റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യചികിത്സ; പരുക്കേല്‍ക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്കെതിരെ നിയമനടപടിയില്ല

തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ സൗജന്യചികിത്സ ഉറപ്പാക്കുന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അതോടൊപ്പം, പരിക്കേല്‍ക്കുന്നവരെ വിദഗ്ദ്ധ ചികിത്സ ലഭിക്കുന്ന ട്രോമ കെയര്‍ സംവിധാനമുള്ള ആശുപത്രിയില്‍ വേഗത്തില്‍ എത്തിക്കുന്നതിനുള്ള ആംബുലന്‍സ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.

അതിനായി, സംസ്ഥാന വ്യാപകമായി ആംബുലന്‍സ് സര്‍വ്വീസ് ലഭ്യമാക്കാന്‍ ഇനെറ്റ്‌വര്‍ക്ക് ശൃംഖലയ്ക്ക് രൂപം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍സ്വകാര്യ ആശുപത്രികളില്‍ ഇന്ന് പൊതുവില്‍ ലഭ്യമാണ്. എന്നാല്‍, യഥാസമയം ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തതിനാലും, പല കാരണങ്ങളാല്‍ ശരിയായ ചികിത്സ ലഭിക്കാത്തതിനാലും വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

പരിക്കേല്‍ക്കുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ ദൃക്‌സാക്ഷികള്‍ വിമുഖത കാട്ടുന്നത് അപകടവുമായി ബന്ധപ്പെട്ട കേസുകളില്‍ സാക്ഷി പറയേണ്ടിവരുമെന്ന ഭയം മൂലമാണ് എന്ന പ്രശ്‌നവും ഉയര്‍ന്നുവന്നിട്ടുണ്ട്.

ജീവന്‍രക്ഷാ പ്രവര്‍ത്തനത്തിന് തയ്യാറാകുന്നവര്‍ക്ക് ആശുപത്രി അധികാരികളില്‍ നിന്നോ പോലീസില്‍ നിന്നോ മറ്റേതൊരു അധികാരസ്ഥാപനങ്ങളില്‍ നിന്നോ യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നും, അയാള്‍ക്ക് അപകടവുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുമുള്ള സിവില്‍ ക്രിമിനല്‍ ബാധ്യതകളുമില്ലായെന്നും കേന്ദ്ര ഹൈവേറോഡ് ഗതാഗത മന്ത്രാലയം 2015ല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതി 2016ല്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരവും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് യാതൊരുവിധ നിയമ നടപടികളും നേരിടേണ്ടിവരില്ല.

ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പൊലീസില്‍ നിന്നും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

സംഭവത്തിന് നേരിട്ട് ദൃക്‌സാക്ഷിയല്ലെങ്കില്‍ കേസില്‍ വിസ്തരിക്കേണ്ട സാക്ഷികളുടെ പട്ടികയില്‍ സാധാരണ ഗതിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്ന കാര്യവും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഏതെങ്കിലും പ്രത്യേക സാഹചര്യം മൂലം സാക്ഷിയാകേണ്ടിവന്നാല്‍ അത് പ്രോസിക്യൂട്ടറുമായോ ജില്ലാ പോലീസ് മേധാവിയുമായോ ആലോചിച്ച് അഭിപ്രായം അറിഞ്ഞതിനുശേഷം മാത്രമേ ആകാവു എന്നും പറഞ്ഞിട്ടുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലറിലൂടെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ട്.

റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് അതിവേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് സോഫ്റ്റ് എന്നറിയപ്പെടുന്ന സന്നദ്ധ സേവകരുടെ ഒരു കൂട്ടായ്മ പോലീസ് രൂപവല്‍ക്കരിച്ചുവരികയാണ്.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനും ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അതുകാരണം എന്തെങ്കിലും തരത്തില്‍ പ്രയാസങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് തടയുന്നതിനും ആവശ്യമായ നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിശോധിക്കാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News