ഏകദിന പരമ്പര: ഇന്ത്യക്ക് 270 റണ്ണിന്റെ വിജയലക്ഷ്യം

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 270 റണ്ണിന്റെ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിന്റെ സെഞ്ചുറിയുടെ (112 പന്തില്‍ 120) കരുത്തില്‍ എട്ടിന് 269 റണ്ണെടുത്തു.

ഒരുഘട്ടത്തില്‍ റണ്ണെടുക്കാനാകാതെ കുഴങ്ങിയ ആതിഥേയര്‍ക്ക് ഡു പ്ലെസിസിന്റെ ബാറ്റിങ്മികവ് തുണയാകുകയായിരുന്നു. ഇന്ത്യക്കുവേണ്ടി സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ് മൂന്നും യുസ്വേന്ദ്ര ചഹാല്‍ രണ്ടും വിക്കറ്റെടുത്തു.

ടെസ്റ്റ് പരമ്പരയുടെ അവസാന മത്സരം ജയിച്ച് ആത്മവിശ്വാസം വീണ്ടെടുത്ത വിരാട് കോഹ്ലിക്കും സംഘത്തിനും ഏകദിനത്തില്‍ മികച്ച തുടക്കമാണ് ലഭിച്ചത്. ഡര്‍ബനിലെ റണ്ണൊഴുക്കിന് സാധ്യതയുണ്ടായിരുന്ന പിച്ചില്‍ ടോസ് നഷ്ടപ്പെട്ടെങ്കിലും ഇന്ത്യ പതറിയില്ല. ഹാഷിം അംലയെ (17 പന്തില്‍ 16) പുറത്താക്കി ജസ്പ്രിത് ബുമ്രയാണ് ആദ്യ അടി നല്‍കിയത്.

ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ അപകടകാരിയായ അംലയെ വിക്കറ്റിനുമുന്നില്‍ കുരുക്കുകയായിരുന്നു ബുമ്ര. 34 റണ്ണെടുത്ത് ഫോമിലേക്കുയര്‍ന്ന ക്വിന്റണ്‍ ഡി കോക്കിനെ (49 പന്തില്‍ 34) ചഹാലും വിക്കറ്റിനുമുന്നില്‍ കുരുക്കിയിട്ടു. റണ്ണെടുക്കാന്‍ വിഷമിച്ച എയ്ഡന്‍ മാര്‍ക്രത്തിനെ (21 പന്തില്‍ 9) തിരിച്ചയച്ച് ചഹാല്‍തന്നെ ഇന്ത്യക്ക് മേല്‍ക്കൈ നല്‍കുകയും ചെയ്തു. മിഡ്വിക്കറ്റില്‍ സുന്ദരമായൊരു ക്യാച്ചിലൂടെ ഹാര്‍ദിക് പാണ്ഡ്യയാണ് മാര്‍ക്രത്തിന് മടക്കടിക്കറ്റ് നല്‍കിയത്.

ജെ പി ഡുമിനിയെ (18 പന്തില്‍ 12) ഡേവിഡ് മില്ലറെയും (7 പന്തില്‍ 7) കുല്‍ദീപ് യാദവ് കൂടാരംകയറ്റുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്ക തകര്‍ച്ചയെ നേരിട്ടു. രണ്ടിന് 103 എന്ന നിലയില്‍നിന്ന് അഞ്ചിന് 134 എന്ന സ്‌കോറിലേക്ക് ആതിഥേയര്‍ വീണു.

എന്നാല്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ കൂട്ടുപിടിച്ച് ഡു പ്ലെസിസ് ദക്ഷിണാഫ്രിക്കയെ അപകടത്തില്‍നിന്ന് രക്ഷപ്പെടുത്തി.ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ 74 റണ്ണടിച്ചു. 43 പന്തില്‍ 37 റണ്ണുമായി മോറിസ് മടങ്ങിയെങ്കിലും ഡു പ്ലെസിസ് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. ആന്‍ഡിലെ പെഹ്ുലുക്വായോ (33 പന്തില്‍ 27*) ക്യാപ്റ്റന് കൂട്ടായി.

ബുമ്രയെറിഞ്ഞ 47ാം ഓവറില്‍ ഡു പ്ലെസിസ് സെഞ്ചുറി പൂര്‍ത്തിയാക്കി. ഏകദിനത്തിലെ ഒമ്പതാം സെഞ്ചുറിയായിരുന്നു ഇത്. അടുത്ത ഓവറില്‍ ഭുവനേശ്വര്‍ കുമാറിനെ സിക്‌സറിന് പറത്തി ഡു പ്ലെസിസ് ആഘോഷത്തിന് മാറ്റുകൂട്ടി. അടുത്ത ഓവറില്‍ ഓരോ ബൗണ്ടറിയും സിക്‌സറും അടക്കം 16 റണ്ണും പിറന്നു. എന്നാല്‍ അവസാന ഓവറിന്റെ രണ്ടാം പന്തില്‍ ക്യാപ്റ്റനെ ഭുവനേശ്വര്‍ മടക്കി.

രണ്ട് കൂറ്റന്‍ സിക്‌സറും 11 ബൗണ്ടറിയും ഡു പ്ലെസിസ് നേടി. അപ്പോഴേക്കും മാന്യമായൊരു ടോട്ടല്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ന്നിരുന്നു. 56 റണ്ണാണ് ഏഴാം വിക്കറ്റില്‍ പിറന്നത്. രണ്ടു പന്തിനുശേഷം റബാദ (1 പന്തില്‍ 1) റണ്ണൗട്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News