

സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ മുസ്ലീം പ്രാതിനിധ്യം കുറവാണെന്ന ആക്ഷേപമുയര്‍ത്തിയ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിന് മറുപടിയുമായി ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. സംഘപരിവാര്‍ ഉത്തരേന്ത്യയില്‍ പ്രയോഗിക്കുന്ന വര്‍ഗീയ തന്ത്രങ്ങളുടെ കേരളാ വേര്‍ഷനാണ് ബല്‍റാം നടത്തുന്നതെന്നും റഫീഖ് പോസ്റ്റില്‍ പറയുന്നു.

റഫീഖ് പറയുന്നത് ഇങ്ങനെ:

മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ജനിച്ചു വളര്‍ന്നതിനാല്‍ സ്‌കൂള്‍ പഠനകാലത്ത് എം.എസ്.എഫ് എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ഞാന്‍ മനസ്സിലാക്കിയിരുന്നത്. പിന്നീട് പ്ലസ് ടൂ പഠന കാലത്താണ് പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ യുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനാകുന്നത്.

ജാതിമത ചിന്തകള്‍ക്ക് അതീതമായി വിശാലമായ മാനവിക കാഴ്ചപ്പാടുകളും ചിന്താശേഷിയും സര്‍ഗ്ഗാത്മകതയുടെ വിലങ്ങുകളില്ലാത്ത ആകാശവും സമ്മാനിച്ച എസ്.എഫ്.ഐ കാലഘട്ടം ജീവിതത്തില്‍ മതനിരപേക്ഷ പുരോഗമന കാഴ്ചപ്പാടുകള്‍ ദൃഢമാക്കി.

എസ്.എഫ്.ഐയുടെ ഏരിയ ഭാരവാഹി ആയിരിക്കെയാണ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായി മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ എത്തുന്നത്. കോളേജില്‍ ഉണ്ടായ ചില സംഘര്‍ഷങ്ങളുടെ ഭാഗമായി കാമ്പസിലെ ചില സഖാക്കള്‍ക്ക് എന്‍.ഡി.എഫ് ഭീഷണിയുണ്ടായി.

അവര്‍ വീട്ടില്‍ നിന്നും കുറച്ചു ദിവസം മാറി നില്‍ക്കാന്‍ തീരുമാനിച്ചു. പുല്‍പ്പളളിയിലുള്ള സുഹൃത്തിന്റെ വീട്ടിലേയ്ക്കാണ് അവര്‍ പോയത്. കൂടെ ചെല്ലാന്‍ എന്നേയും വിളിച്ചു. മുസ്ലിം നാമധാരിയായ എന്നെ എന്‍.ഡി.എഫുകാര്‍ ഒന്നും ചെയ്യില്ലെന്നായിരുന്നു എന്റെ വിശ്വാസം. ഞാന്‍ അവര്‍ക്കൊപ്പം പോകാതെ നേരെ വീട്ടിലേയ്ക്ക് മടങ്ങി.

അന്ന് രാത്രി ബാക്കിയുള്ള സഖാക്കളുടെ വീട്ടിലെല്ലാം തിരഞ്ഞ് ആരെയും കൈയില്‍ കിട്ടാത്തതിന്റെ ദേഷ്യത്തില്‍ എന്‍.ഡി.എഫുകാര്‍ എന്നെത്തേടി വീട്ടിലെത്തി. വീട്ടില്‍ നിന്ന് വിളിച്ചിറക്കി അവരെന്നെ ക്രൂരമായി മര്‍ദ്ദിച്ചു.

എതിരാളികളെ സംബന്ധിച്ച് മുസ്ലിം പേര്, സഖാവ് എന്ന പരിഗണനയില്‍ നിന്ന് എന്നെ മാറ്റിനിര്‍ത്താനുള്ള ഒരു ഘടകമേയല്ലെന്ന് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്ന ഒരു കൗമാരക്കാരനെ സംബന്ധിച്ച് വലിയ തിരിച്ചറിവായിരുന്നു.

കമ്യൂണിസ്റ്റുകാരന്‍ എല്ലാത്തരം സങ്കുചിത ജാതി മത പരിഗണകളുടെയും എതിര്‍ പക്ഷത്താണെന്ന് ഉത്തമ ബോധ്യത്തോടെ ഞാന്‍ തിരിച്ചറിഞ്ഞ ദിവസം. കമ്യൂണിസ്റ്റുകാരന്‍ എല്ലാത്തരം സങ്കുചിത ജാതി മത പരിഗണകളുടെയും എതിര്‍പക്ഷത്തായിരിക്കണമെന്ന് മനസ്സിനെ ഉറപ്പിച്ച് പഠിപ്പിച്ച ദിവസം.

പിന്നീട് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും കേന്ദ്ര കമ്മിറ്റിയംഗമായും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സംഘടനയും സഖാക്കളും എന്റെ പ്രവര്‍ത്തനങ്ങളെ മാത്രമാണ് പരിഗണിച്ചത്.

പിന്നീട് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയായും സി.പി.ഐ.എം വയനാട് ജില്ലാ കമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടപ്പോഴും എന്റെ പ്രവര്‍ത്തനങ്ങളെ മാത്രമാണ് സംഘടന പരിഗണിച്ചതെന്ന് എനിക്ക് തീര്‍ച്ചയാണ്.
സംഘടനയെ സംബന്ധിച്ച് റഫീഖ് എന്നത് സഖാക്കള്‍ക്ക് എന്നെ തിരിച്ചറിയാനുള്ള ഒരു പേര് മാത്രമാണെന്ന് എനിക്ക് ബോധ്യവുമുണ്ട്. മതത്തിന്റെ കോളത്തിലേയ്ക്ക് ചുരുക്കി ഞാനടക്കമുള്ളവരെ നാമത്തിന്റെ പേരില്‍ ഞങ്ങളുടെ വിശാലമായ മാനവിക ബോധത്തെക്കൂടി അപമാനിക്കാനാണ് വി.ടി.ബലറാം എന്ന ജന പ്രതിനിധി യുക്തിരഹിതമായ കാഴ്ചപ്പാടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

മാധ്യമങ്ങളിലെ ചര്‍ച്ചകളിലും പൊതുവേദിയിലും സംഘപരിവാറിന്റെ ഹിന്ദുത്വ ഫാസിസത്തിനെതിരെ ശക്തമായ വിമര്‍ശനവും നിലപാടും സ്വീകരിക്കുന്ന ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് സഖാവ് മുഹമ്മദ് റിയാസ്, സംസ്ഥാന പ്രസിഡന്റ് സഖാവ് എ.എന്‍ ഷംസീര്‍, കേന്ദ്ര കമ്മിറ്റിയംഗം സഖാവ് എ.എ.റഹിം തുടങ്ങിയ ഒരുപാട് സഖാക്കളെ വിശാലമായ മതനിരപേക്ഷ പൊതുബോധത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് കേവലം മതജാതീയ സ്വത്വങ്ങളിലേയ്ക്ക് ചുരുക്കി അവതരിപ്പിക്കാനുള്ള ഹിഡന്‍ അജണ്ട കൂടിയാണ് കുശാഗ്രബുദ്ധിക്കാരനായ വി.ടി.ബല്‍റാം ഇപ്പോള്‍ സെറ്റ് ചെയ്തിരിക്കുന്നത്.

ഇത് സംഘപരിവാര്‍ രാഷ്ട്രീയം ആഗ്രഹിക്കുന്ന നിലപാടാണ്. സംഘപരിവാറിന്റെ ഹിന്ദുത്വ ഫാസിസത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കളെ മതസ്വത്വങ്ങളിലേയ്ക്ക് ചുരുക്കി വായിക്കാന്‍ സംഘപരിവാറിന് ഊര്‍ജ്ജം പകരുന്നതാണ് വാര്‍ത്തയില്‍ നില്‍ക്കാനുള്ള ബല്‍റാമിന്റെ നിലവാരമില്ലാത്ത നിലപാടുകള്‍.

കേരളത്തിലെ യുവജന പ്രസ്ഥാനത്തിന്റെ അനശ്വര രക്തസാക്ഷികളായ സഖാവ് യു കെ സലിം, സഖാവ് ഷെരീഫ്, സഖാവ് റഫീഖ്, സഖാവ് അബ്ദുള്‍ സത്താര്‍ എന്നിവരെല്ലാം സഖാക്കളെന്ന നിലയില്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളുടെ പേരില്‍ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായവരാണ്.

ഏതെങ്കിലും മതത്തിന്റെ പ്രാതിനിത്യം അവരില്‍ ആരോപിച്ച് ചരിത്രബോധമില്ലാത്ത സൈബര്‍ വിപ്ലവകാരികള്‍ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചേക്കാം.

സംഘപരിവാര്‍ രാഷ്ട്രീയ മേല്‍ക്കോയ്മയ്ക്കായി ഉത്തരേന്ത്യയില്‍ തരാതരം പോലെ പ്രയോഗിച്ച വര്‍ഗ്ഗീയ തന്ത്രങ്ങളുടെ കേരള വേര്‍ഷനാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി വി.ടി.ബല്‍റാം എന്ന ഫെയ്‌സ്ബുക്ക് രാഷ്ട്രീയ നേതാവ് നടത്തുന്നത്. ഇതിനെ പുരോഗമന രാഷ്ട്രീയത്തിന്റെ ശക്തമായ മതനിരപേക്ഷതയുടെ പരിച ഉപയോഗിച്ചാണ് ചെറുക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here