എകെജിയെയും എഴുത്തുകാരികളെയും സ്മരിച്ച് സംസ്ഥാന ബജറ്റ്

എകെജിയെയും എഴുത്തുകാരികളെയും സ്മരിച്ച് സംസ്ഥാന ബജറ്റ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനും ഒരേ പ്രാധാന്യം നല്‍കി പ്രക്ഷോഭമുഖത്ത് തീജ്വാലപോലെ ആഞ്ഞുവീശിയ വിപ്ലവകാരിയായിരുന്നു എകെജിയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ജന്മനാടായ പെരളശ്ശേരിയില്‍ എകെജി സ്മാരകം സ്ഥാപിക്കുന്നതിന് 10 കോടി രൂപ വകയിരുത്തി. കവയത്രി സുഗതകുമാരിയില്‍ തുടങ്ങി ബാലാമണിയമ്മയില്‍ അവസാനിച്ച ബജറ്റ് പ്രസംഗത്തില്‍ എന്‍പി സ്‌നേഹ എന്ന കൊച്ചുമിടുക്കിയുടെ കവിതയും ഇടംനേടി.

അടിയുറച്ച രാഷ്ട്രീയ ബോധ്യത്തിന്റെ പിന്‍ബലത്തില്‍ നവോത്ഥാന കേരള സൃഷ്ടിയ്ക്കു വേണ്ടി പടപൊരുതിയ എകെജി ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ എന്നും ജ്വലിക്കുന്ന കേരളത്തിന്റെ അധ്യായമാണെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി തോമസ് ഐസക് പറഞ്ഞു.

ജന്മനാടായ പെരളശേരിയില്‍ നടന്ന പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ശാരീരികമായ അവശത അവഗണിച്ച് നിശ്ചയദാര്‍ഢ്യത്തോടെ പൊരുതി വിജയിച്ച എകെജിയെ ‘ഇഷ്ടതോഴന്‍, ഭര്‍ത്താവ്, സഖാവ്, നേതാവ്’ എന്ന ലേഖനത്തില്‍ സുശീലാ ഗോപാലന്‍ അനുസ്മരിക്കുന്നത് ഉള്‍പ്പുളകത്തോടെ മാത്രമേ വായിച്ചു തീര്‍ക്കാനാകുയെന്നും ഐസക് ഓര്‍ത്തു.

എകെജിയുടെ സ്മരണയ്ക്കായി ജന്മനാടായ പെരളശ്ശേരിയില്‍ സ്മാരകം സ്ഥാപിക്കുന്നതിന് 10 കോടി രൂപ വകയിരുത്തി. ഐസക് തന്റെ 9ാമത് ബജറ്റ് അവതരണം ആരംഭിച്ചത് കവയത്രി സുഗതകുമാരിയുടെ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ്.

ഭക്ഷ്യസമൃദ്ധിയില്‍ പി.വത്സലയുടെ നെല്ലിലെ വരികളും അന്നം കിട്ടാത്തവരെയോര്‍ത്ത് ലളിതാംബികാ അന്തര്‍ജനത്തിന്റെ സാവിത്രി അധവാ വിധവാ വിവാഹമെന്ന നാടകത്തിലെ സംഭാഷണവും വീടുകളില്ലാത്തവരുടെ കാര്യത്തില്‍ സാറാ ജോസഫിന്റെ മറ്റാത്തി എന്ന നോവലിലെ വരികളാണ് ബജറ്റില്‍ ചേര്‍ത്തത് അവിസ്മരണീയമായിരുന്നു.

അതിലും തീരുന്നില്ല, ഓരോ വിഷയവും ഓരോ എഴുത്തുകാരികളുടെയും വരികളും സംഭാഷണ ശലകവുമാണ് ധനമന്ത്രി ഉദ്ധരിച്ചത്. അതില്‍ പി.വത്സല, വി.എം സുഹറ, കെ.ആര്‍ മീര, വിജയലക്ഷി, കെ.എ ബീന, ഖദീജാ മുംതാസ്, സംവിധായിക വിധു വിന്‍സന്റ് എന്നിവരും ബജറ്റ് പ്രസംഗത്തിന്റെ ഭാഗമായി. എന്നാല്‍ എന്‍പി സ്‌നേഹ എന്ന കൊച്ചുമിടുക്കിയുടെ ഒരു കവിതയും ബജറ്റില്‍ ഇടംനേടിയത് ഏറെ കൗതുകമുണര്‍ത്തി.

നവകേരളം എന്ന ബാലാമണിയമ്മയുടെ കവിതയിലെ വരികള്‍ ചൊല്ലിയായിരുന്നു ഐസക് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here