ദില്ലി: രാഷ്ട്രീയ അഴിമതികളെ നിയമവിധേയമാക്കാനാണ് മോദി സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് കൊണ്ട് വന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

പേര് വെളിപ്പെടുത്താതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ അനുവദിക്കുന്ന ബോണ്ട് വ്യവസ്ഥ ഭരണഘടന വിരുദ്ധമെന്നും യെച്ചൂരി ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ ഇലക്ട്രല്‍ ബോണ്ട് കൊണ്ട് വന്ന മോദി സര്‍ക്കാരിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണ്.

വിദേശ കമ്പനികള്‍ക്കും പേര് വെളിപ്പെടുത്താതെ വന്‍ തുകകള്‍ സംഭാവനയായി രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് നല്‍കാന്‍ കഴിയും. ആരൊക്കെ സംഭാവന നല്‍കിയെന്ന് ജനങ്ങള്‍ക്ക് ഇനി അറിയാന്‍ കഴിയില്ല.

ഇലക്ട്രല്‍ ബോണ്ടിനെതിരെ സിപിഐഎം നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചിരുന്നു.