ലോകക്രിക്കറ്റില്‍ പുതുചരിത്രമെ‍ഴുതി ഇന്ത്യന്‍ യുവനിര; കൗമാര ലോകകപ്പില്‍ നാലാം വട്ടവും മുത്തമിട്ടു; കല്‍റയ്ക്ക് തകര്‍പ്പന്‍ സെഞ്ചുറി; ദ്രാവിഡിനും ടീമിനും അഭിനന്ദനപ്രവാഹം

അണ്ടര്‍19 ലോകകപ്പില്‍ ഇന്ത്യന്‍ യുവനിര പുതുചരിത്രമെ‍ഴുതി. ന്യൂസിലാന്‍ഡില്‍ നടന്ന ടൂര്‍ണമെന്‍റില്‍ കലാശക്കളിയില്‍ ഓസ്ട്രേലിയയെ 8 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.

തകര്‍പ്പന്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ മന്‍ജോത് കല്‍റയാണ് ഇന്ത്യന്‍ കുതിപ്പിന് നേതൃത്വം നല്‍കിയത്. കല്‍റ തന്നെയാണ് കളിയിലെ താരവും.

ഇന്ത്യയുടെ നാലാം കൗമാര വിശ്വകിരീടമാണിത്. മൂന്ന് വട്ടം കിരീടം നേടിയിട്ടുള്ള ഓസ്ട്രേലിയയെ ഇക്കാര്യത്തിലും പിന്നിലാക്കിയെന്നത് ഇന്ത്യന്‍ വിജയത്തിന് മാധുര്യം വര്‍ദ്ദിപ്പിക്കുന്നു.

2000, 2008, 2012 വര്‍ഷങ്ങളിലാണ് ഇന്ത്യ ഇതിന് മുമ്പ് കിരീടം നേടിയിട്ടുള്ളത്.

ടോസ് നേടിയ ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 47.2 ഓവറില്‍ 216 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍മാരായ പൃഥി ഷായും കല്‍റയും മികച്ച തുടക്കമാണ് നല്‍കിയത്. 71 റണ്‍സ് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത ശേഷമാണ് 29 റണ്‍സ് നേടിയ പൃഥി ഷാ പുറത്തായത്.

ലോകകപ്പിലെ അത്ഭുത താരം ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറിലെത്തിയതോടെ കളിയുടെ വേഗം കൂടി. മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ ഗില്‍ 31 റണ്‍സ് നേടിയാണ് പുറത്തായത്.

നേരത്തെ മധ്യനിരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ജൊനാഥന്‍ മെര്‍ലൊയാണ് കംഗാരുപ്പടയ്ക്ക് ആശ്വാസമായത്. മെര്‍ലൊ 76 റണ്‍സ് നേടിയ ശേഷമാണ് പുറത്തായത്. രണ്ട് വിക്കറ്റ് വീതം വീ‍ഴ്ത്തിയ പോറല്‍, ശിവ സിംഗ്, നാഗര്‍കോട്ടി, എ എസ് റോയി എന്നിവര്‍ ചേര്‍ന്നാണ് കംഗാരുക്കൂട്ടത്തെ പിടിച്ചുകെട്ടിയത്.

രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ അത്ഭുതപ്രകടനമാണ് ഇന്ത്യന്‍ കുട്ടിപ്പട്ടാളം ടൂര്‍ണമെന്‍റിലുടനീളം പുറത്തെടുത്തത്. ഒരു മത്സരം പോലും പരാജയപ്പെടാതെയായിരുന്ന യുവനിരയുടെ പട്ടാഭിഷേകമെന്നത് വിജയത്തിന്‍റെ മാധുര്യം വര്‍ദ്ധിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News