അശാന്തന്‍റെ മൃതദേഹത്തെ അപമാനിച്ചത് യുഡിഎഫ് കൗണ്‍സിലറും സംഘവുമെന്ന് ആരോപണം; സാംസ്ക്കാരിക പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തിലേക്ക്

കൊച്ചിയില്‍ ചിത്രകാരന്‍ അശാന്തന്‍റെ മൃതദേഹത്തെ അപമാനിച്ച സംഭവം കൂടുതല്‍ വിവാദത്തിലേക്ക്.കൊച്ചി നഗരസഭയിലെ യു ഡി എഫ് കൗണ്‍സിലര്‍ കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹത്തെ അനാദരിച്ചതെന്ന ആരോപണവുമായി ഒരുകൂട്ടം സാംസ്ക്കാരിക പ്രവര്‍ത്തകര്‍ രംഗത്തെത്തി.കൗണ്‍സിലര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് സാംസ്ക്കാരിക പ്രവര്‍ത്തകര്‍.

അന്തരിച്ച ചിത്രകാരന്‍ അശാന്തന്‍റെ മൃതദേഹം ലളിതകലാ അക്കാദമിയുടെ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട്ഗ്യാലറിയുടെ മുന്‍വശത്ത് പൊതുദര്‍ശനത്തിന് വെക്കാനൊരുങ്ങവെയാണ് ഒരു സംഘം ഇത് തടഞ്ഞത്.

അക്കാദമിയുടെ പടിഞ്ഞാറുള്ള ശിവക്ഷേത്രം അശുദ്ധമാകുമെന്ന് പറഞ്ഞ് ക്ഷേത്രഭാരവാഹികള്‍ കൂടിയായ സംഘപരിവാര്‍ പ്രവര്‍ത്തകരാണ് തടഞ്ഞത്.വാക്കു തര്‍ക്കത്തിനിടെ അശാന്തന്‍റെ ചിത്രമുള്ള ഫ്ലക്സ് ഇവര്‍ വലിച്ചു കീറുകയും ചെയ്തു.

മുന്‍വശത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നത് തടഞ്ഞതിനെ തുടര്‍ന്ന് പിന്‍വാതിലിലൂടെ അകത്തുകയറ്റി ചെറിയ വരാന്തയിലാണ് പൊതു ദര്‍ശനത്തിന് വെക്കേണ്ടി വന്നത്.

കൊച്ചി നഗരസഭയിലെ യു ഡി എഫ് കൗണ്‍സിലറായ കൃഷ്ണകുമാര്‍ സംഘപരിവാറുകാര്‍ക്കൊപ്പം ചേര്‍ന്ന് മൃതദേഹത്തെ അനാദരിക്കാന്‍ കൂട്ടു നിന്നുവെന്ന് സാംസ്ക്കാരിക പ്രവര്‍ത്തകര്‍ ആരോപിച്ചു.കൗണ്‍സിലര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ മേയറെ കണ്ടു.

സംഭവത്തെക്കുറിച്ചറിഞ്ഞില്ലെന്നായിരുന്നു മേയറുടെ പ്രതികരണമെന്നും ഇതെക്കുറിച്ചന്വേഷിക്കാന്‍ മേയര്‍ രണ്ട് ദിവസത്തെ സമയം ആവശ്യപ്പെട്ടുവെന്നും സാംസ്ക്കാരിക പ്രവര്‍ത്തകര്‍ പറഞ്ഞു.

അശാന്തന്‍റെ മൃതദേഹത്തെ അനാദരിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകും വരെ സമരം തുടരുമെന്ന് സാംസ്ക്കാരിക പ്രവര്‍ത്തകര്‍ പറഞ്ഞു.അക്കാദമിയില്‍ അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന പരാതിയില്‍ സെന്‍ട്രല്‍ പോലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News