സ്ത്രീസൗഹൃദ ജനക്ഷേമ ബജറ്റുമായി പിണറായി സര്‍ക്കാര്‍; വനിതാ ക്ഷേമത്തിന് 1267 കോടി; സ്ത്രീ സുരക്ഷക്ക് 50 കോടി; തീരദേശ വികസനത്തിന് 2000 കോടി

തിരുവനന്തപുരം: വനിതാ ക്ഷേമത്തിന് ബജറ്റില്‍ 1267 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക്ക്. 13.6ശതമാനവും സ്ത്രീ സൗഹൃദ പദ്ധതികള്‍ക്കായാണ് മാറ്റിവച്ചിരിക്കുന്നത്.

സ്ത്രീ സുരക്ഷക്ക് മാത്രം 50 കോടി മാറ്റി വയ്ക്കും. അതിക്രമങ്ങളെ അതിജീവിക്കുന്ന സ്ത്രീകളുടെ ക്ഷേമത്തിനായി 3 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. വിവാഹ സഹായം 10,000 രൂപയില്‍ നിന്നും 40,000 രൂപയായി ഉയര്‍ത്തി.

അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം ഇരട്ടിയാക്കി. 2000 രൂപയായി ഉയര്‍ത്തി. കുടുംബശ്രീക്കുള്ള ധനസഹായം 200 കോടിയാക്കി. 201819 സംസ്ഥാനത്തു അയക്കൂട്ട വര്‍ഷമായി ആചരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

തീരദേശ വികസനത്തിന് 2000 കോടി

തിരുവനന്തപുരം: തീരദേശ വികസനത്തിന് 2000 കോടിയുടെ പാക്കേജും ബജറ്റില്‍ പ്രഖ്യാപിച്ചു. കടലിന്റെ 50 മീറ്റര്‍ അകലെ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ 150 കോടി രൂപയും അനുവദിച്ചു. മത്സ്യമേഖലക്ക് 600 കോടിയും തുറമുഖ വികസനത്തിന് 584 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്.

തീരദേശ സ്‌കൂളുകളുടെ നവീകരണത്തിന് പാക്കേജും, തീരദേശത്തെ വികസനപദ്ധതികള്‍ക്ക് ഡിപിആര്‍ തയ്യാറാക്കാന്‍ 10 കോടി രൂപയും വകയിരുത്തി. കിഫ്ബിയില്‍ നിന്ന് 900 കോടിയുടെ നിക്ഷേപവും ബജറ്റിലുണ്ട്.

ഓഖി ദുരന്തത്തില്‍ പുരുഷന്മാര്‍ മരിച്ച കുടുംബങ്ങളുടെ ചുമതല ഏറ്റെടുക്കുന്ന സ്ത്രീകളെ ധനമന്ത്രി പ്രകീര്‍ത്തിച്ചു.

ഓഖി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കൈക്കൊള്ളേണ്ട പ്രവര്‍ത്തനങ്ങളില്‍ മാതൃകയായെന്നും ദുരന്ത നിവാരണം രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടതായും തോമസ് ഐസക്ക് വിശദീകരിച്ചു.

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 970 കോടി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 970 കോടിയും സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 33 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു.

കമ്പ്യൂട്ടര്‍ ലാബുകള്‍ക്ക് 300 കോടി. അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ 35 കോടി. 500ല്‍ അധികം കുട്ടികളുള്ള സ്‌കൂളുകളുടെ നവീകരണത്തിന് ഒരു കോടി രൂപയും വകയിരുത്തി. സ്‌കൂളുകളുടെ ഡിജിറ്റലൈസേഷന്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 33 കോടി നല്‍കും. 1.4 ലക്ഷം അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ടിസി വാങ്ങി പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നത് നേട്ടമാണ്. എല്ലാ സ്‌കൂളുകള്‍ക്കും പഠനങ്ങള്‍ക്കും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും മാസ്റ്റര്‍ പ്ലാന്‍ നിര്‍മ്മിക്കും

45,000 ഹൈടെക് ക്ലാസ് മുറികളും ഐടി ലാബുകളും സ്ഥാപിക്കുകയാണ്. ഫെബ്രുവരി-മാസം അവസാനിക്കുന്നതിന് മുമ്പ് 20,000 ക്ലാസ്മുറികള്‍ സജ്ജമാക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തില്‍ ഉയര്‍ത്തും

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ സമഗ്ര പുരോഗതിക്കായുള്ള നിര്‍ദേശങ്ങളാണ് മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിലുള്ളത്.

സംസ്ഥാനത്തെ 80 ശതമാനം കാന്‍സര്‍ രോഗികള്‍ക്കും ചികിത്സയൊരുക്കാന്‍ പൊതുമേഖലയെ പ്രാപ്തമാക്കുന്ന പ്രഖ്യാപനങ്ങള്‍ അടങ്ങിയതാണ് ബജറ്റ്. എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജി വിഭാഗം ഏര്‍പ്പെടുത്തും.

മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും. കൊച്ചിയില്‍ പുതിയ കാന്‍സര്‍ സെന്റര്‍ ആരംഭിക്കും.

എല്ലാ താലൂക്ക് ആശുപത്രികളിലും ഹൃദയാരോഗ്യ ചികില്‍സാ വിഭാഗവും ട്രോമാകെയര്‍ സംവിധാനവും ഏര്‍പ്പെടുത്തും. 550 ഡോക്ടര്‍മാരുടേയും 1385 നഴ്‌സുമാരുടേയും 876 പാരാമെഡിക്കല്‍ സ്റ്റാഫിന്റേയും പോസ്റ്റുകള്‍ സൃഷ്ടിച്ചു.

പൊതു ആരോഗ്യസര്‍വീസിന് 1685 കോടിയും മാനസികാരോഗ്യത്തിന് 17 കോടിയും പ്രഖ്യാപിച്ചു. അടിയന്തര ചികില്‍സ ഏര്‍പ്പെടുത്താന്‍ ഊബര്‍ മാതൃകയില്‍ ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും. ഇതിനുള്ള പണം ലോട്ടറിയിലൂടെ കണ്ടെത്തും. എന്നാല്‍ ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ ആരോഗ്യ ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങള്‍ കേരളത്തിനു തിരിച്ചടിയായതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

കേരളത്തില്‍ ഇനിയാരും വിശന്നിരിക്കില്ല

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും സമ്പൂര്‍ണ സാമൂഹിക സുരക്ഷ ഉറപ്പാക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക്.

ആലപ്പുഴയിലെ വിശപ്പുരഹിത പദ്ധതി കേരളത്തില്‍ വ്യാപിപ്പിക്കുന്നതിനായി 20 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു. ഭക്ഷ്യസുരക്ഷാനിയമം കഴിഞ്ഞ സര്‍ക്കാര്‍ വേണ്ട മുന്നൊരുക്കങ്ങളോടെ നടപ്പാക്കിയില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

സാമൂഹികക്ഷേമ പെന്‍ഷനില്‍ അനര്‍ഹരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കും. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരെ കണ്ടെത്തി ഒഴിവാക്കും. ആദായനികുതി നല്‍കുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കില്ല. മാര്‍ച്ച് മാസത്തിനകം അനര്‍ഹര്‍ സ്വയം ഒഴിവാകണമെന്നും ധനമന്ത്രി പറഞ്ഞു.

തുടര്‍ന്ന് ഇത് പരിശോധിക്കാന്‍ സര്‍വേ നടത്തും. പെന്‍ഷനുളള നിബന്ധന പുതുക്കിയിട്ടുണ്ട്. രണ്ടേക്കര്‍ സ്ഥലം, 1200 ചതുരശ്ര അടി വീട്, 1000 സിസി കാറുളളവര്‍, ആദായനികുതി നല്‍കുന്നവര്‍ എന്നിവര്‍ പെന്‍ഷനില്‍നിന്ന് ഒഴിവാകും

സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ മികച്ചത്

പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ മികച്ചതെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിന്റേത് 7.4 ശതമാനമെങ്കില്‍ രാജ്യത്തിന്റേത് 7.1 ശതമാനം മാത്രമാണ്. ഭക്ഷ്യ സബ്‌സിഡിയായി 954 കോടിരൂപയും നീക്കിവെച്ചു

തെരഞ്ഞെടുക്കപ്പെട്ട റേഷന്‍ കടകള്‍ മാര്‍ജിന്‍ ഫ്രീയാക്കും. പട്ടിണി കിടക്കുന്ന ഒരാളും കേരളത്തില്‍ ഇല്ലെന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉറപ്പുവരുത്തും. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന് 31 കോടി രൂപ പ്രത്യേകം വകയിരുത്തും. ഇത് റേഷന്‍ കടകളുടെ നവീകരണത്തിനും ഇ-ഗവേണന്‍സിനും വേണ്ടിയാണ്.

പരീക്ഷണാടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത റേഷന്‍ കടകളെ മാര്‍ജിന്‍ ഫ്രീ പലചരക്കുകടകളാക്കുമെന്നും ബജറ്റ് വിശദീകരിച്ചു.

ഇനി അവര്‍ അതിഥി തൊഴിലാളികള്‍

തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികളെ സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി തോമസ് ഐസക്ക്.

ഇതരസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്തിനു നല്‍കുന്ന സംഭാവനകളെ സര്‍ക്കാര്‍ മാനിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കാണും. അവരുടെ ജീവിത നിലവാരമുയര്‍ത്താനും ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

എകെജി സ്മാരകത്തിന് 10 കോടി

തിരുവനന്തപുരം: സാംസ്‌കാരിക മേഖലയ്ക്ക് 144 കോടി രൂപ ബജറ്റില്‍ വകയിരുത്തിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്.

എകെജിക്ക് ജന്മഗ്രാമമായ പെരളശ്ശേരിയില്‍ സ്മാരകം നിര്‍മിക്കും. ഇതിനായി 10 കോടി വകയിരുത്തി. എകെജിയെക്കുറിച്ച് പത്‌നി സുശീല ഗോപാലന്‍ എഴുതിയ വരികള്‍ ഉദ്ധരിച്ചായിരുന്നു മന്ത്രി പ്രഖ്യാപനം നടത്തിയത്. എകെജിയുടെ സംഭാവനകളെ കുറിച്ച് പുതിയ തലമുറ അറിയണമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

ഒഎന്‍വി സ്മാരകത്തിന് 5 കോടിയും കേരളാ അറബ് സാംസ്‌കാരിക കേന്ദ്രത്തിന് 10 കോടിയും വകയിരുത്തി. പുന്നപ്ര വയലാര്‍ സ്മാരകത്തിനു 10 കോടിയും തലശേരി പൈതൃക പദ്ധതിക്ക് 40 കോടിയും വകയിരുത്തി.

മദ്യത്തിന് വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കൂടും. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് സെസ് ഒഴിവാക്കി വില്‍പന നികുതി കൂട്ടി.

400 രൂപ വരെയുള്ള മദ്യത്തിന് 200 ശതമാനമാണ് നികുതി. 400 രൂപയ്ക്ക് മുകളില്‍ 210 ശതമാനം നികുതി നല്‍കണമെന്ന് മന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക മാര്‍ച്ചിനുള്ളില്‍ കൊടുത്തു തീര്‍ക്കും

തിരുവനന്തപുരം: പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക മാര്‍ച്ചു മാസത്തിനകം കൊടുത്തു തീര്‍ക്കുമെന്നും മാര്‍ച്ചില്‍ പ്രത്യേക പാക്കേജ് അനുവദിക്കുമെന്നും മന്ത്രി തോമസ് ഐസക്.

പെന്‍ഷന് മാത്രം 720 കോടി രൂപ വേണം. പെന്‍ഷന്‍ ഏറ്റെടുത്താല്‍ മാത്രം തീരുന്നതല്ല കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിയെന്നും പെന്‍ഷന്‍ വിതരണം തടസപ്പെടാതിരിക്കാന്‍ ബാങ്കുകളുമായി സഹകരിച്ച കണ്‍സോഷ്യം രൂപീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

1000 പുതിയ ബസുകള്‍ ഉടന്‍ നിരത്തിലിറങ്ങും. കെഎസ്ആര്‍ടിസിയുടെ വരവ് ചെലവ് കണക്കിലെ വ്യത്യാസം 1000 കോടി രൂപയാണ്. ഇത് മറികടക്കാനും കെഎസ്ആര്‍ടിസിയെ പുനരുദ്ധീകരിക്കാനും 3,500 കോടിയുടെ വായ്പ ഉടന്‍ ലഭ്യമാക്കും.

അതുപയോഗിച്ചു ഹ്രസ്വകാല വായ്പകള്‍ അടച്ചു തീര്‍ക്കാനാകും. കൂടാതെ കെഎസ്ആര്‍ടിസിയെ മൂന്ന് ലാഭകരമായ കേന്ദ്രങ്ങളായി വിഭജിക്കും.

മാനേജ്‌മെന്റ് തലത്തില്‍ ഉടന്‍ അഴിച്ചുപണി നടത്തി പുനരുദ്ധീകരിച്ചു പെന്‍ഷനും ശമ്പളവും നല്‍കാന്‍ പ്രാപ്ത്തമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.


ജനപ്രിയം, ജനകീയം, സ്ത്രീ സൗഹൃദം: ബജറ്റ് പൂര്‍ണരൂപം ഒറ്റനോട്ടത്തില്‍:
ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News