സ്കൂള്‍ കലോത്സവത്തില്‍ വ്യാജ അപ്പീലുകള്‍; ഒന്നാം പ്രതി റിമാന്‍ഡില്‍

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ബാലാവകാശ കമ്മീഷന്‍റെ പേരില്‍ വ്യാജ അപ്പീലുകള്‍ എത്തിയ കേസിലെ ഒന്നാം പ്രതി സതികുമാര്‍ കോടതിയില്‍ കീ‍ഴടങ്ങി. തൃശൂര്‍ സി.ജെ.എം കോടതിയില്‍ കീ‍ഴടങ്ങിയ സതികുമാറിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത് താനല്ലെന്നും, നിര്‍ദ്ദേശിച്ച ആളുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ എത്തിക്കുക മാത്രമാണ് ചെയ്തതെന്നും സതികുമാര്‍ പറഞ്ഞു. അഞ്ച് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചു.

ബാലാവകാശ കമ്മീഷന്‍റെ പേരില്‍ വ്യാജ അപ്പീലുകള്‍ എത്തിയ സംഭവത്തില്‍ ഒന്നാം പ്രതി തിരുവനന്തപുരം സ്വദേശി സതികുമാറിനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് തൃശൂര്‍ സിജെഎം കോടതിയില്‍ സജികുമാര്‍ കീ‍ഴടങ്ങിയത്.

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് സംഭവത്തില്‍ തനിക്ക് ബന്ധമില്ലെന്നും, എറണാകുളം സ്വദേശി മ്ലാവ് സൂരജാണ് സര്‍ട്ടിഫിക്കറ്റ് തനിക്ക് നല്‍കിയതെന്നും സതികുമാര്‍ കോടതിയില്‍ പറഞ്ഞു.

തൃശൂര്‍ സ്വദേശി കണ്ണന്‍, ജോമറ്റ്, അന്‍ഷാദ് അസീസ്, കൊട്ടാരക്കര സ്വദേശി അമര്‍ ചന്ദ്രശേഖര്‍, കണിയാപുരം സ്വദേശി ജോഷി എന്നിവരാണ് കേസില്‍ യഥാര്‍ഥ പ്രതികളെന്ന് സതികുമാര്‍ വ്യക്തമാക്കി.

മകള്‍ക്ക് സ്റ്റേറ്റ് കലോത്സവത്തില്‍ മികച്ച് സ്ഥാനം ലഭിക്കുമെന്ന് പറഞ്ഞപ്പോള്‍ മ്ലാവ് സൂരജ് തന്ന സര്‍ട്ടിഫിക്കറ്റ് വൈശാഖിനും, ചേര്‍പ്പ് സൂരജിനും കൈമാറുക മാത്രമാണ് ചെയ്തത്.

ഈ വര്‍ഷം തൃശൂരില്‍ നടന്ന കലോത്സവത്തില്‍ പത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. സതികുമാറിനെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാളുടെ ജാമ്യാപേക്ഷ ഫെബ്രുവരി അഞ്ചിന് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News