നിയമം തോറ്റുപോകരുത്; കോഴജഡ്ജുമാർക്കെതിരെ കടുത്തനടപടി വേണം; എംവി ജയരാജന്‍

ജനങ്ങളുടെ അവസാന ആശ്രയമാണ് ജുഡീഷ്യറി. അതുകൊണ്ടുതന്നെ നീതിന്യായവ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം കാത്തുസംരക്ഷിക്കേണ്ടത് നീതിന്യായ വ്യവസ്ഥയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. ഇതിന്റെ പ്രധാന ഉത്തരവാദിത്തം ജഡ്ജിമാർക്കാണെന്നത് പറയേണ്ടതായിട്ടും ഇല്ല.

നീതിന്യായ രംഗത്തെ അരുതായ്മകളെക്കുറിച്ച് സുപ്രിം കോടതി ജസ്റ്റിസായിരുന്ന ശ്രീ.മാർക്കണ്ഡേയ കട്ജു മുമ്പ് കടുത്ത വിമർശനം ഉയർത്തിയതാണ്. ഇത് അടിവരയിടുന്നതാണ് മെഡിക്കല്‍ കോഴ കേസില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജായ നാരായണ്‍ ശുക്ലയെ ഔദ്യോഗിക സ്ഥാനത്തുനിന്ന് നീക്കിയ സുപ്രീം കോടതിയുടെ നടപടി.

സര്‍ക്കാര്‍, എം.സി.ഐ തീരുമാനങ്ങളെ മറികടന്ന് ലഖ്നൌവിലെ സ്വകാര്യ മെഡിക്കല്‍ കോളേജിന് കോഴയുടെ ബലത്തില്‍ പ്രവേശനാനുമതി നല്‍കിക്കൊണ്ട് വിധിന്യായം പുറപ്പെടുവിച്ചതിനാണ് ശിക്ഷ.

കണ്ണ് കെട്ടിക്കൊണ്ട് വാദം കേള്‍ക്കണമെന്നാണ് വെയ്പ്പ്. മുന്നില്‍ ആരായാലും ആളെ നോക്കാതെ, ഒരു സ്വാധീനങ്ങള്‍ക്കും വഴങ്ങാതെ കേസിലെ മെറിറ്റ് നോക്കി, സത്യസന്ധമായിരിക്കണം വിധിന്യായം എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

നിയമത്തിനുമുന്നില്‍ എല്ലാവരും തുല്യരാണെന്ന് ചുരുക്കം. കണ്ണുകെട്ടിയ നീതിദേവത മുന്നോട്ടുവെയ്ക്കുന്ന സന്ദേശവും ഇതുതന്നെ. എന്നാല്‍ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയും അന്തസ്സും പാതാളത്തോളം ചവുട്ടിത്താഴ്ത്തുന്ന കാര്യങ്ങളാണ് ഈ മേഖലയിൽ നിന്നുതന്നെ പുറത്തുവരുന്നത്.

നീതി ന്യായ വ്യവസ്ഥിതിയുടെ ഭാഗമായി നിന്ന് അന്യായവിധി പുറപ്പെടുവിക്കുന്നവർ ചെയ്യുന്നത് കടുത്ത കുറ്റമാണ്. അതുകൊണ്ടുതന്നെ കോഴ ജഡ്ജുമാര്‍ക്കെതിരെ കടുത്ത നടപടിതന്നെ കൈക്കൊള്ളണം.

മെഡിക്കല്‍ കോഴക്കേസില്‍ മാത്രമല്ല, ജുഡീഷ്യല്‍ രംഗത്ത് ഉയര്‍ന്നുവന്ന/വരുന്ന എല്ലാ അരുതായ്മകള്‍ക്കും എതിരെ ശക്തമായ നിലപാട് സ്വീകരിക്കുകതന്നെ വേണം. സമീപകാലത്തെ മറ്റൊരു സംഭവം ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ജഡ്ജുമാര്‍ തന്നെ പരാതിയുയര്‍ത്തിയതാണ്.

കേസ്കേട്ട ജഡ്ജിന്റെ മരണം സംബന്ധിച്ചും തുടര്‍ന്ന് വളരെപ്പെട്ടെന്ന് പ്രതിസ്ഥാനത്തുള്ളയാളെ കുറ്റവിമുക്തനാക്കി പുതിയ ജഡ്ജ് വിധിപ്രഖ്യാപിച്ചതുമെല്ലാമാണ് പൊതുസമൂഹത്തിന് മുന്നില്‍ ചർച്ചയായതും സംശയം ജനിപ്പിച്ചതും. ഇക്കാര്യത്തിലുൾപ്പടെ സമൂഹത്തിന് മുന്നിലെ സംശയം മാറ്റാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാകണം.

കോടതിയുടെ പ്രവർത്തനം സത്യസന്ധവും സുതാര്യവുമാണെന്ന് ഉറപ്പാക്കേണ്ടതും പൊതുജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News