തന്റെ പേരില്‍ ചിലര്‍ പണപ്പിരിവ് നടത്തി; ഒരു വിഭാഗം മാനസികമായി പീഡിപ്പിച്ചു; സോഷ്യല്‍മീഡിയ കൂട്ടായ്മക്കെതിരെ തുറന്നടിച്ച് ശ്രീജിത്ത്

തിരുവനന്തപുരം: സഹോദരന്‍ ശ്രീജീവിന്റെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് താന്‍ നടത്തിയ സമരത്തിന്റെ പേരില്‍ സോഷ്യല്‍മീഡിയ കൂട്ടായ്മയിലെ ചിലര്‍ പണപ്പിരിവ് നടത്തിയെന്ന് ശ്രീജിത്ത്.

പിന്തുണയുമായെത്തിയെ ഒരു വിഭാഗം തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും പലരും പിന്നീട് തള്ളിപ്പറഞ്ഞെന്നും ശ്രീജിത്ത് പറഞ്ഞു.

അതേസമയം, മറ്റൊരു വിഭാഗം സമരത്തിന്റെ അവസാനം വരെ തനിക്കൊപ്പം നിന്നെന്നും ശ്രീജിത്ത് ഒരു മാധ്യമത്തോട് പറഞ്ഞു.

ശ്രീജീവിന്റെ മരണം സംബന്ധിച്ച കേസില്‍ കുറ്റവാളികളായ പൊലീസുകാര്‍ സ്വന്തം നാട്ടുകാരാണെന്നും അതുകൊണ്ട് നാട്ടില്‍ തുടര്‍ന്ന് ജീവിക്കാന്‍ ആശങ്കയുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ശ്രീജിത്ത് തുറന്നടിച്ചു.

കഴിഞ്ഞിദിവസമാണ് ശ്രീജിത്ത് അനിശ്ചിതകാല സമരം അവസാനിപ്പിച്ചത്. ശ്രീജീവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്.

2014 മാര്‍ച്ച് 21നാണ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ പാറശാല പൊലീസ് കസ്റ്റഡിയില്‍ ശ്രീജീവ് മരിച്ചത്. ലോക്കപ്പില്‍ വച്ച് വിഷം കഴിച്ചെന്ന് പറഞ്ഞ് പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ശ്രീജീവ് ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയായെന്നും വിഷം ഉള്ളില്‍ ചെന്നിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച വിഷം ശ്രീജീവ് ലോക്കപ്പില്‍ വച്ച് കഴിച്ചുവെന്നായിരുന്നു പൊലീസ് ഭാഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News