തിരുവനന്തപുരം: ഇത് ആദ്യമായല്ല തോമസ് ഐസക്ക് ബജറ്റില്‍ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ പ്രധാന കാര്യങ്ങള്‍ ഉദ്ധരിക്കുന്നത്. എന്നാല്‍. ഇത്തവണ പ്രമുഖ എഴുത്തുകാരികളുടെ വരികള്‍ക്കൊപ്പം ബജറ്റില്‍ സ്‌നേഹ എന്ന കൊച്ചുമിടുക്കിയുടെ കവിതയും. ഇതേപ്പറ്റി ധനമന്ത്രി തോമസ് ഐസക്ക് ഫേസ് ബുക്കില്‍ കുറിച്ചതിങ്ങനെ:

‘ഇത്തവണ എഴുത്തുകാരികളുടെ വരികളാണ് ബജറ്റില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചത്. വിവിധ വിഷയങ്ങള്‍ക്ക് ചേരുന്ന വരികള്‍ തിരഞ്ഞു ചെന്നപ്പോള്‍ എന്‍ പി സ്‌നേഹ എന്ന കൊച്ചുമിടുക്കിയുടെ ഒരു കവിത ശ്രദ്ധയില്‍പ്പെട്ടു. അടുക്കള എന്ന വിഷയത്തെക്കുറിച്ചെഴുതിയ ശക്തമായ പന്ത്രണ്ടു വരികള്‍.

അടുക്കളയില്‍ സ്ത്രീയെടുക്കുന്ന കാണാപ്പണിയെ കൃത്യമായി കുറിച്ചിടാന്‍ സ്‌നേഹയ്ക്കു കഴിഞ്ഞു. ഹൈസ്‌ക്കൂള്‍ ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്‌നേഹ ഈ വരികളെഴുതിയത്. പുലാപ്പറ്റ എംഎന്‍കെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ സ്‌നേഹ. പുലാപ്പറ്റ സ്വദേശികളായ പ്രദീപിന്റെയും ഷീബയുടെയും മകളാണ് സ്‌നേഹ. പ്രദീപ് കോണ്‍ട്രാക്ടറും ഷീബ അധ്യാപികയുമാണ്. മലയാളത്തിലെ കരുത്തുറ്റ എഴുത്തുകാരികളിലൊരാളായി സ്‌നേഹ വളരട്ടെ എന്ന് ആശംസിക്കുന്നു’ഐസക്ക് പറഞ്ഞു.
സ്നേഹയുടെ കവിത – ലാബ്

കെമിസ്ട്രി സാറാണ് പറഞ്ഞത്
അടുക്കള ഒരു ലാബാണെന്ന്
പരീക്ഷിച്ച് നിരീക്ഷിച്ച്
നിന്നപ്പോഴാണ് കണ്ടത്
വെളുപ്പിനുണര്‍ന്ന്
പുകഞ്ഞ് പുകഞ്ഞ്
തനിയെ സ്റ്റാര്‍ട്ടാകുന്ന
കരിപുരണ്ട കേടുവന്ന
ഒരു മെഷ്യീന്‍
അവിടെയെന്നും
സോഡിയം ക്ലോറൈഡ് ലായനി
ഉത്പ്പാദിപ്പിക്കുന്നുണ്ടെന്ന്