ഭിന്നശേഷിക്കാര്‍ക്ക് താങ്ങും കരുതലുമായി പിണറായി സര്‍ക്കാര്‍; ബജറ്റില്‍ നീക്കിവച്ചത് 289 കോടി രൂപ

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ്. ഭിന്നശേഷിക്കാര്‍ക്കായി 289 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.

പാര്‍ശ്വവല്‍കൃത വിഭാഗമായ ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്താന്‍ സഹായിക്കുന്ന ഭാവനാപൂര്‍ണമായ പദ്ധതികളും ബജറ്റ് വിഭാവനം ചെയ്യുന്നു.

ഭിന്നശേഷി പരിശീലനഗവേഷണചികിത്സാ സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റായി 46 കോടി, ഭിന്നശേഷിക്കാരെ ശൈശവാവസ്ഥയില്‍ത്തന്നെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 42 കോടി, ഭിന്നശേഷിക്കാരുടെ പരിചരണസഹായികള്‍ക്കുള്ള അലവന്‍സിന് 42 കോടി, ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കും പരിചരണത്തിനുമായുള്ള സ്‌കീമുകള്‍ക്ക് 30 കോടി, ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ പ്രത്യേക ധനസഹായത്തിനായി 12 കോടി എന്നിങ്ങനെയാണ് പ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍.

വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള 290 സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള പ്രത്യേക ധനസഹായം 13 കോടിയില്‍ നിന്ന് 40 കോടി രൂപയാക്കി ഉയര്‍ത്തി.

മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുള്ള ബഡ്‌സ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിനായി 26 കോടിയും ഇതിനുപുറമേ ബഡ്‌സ് സ്‌കൂളുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 17 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പുതുതായി 200 പഞ്ചായത്തുകളില്‍ ബഡ്‌സ്‌കൂളുകള്‍ ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും ഗുണമാകുന്ന ‘ബാരിയര്‍ ഫ്രീ കേരള’യ്ക്ക് 18 കോടി അനുവദിച്ചു. അംഗപരിമിതരായ പെണ്‍കുട്ടികള്‍ക്കും അംഗപരിമിതരുടെ പെണ്‍മക്കള്‍ക്കും നല്‍കുന്ന വിവാഹധനസഹായം 10000 രൂപയില്‍ നിന്നും 30000 രൂപയാക്കി ഉയര്‍ത്തി.

എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ആദ്യഗഡുവായി 50 കോടിയും വികലാംഗ പെന്‍ഷന് 350 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News