മലപ്പുറത്ത് ആര്‍എസ്എസ് കൊലവിളി തുടരുന്നു; സിപിഐഎം ജില്ലാ കമ്മിറ്റിയംഗത്തെ വധിക്കാന്‍ ശ്രമം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരുക്ക്

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം ഇ ജയനെ വധിക്കാന്‍ ആര്‍എസ്എസ് ശ്രമം.

ഞായറാഴ്ച രാത്രി എട്ടിന് ഒഴൂര്‍ ഇല്ലത്തുപടിയില്‍ ജയനെ ബൈക്ക് തടഞ്ഞുനിര്‍ത്തി ആര്‍എസ്എസ് ഗുണ്ടാസംഘം വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ജയനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇല്ലത്തുപടിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച് കൊലവിളി നടത്തിയ ആര്‍എസ്എസ് സംഘം തൊട്ടുപിന്നാലെ അതുവഴി അയ്യായയിലെ പൊതുയോഗസ്ഥലത്തേക്ക് പോകുകയായിരുന്ന ജയനെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

കമ്പിവടി, വടിവാള്‍, ഇരുമ്പുദണ്ഡ് എന്നിവയുപയോഗിച്ചായിരുന്നു ഇരുപതോളം പേരുടെ മര്‍ദനം. ഓടിയെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആശുപത്രിയിലാക്കിയത്.

ഇല്ലത്തുപടിയില്‍ സംഘടിച്ച ആര്‍എസ്എസ് സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഞായറാഴ്ച വൈകിട്ട് ആക്രമിച്ചിരുന്നു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. അതിനുപിന്നാലെ കൊലവിളി തുടരുമ്പോഴാണ് ജയന്‍ അതുവഴി വരുന്നത്.

ആര്‍എസ്എസ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ വലിയാട്ടില്‍ വിവേക് (22), ചക്കാലംകുന്നത്ത് അഭിജിത്ത് (25), ഷാജി (28), മനോജ് (26), മണി (24) എന്നിവരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്നുവര്‍ഷം മുമ്പ് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ബാലകൃഷ്ണന്‍ ചുള്ളിയത്തിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അതേ സ്ഥലത്തുതന്നെയാണ് ഞായറാഴ്ചത്തെ ആക്രമണവും. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെതന്നെയാണ് തന്നെ ആക്രമിച്ചതെന്ന് ജയന്‍ പറഞ്ഞു.

സിപിഐഎം ജില്ലാ കമ്മിറ്റിയംഗങ്ങളായ എ ശിവദാസന്‍, അഡ്വ. പി ഹംസക്കുട്ടി, തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ് ഗിരീഷ് എന്നിവര്‍ ജയനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലിന് സിപിഐഎം താനൂരില്‍ പ്രതിഷേധ പ്രകടനം നടത്തും. അക്രമികളെ ഉടന്‍ പിടികൂടണമെന്ന് ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് ആവശ്യപ്പെട്ടു.

ആര്‍എസ്എസ് അക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഒഴൂര്‍ പഞ്ചായത്തില്‍ സിപിഐഎം ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഏരിയാ സെക്രട്ടറി വി അബ്ദുറസാഖ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News