അശാന്തന്റെ മൃതദേഹത്തെ അപമാനിച്ച സംഭവം; യുഡിഎഫ് കൗണ്‍സിലര്‍ ഉള്‍പ്പടെ ഏഴുപേര്‍ അറസ്റ്റില്‍; കൗണ്‍സിലര്‍ മൃതദേഹത്തെ അപമാനിച്ചത് സംഘപരിവാറുകാര്‍ക്കൊപ്പം ചേര്‍ന്ന്

കൊച്ചി: ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തെ അപമാനിച്ച സംഭവത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍ ഉള്‍പ്പടെ ഏഴു പേര്‍ അറസ്റ്റില്‍. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

അശാന്തന്റെ മൃതദേഹം ലളിതകലാ അക്കാദമിയുടെ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയുടെ മുന്‍വശത്ത് പൊതുദര്‍ശനത്തിന് വയ്ക്കാനൊരുങ്ങവെയായിരുന്നു ഒരു സംഘം ഇത് തടഞ്ഞത്.

അക്കാദമിയുടെ പടിഞ്ഞാറുള്ള ശിവക്ഷേത്രം അശുദ്ധമാകുമെന്ന് പറഞ്ഞ് ക്ഷേത്രഭാരവാഹികള്‍ കൂടിയായ സംഘപരിവാര്‍ പ്രവര്‍ത്തകരായിരുന്നു തടഞ്ഞത്.

വാക്കുതര്‍ക്കത്തിനിടെ അശാന്തന്റെ ചിത്രമുള്ള ഫ്‌ളക്‌സ് ഇവര്‍ വലിച്ചു കീറുകയും ചെയ്തു. മുന്‍വശത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നത് തടഞ്ഞതിനെ തുടര്‍ന്ന് പിന്‍വാതിലിലൂടെ അകത്തുകയറ്റി ചെറിയ വരാന്തയിലാണ് പൊതു ദര്‍ശനത്തിന് വെക്കേണ്ടി വന്നത്.

കൊച്ചി നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലറായ കൃഷ്ണകുമാര്‍ സംഘപരിവാറുകാര്‍ക്കൊപ്പം ചേര്‍ന്ന് മൃതദേഹത്തെ അനാദരിക്കാന്‍ കൂട്ടു നിന്നുവെന്ന് സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

അക്കാദമിയില്‍ അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന പരാതിയില്‍ കേസെടുത്ത സെന്‍ട്രല്‍ പൊലീസ് കൃഷ്ണകുമാര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ക്ഷേത്രഭാരവാഹികളായ സംഘപരിവാര്‍ പ്രവര്‍ത്തകരാണ് കൃഷ്ണകുമാറിനൊപ്പം അറസ്റ്റിലായത്. അന്യായമായി സംഘം ചേരല്‍, ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

കേസില്‍ ഉള്‍പ്പെട്ട മറ്റ് 13 പേര്‍ക്കെതിരെ അടുത്ത ദിവസങ്ങളില്‍ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News