സ്വകാര്യ ആശുപത്രികളികളും ലബോറട്ടറികളും നിയമത്തിന്റെ പരിധിയില്‍; ഇനി മുതല്‍ ചികില്‍സാ-പരിശോധനാ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണം; കേരള ക്ലീനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്ബില്ലിന് അംഗീകാരം

സ്വകാര്യ ആശുപത്രികളെയും ലബോറട്ടറികളെയും നിയന്ത്രിക്കാനുള്ള 2017 ലെ കേരള ക്ലീനിക്കല്‍ സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷനും നിയന്ത്രണവും ബില്‍ നിയമസഭ ഏകകണ്‌ഠേന പാസ്സാക്കി.

സ്വകാര്യ ആശുപത്രികളിലെയും ലബോറട്ടറികളിലെയും ചികില്‍സാ -പരിശോധനാ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണമെന്നതും സ്ഥാപനങ്ങള്‍ രജിസ്ട്രര്‍ ചെയ്യണമെന്നതും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ജൂണ്‍മാസത്തിനകം ബില്ലില്‍ ചട്ടം രൂപീകരിച്ച് ബില്‍ പ്രാബല്യത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

കേരളത്തിലെ ആരോഗ്യമേഖലയില്‍ ചരിത്രമെഴുതിയ ,2017 ലെ കേരള ക്ലീനിക്കല്‍ സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷനും നിയന്ത്രണവും ബില്‍ ആണ് നിയമസഭ ഏകകണ്‌ഠേന പാസ്സാക്കിയത്. സ്വകാര്യ ആശുപത്രികളെയും ലബോറട്ടറികളെയും നിയന്ത്രിക്കുകയും അതിനെ ജനോപകാര പ്രദമായ രീതിയില്‍ ഉടച്ചുവാര്‍ക്കുകയും ലക്ഷ്യമിടുന്നതാണ് ക്ലീനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്ബില്‍.

അലോപ്പതി,ആയുര്‍വ്വേദം,ഹോമിയോ തുടങ്ങിയ എല്ലാ ചികില്‍സാ സമ്പ്രദായങ്ങളിലും ഉള്‍പ്പെട്ട സ്ഥാപനങ്ങളും ഈ ബില്ലിന്റെ പരിധിയില്‍ വരും.ആശുപത്രി,ക്ലീനിക്ക്,നേഴ്‌സിംഗ് ഹോം,സാനിറ്റോറിയം ചികില്‍സ സംബന്ധമായ പരിശോധനകള്‍ നടക്കുന്ന ലബോറട്ടറികള്‍ എന്നിവയെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ലബോറട്ടറികളും ആശുപത്രികളും ബില്‍ പ്രാബല്യത്തിലായി രണ്ടുവര്‍ഷത്തിനകം ബില്ലനുസരിച്ച് രൂപം കൊള്ളുന്ന ക്ലീനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് സംസ്ഥാന കൗണ്‍സിലില്‍ രജിസ്ട്രര്‍ ചെയ്യണം.അല്ലാത്ത ഒരു സ്ഥാപനത്തിനും സംസ്ഥാനത്ത് പ്രവര്‍ത്തിക്കാനാവില്ല. നിയമപരമായ നിയന്ത്രണങ്ങളില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ക്ക് ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ നിയമപ്രകാരം മാത്രമെ പ്രവര്‍ത്തിക്കാനാകൂ.

ബില്‍പ്രകാരം ആശുപത്രികള്‍ ലാബുകള്‍ എന്നിവിടങ്ങളില്‍ അവിടത്തെ വിവിധ ചികില്‍സാ, സര്‍ജറി,ചികില്‍സാ പാക്കേജ്,പരിശോധനാ നിരക്കുകള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് കാണാവുന്ന തരത്തില്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കണം. അത്തരത്തില്‍ പരസ്യപ്പെടുത്തിയിരിക്കുന്ന നിരക്കുകള്‍ മാത്രമെ രോഗികളില്‍ നിന്ന് സ്ഥാപനങ്ങള്‍ക്ക് ഈടാക്കാനാകൂ.അല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ നിയമനടപടിയുണ്ടാകുമെന്നതും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

ആശുപത്രികള്‍ക്ക് അവരുടെ ചികില്‍സാ നിലവാരത്തിനനുസരിച്ചും ആശുപത്രിയിലെ സൗകര്യങ്ങള്‍ കണക്കിലെടുത്തും നിരക്കുകള്‍ നിശ്ചയിക്കാമെങ്കിലും അതിലും ആരോഗ്യവകുപ്പിന്റെ മോണിറ്ററിംഗ് ഉണ്ടാകും. രജിസ്ട്രഷന്‍ ഓരാ വര്‍ഷവും പുതുക്കേണ്ട രീതിയും ബില്ലില്‍ പ്രതിപാദിച്ചിട്ടുണ്ട്.സ്ഥാപനങ്ങളെ അവയുടെ പശ്ചാത്തല സൗകര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തരംതിരിക്കുക.

ജൂണ്‍മാസത്തിനകം ബില്ലില്‍ ചട്ടങ്ങള്‍ രൂപീകരിച്ച് പ്രാബല്യത്തിലാക്കും. ചുരുക്കത്തില്‍ രോഗികളില്‍ നിന്നും പലതരത്തില്‍ പണം ഈടാക്കി ഗുണനിലവാരമില്ലാത്ത ചികില്‍സ നല്‍കുന്ന സാഹചര്യം ഒഴിവാക്കാന്‍ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News