എഴുത്തുലോട്ടറിക്കാർ കേന്ദ്രീകൃത മാഫിയാസംഘങ്ങള്‍; അറസ്റ്റുചെയ്തു ജയിലിലടയ്ക്കുമെന്ന് തോമസ് ഐസക്

എഴുത്തുലോട്ടറിക്കാർ കേന്ദ്രീകൃത മാഫിയാസംഘമാണെന്നും അവരെ അറസ്റ്റുചെയ്തു ജയിലിലടയ്ക്കുമെന്നും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. കേരള ഭാഗ്യക്കുറിയുടെ ആലപ്പുഴ ജില്ലാതല സുവർണജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചില വൻകിട ഏജന്റുമാർക്കുകൂടി പങ്കുള്ളതാണ് എഴുത്തുലോട്ടറി. അറസ്റ്റുചെയ്തിട്ടില്ലെന്നുകരുതി അവർ രക്ഷപ്പെട്ടെന്നു കരുതരുത്. ലോട്ടറി വിറ്റയാളാണ് പ്രതിയെങ്കിലും ഏജൻസിയുടെ ലൈസൻസ് റദ്ദാക്കും.

അറസ്റ്റുചെയ്തവരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലൂടെ പിന്നിലുള്ളവരെ പിടികൂടും. കേരള ഭാഗ്യക്കുറി നേരിടുന്ന മറ്റൊരു വെല്ലുവിളി സാന്റിയാഗോ മാർട്ടിനെപ്പോലുള്ളവരുടേതാണ്.

പത്തു കോടി ജനങ്ങൾക്ക് അഞ്ചുലക്ഷം രൂപവീതം നൽകുമെന്ന് പറയുന്ന കേന്ദ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ കേരളത്തിൽനിന്ന് പരമാവധി ഉൾപ്പെടുന്നത് 12 ലക്ഷം പേരാണെന്നാണ് അന്വേഷണത്തിൽ അറിഞ്ഞത്. കേരളത്തിൽ അർഹരായ ബാക്കി 60 ലക്ഷംപേർ എന്തുചെയ്യും.

അതുകൊണ്ടാണ് കേന്ദ്ര ബജറ്റിൽആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിച്ച അന്നുരാത്രി തന്നെ കേരള ബജറ്റിൽ സമഗ്ര ആരോഗ്യ പദ്ധതിക്കു രൂപം നൽകിയത്. കേരളത്തിൽ ബിഎസ്ആർവൈ പദ്ധതിയിൽ 35 ലക്ഷം പേരുണ്ട്. അവർക്ക് കേന്ദ്രത്തിനു തുല്യമായ ഇൻഷുറൻസ് പരിരക്ഷ നൽകും.

ബാക്കിയുള്ളവർക്ക് പ്രീമിയം അടച്ച് പദ്ധതിയിൽ ചേരാം. അതിന് 1000 കോടി രൂപ വേണമെന്നുള്ളതുകൊണ്ടാണ് ലോട്ടറിയിൽനിന്നുള്ള മുഴുവൻ വരുമാനവും ഈ പദ്ധതിയിലേക്ക് നീക്കിവച്ചത്.

40 ശതമാനം സംസ്ഥാനവും ബാക്കി 60 ശതമാനം കേന്ദ്രവും മുടക്കുന്ന കേന്ദ്ര ചികിൽസാ സഹായ പദ്ധതി സംസ്ഥാനങ്ങളുമായുള്ള ചർച്ചക്കുശേഷം വേണം നടപ്പാക്കാനെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജി സുധാകരൻ അധ്യക്ഷനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News