മാലദ്വീപില്‍ രാഷ്ട്രീയപ്രതിസന്ധി തുടരുന്നു; പാര്‍ലമെന്റ് മന്ദിരം സൈന്യം വളഞ്ഞു

മാലദ്വീപ്: രാഷ്ട്രീയപ്രതിസന്ധി തുടരുന്ന മാലദ്വീപില്‍ പാര്‍ലമെന്റ് മന്ദിരം സൈന്യം വളഞ്ഞു. രണ്ട് പ്രതിപക്ഷാംഗങ്ങളെ അറസ്റ്റുചെയ്തതായും വാര്‍ത്തയുണ്ട്.

കോടതി വിധി നടപ്പാക്കാന്‍ തയ്യാറാകാത്ത പ്രസിഡന്റ് യമീന്‍ അബ്ദുള്‍ ഗയൂമിനെ ഇമ്പീച്ച് ചെയ്യാന്‍ കോടതി ഉത്തരവിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സൈനിക നടപടി.

കോടതി ഉത്തരവിനെ തുടര്‍ന്ന് പാര്‍ലമെന്റ് അംഗത്വം തിരിച്ചുകിട്ടിയ പ്രതിപക്ഷാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ലമെന്റിലെത്തുന്നത് തടയാനാണ് നടപടിയെന്നാണ് സൂചന. തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ തയ്യാറാണെന്ന് പ്രസിഡന്റ് യമീന്‍ അബ്ദുള്‍ ഗയൂം പ്രഖ്യാപിച്ചു. ഇതിനിടെ ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കി.

മാലദ്വീപിനെ ആര് നയിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞദിവസമാണ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കമുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാന്‍ മാലദ്വീപ് സുപ്രീംകോടതി ഉത്തരവിട്ടത്. കഴിഞ്ഞവര്‍ഷം പാര്‍ലമെന്റില്‍നിന്ന് പുറത്താക്കിയ 12 അംഗങ്ങളെ തിരിച്ചെടുക്കാനും കോടതി ഉത്തരവിട്ടു.

ഇവര്‍ തിരിച്ചെത്തിയാല്‍ 85 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമാകുമെന്നതിനാലാണ് കോടതി ഉത്തരവ് നടപ്പാക്കാന്‍ പ്രസിഡന്റ് തയ്യാറാകാത്തത്. കോടതി ഉത്തരവ് നിരാശാജനകമാണെന്നാണ് പ്രസിഡന്റ് പ്രതികരിച്ചത്. കോടതി ഉത്തരവ് ഒരിക്കലും പ്രതീക്ഷിച്ചതല്ല. രാജ്യത്ത് പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ കോടതി ഉത്തരവിനെ മാനിക്കുന്നുവെന്നും അദ്ദേഹം പൊതുയോഗത്തില്‍ പറഞ്ഞു.

നേരത്തെ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രസിഡന്റിന്റെ നീക്കം അപഹാസ്യമാണെന്ന് മുഹമ്മദ് നഷീദ് ട്വീറ്റ് ചെയ്തു. യമീന്‍ അബ്ദുള്‍ ഗയൂം രാജിവയ്ക്കുകയാണ് വേണ്ടതെന്നും നഷീദ് കുറിച്ചു. ഭൂരിപക്ഷത്തെ പേടിച്ചാണ് സര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനം പോലും ഒഴിവാക്കിയിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

പ്രസിഡന്റിനെ അറസ്റ്റുചെയ്യാനും ഇമ്പീച്ച് ചെയ്യാനും കോടതി ശ്രമിക്കുന്നുവെന്ന് മാലദ്വീപ് അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അനില്‍ ആരോപിച്ചു. രാജ്യത്ത് കോടതിഭരണം നടപ്പാക്കാനും പ്രസിഡന്റിനെ പുറത്താക്കാനുമുള്ള നീക്കം തടയുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel