ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക്; നിലപാട് വ്യക്തമാക്കി ബിസിസിഐ; പ്രതികരണവുമായി ശ്രീശാന്തും രംഗത്ത്

ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് നീക്കാനാകില്ലെന്ന് ബിസിസിഐ. ഒത്തുകളിയില്‍ തെളിവുണ്ടെന്നും ബിസിസിഐ സുപ്രീംകോടതിയെ അറിയിച്ചു.

അതേ സമയം വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ബിസിസിഐയ്ക്കും കേരള ക്രിക്കറ്റ് അസോസിയേഷനും നോട്ടീസ് അയച്ചു. നാലാഴ്ച്ചകം മറുപടി നല്‍കണം.കോടതിയില്‍ പ്രതീക്ഷയുണ്ടെന്ന് ശ്രീശാന്ത് പ്രതികരിച്ചു.

ഒത്തുകളി വിവാദത്തില്‍ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ ബിസിസിഐ നടപടിയെ ശരിവച്ച കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്.

ക്രിക്കറ്റിലെ കഠിനമായ ശിക്ഷയാണ് വിലക്കെന്നും. കഴിഞ്ഞ അഞ്ച് വര്‍ഷമായി ശ്രീശാന്ത് ഇതനുഭവിച്ച് വരുകയാണന്നും അദേഹത്തിന്റെ അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് സുപ്രീംകോടതിയെ അറിയിച്ചു. വിലക്ക് നീക്കണം. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി ബിസിസിഐ ഇടക്കാല ഭരണ സമിതി അദ്ധ്യക്ഷന്‍ വിനോദ് റായിക്കും കേരള ക്രിക്കറ്റ് അസോസിയേഷനും നോട്ടീസ് അയച്ചു.

നാലാഴ്ച്ചകകം മറുപടി നല്‍കാനും ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു.കോടതിയില്‍ വിശ്വാസമുണ്ടെന്ന് വാദം കേള്‍ക്കാന്‍ സുപ്രീംകോടതിയിലെത്തിയ ശ്രീശാന്ത് പ്രതികരിച്ചു.

ഏതെങ്കിലും ഒരു ടീമിന് വേണ്ടി കളിക്കുക എന്നതല്ല, ഇന്ത്യന്‍ ജേ‍ഴ്സിയില്‍ വീണ്ടും ഇറങ്ങുകയാണ് തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മലയാളിയുടെ വാശി തനിക്കുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

അതേ സമയം ഒത്തുകളി വിവാദത്തില്‍ ശ്രീശാന്തിനെതിരെ തെളിവായി ഫോണ്‍ സംഭാഷണമുണ്ടെന്ന് ബിസിസിഐ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു. ശ്രീശാന്തിന് ഏഴ് ലക്ഷവും ജിജു ജനാര്‍ദനന് നാലു ലക്ഷവുമായിരുന്നു വാഗ്ദാനമെന്നും ബിസിസിഐ പറഞ്ഞു.

എന്നാല്‍ കേസിന്റെ വിശാദംശത്തിലേയ്ക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും ആദ്യം നോട്ടീസിന് മറുപടി നല്‍കാനും കോടതി പറഞ്ഞു. 2013 ലെ ഐ.പി.എല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത് അടക്കം 36 പേരാണ് പ്രതിപട്ടികയിലുള്ളത്. എന്നാല്‍ 2015 ജൂലൈയില്‍ കേസ് വിചാരണ കോടതി തള്ളി. ആ വിധി വന്നതിന് ശേഷവും വിലക്ക് മാറ്റാന്‍ ബിസിസിഐ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News