മെഡിക്കല്‍കോഴ വിവാദം; ഒഡീഷ ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കെതിരെ ആഭ്യന്തരസമിതി അന്വേഷണം

ദില്ലി: മെഡിക്കല്‍കോഴ വിവാദത്തില്‍പ്പെട്ട അലഹബാദ് ഹൈക്കോടതി ജഡ്ജി നാരായണ ശുക്ലയെ ഇംപീച്ച് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചതിനു പിന്നാലെ ഒഡിഷ ഹൈക്കോടതിയിലെ രണ്ട് സിറ്റിങ് ജഡ്ജിമാര്‍ക്കെതിരെയും ആഭ്യന്തരസമിതി അന്വേഷണം പുനരാരംഭിക്കാന്‍ നീക്കം.

ജസ്റ്റിസ് ഇന്ദ്രജിത് മൊഹന്തി, ജസ്റ്റിസ് സംഘംകുമാര്‍ സാഹു എന്നിവര്‍ക്കെതിരായ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ്ജി എസ് ജെ വസീഫ്ദര്‍ അധ്യക്ഷനായ അന്വേഷണസമിതി വ്യാഴം, വെള്ളി ദിവസങ്ങളില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.

വിവരാവകാശ പ്രവര്‍ത്തകന്‍ ജയന്ത്കുമാര്‍ ദാസ്, ഡോ. ആദിത്യപ്രസാദ് മിശ്ര എന്നിവര്‍ സമര്‍പ്പിച്ച പരാതികള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ടി എസ് താക്കൂറാണ് സമിതിയെ ചുമതലപ്പെടുത്തിയത്.

ജസ്റ്റിസ് ഇന്ദ്രജിത് മൊഹന്തി ഹൈക്കോടതിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനു പിന്നാലെ ബാങ്കുകളില്‍നിന്ന് വായ്പകളെടുത്ത് ഹോട്ടല്‍വ്യവസായത്തില്‍ പങ്കാളിയായെന്നാണ് ആരോപണം. കട്ടക്കിലെ ട്രിപിള്‍ സി ഹോട്ടലിനുവേണ്ടി എസ്ബിഐയില്‍നിന്നുമാത്രം 2.5 കോടി വായ്പ സ്വീകരിച്ചതായും പരാതിയില്‍ പറയുന്നു.

2014 ജൂലൈയില്‍ ഹൈക്കോടതിയിലേക്ക് ഉയര്‍ത്തപ്പെട്ട ജസ്റ്റിസ് സംഘംകുമാര്‍ സാഹു അഡീഷണല്‍ ജഡ്ജി പദവിയിലിരിക്കെ പൊതുഫണ്ട് ദുര്‍വിനിയോഗം ചെയ്ത് ഔദ്യോഗികവസതി മോടിപിടിപ്പിച്ചെന്നാണ് ആക്ഷേപം. സുപ്രീംകോടതിയിലെ ഒരു മുതിര്‍ന്ന ജഡ്ജിക്കും വിഷയവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ആഭ്യന്തരസമിതി അന്വേഷണം വഴിമുട്ടി.

തുടര്‍ന്ന് എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് 2017 ജൂലൈയില്‍ അന്വേഷണസമിതി മുന്‍ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹറിന് കത്ത് നല്‍കി. മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്ന് അന്വേഷണം നിലച്ചു. എന്നാല്‍, 2017 ഒക്ടോബറില്‍ അന്വേഷണപുരോഗതി ആവശ്യപ്പെട്ട് ജയന്ത്കുമാര്‍ദാസ് വീണ്ടും കത്തയച്ചു. പുരിയിലെ മാധ്യമപ്രവര്‍ത്തകന്റെ ഭാര്യയെ അപകീര്‍ത്തിപ്പെടുത്തിയതിന് ജയന്ത്കുമാര്‍ദാസ് നിലവില്‍ ജയിലിലാണ്.

ജഡ്ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാനുള്ള എല്ലാതെളിവും തന്റെ പക്കലുണ്ടെന്നും ആഭ്യന്തരസമിതിമുമ്പാകെ ഹാജരാകാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഒഡിഷ ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരായ അന്വേഷണറിപ്പോര്‍ട്ടും ഉടന്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനയില്‍ വന്നേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News