മോദിക്ക് പിന്നാലെ യുവാക്കളെ പരിഹസിച്ച് അമിത്ഷാ; രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു

തൊഴില്‍ തേടുന്ന യുവാക്കളോട് പക്കോവട വില്‍ക്കാന്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് പിന്നാലെ അതിന് പിന്തുണയുമായി അമിത് ഷായുടെ പാര്‍ലമെന്റിലെ കന്നിപ്രസംഗം. തൊഴില്‍ ഇല്ലാത്തതിനെക്കാള്‍ നല്ലത് യുവാക്കള്‍ പക്കോവട വില്‍ക്കുന്നതാണന്ന് അമിത്ഷാ.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാണ് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗം. അതേ സമയം മോദിയുടെ പക്കോവട പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സമാജ് വാദി പാര്‍ടി യുപിയില്‍ പക്കുവട നിര്‍മ്മാണ പരിശീലന കേന്ദ്രം തുടങ്ങി.

എം.ടെക്കും, പി.എച്ച്.ഡിയും, എം.കോം, എം.ബിയെയുമൊക്കെയുള്ള തൊഴില്‍ രഹിതര്‍ രാജ്യത്തെ വര്‍ദ്ധിക്കുന്നുവെന്ന് ചൂണ്ടികാട്ടിയപ്പോള്‍, വടക്കേന്ത്യന്‍ വിഭവമായ പക്കോവട വില്‍പ്പനയിലൂടെ ഒരാള്‍ ദിവസവും 200 രൂപ ഉണ്ടാക്കുന്നുണ്ടെങ്കില്‍ അയാളെ തൊഴില്‍ രഹിതനായി കണക്കാക്കണമോ എന്ന മറുചോദ്യമായിരുന്നു പ്രധാനമന്ത്രി ഒരു ചാനല്‍ അഭിമുഖത്തില്‍ ഉന്നയിച്ചത്. മറുപടി മോദിയ്ക്ക് വിനയായി. ബാഗ്ലൂരില്‍ റാലിയ്ക്കെത്തിയ മോദിക്കെതിരെ യുവാക്കള്‍ പക്കോവട വിറ്റ് പ്രതിഷേധിച്ചു.

വിദ്യാസമ്പന്നരായ യുവാക്കളോട് പക്കോവട വില്‍ക്കാന്‍ മോദി ആവശ്യപ്പെട്ടന്ന് ചൂണ്ടികാട്ടി പ്രതിപക്ഷവും രംഗത്ത് എത്തി. ഇതിന് പിന്നാലെയാണ് വിവാദത്തില്‍ ന്യായീകരണവുമായി ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്ത് എത്തിയിരിക്കുന്നത്. തൊഴില്‍ ഇല്ലായ്മയെക്കാള്‍ നല്ലത് പക്കോവട വില്‍ക്കുന്നതാണന്നും ഇതില്‍ കുഴപ്പമില്ലെന്നുമായിരുന്നു മോദി വിശ്വസ്ത്തന്റെ വാക്കുകള്‍.രാജ്യസഭയിലെ തന്റെ പ്രഥമപ്രസംഗത്തിലാണ് അമിത്ഷാ യുവാക്കളെ പരിഹസിച്ചത്.

പക്കോവട വില്‍ക്കുന്നതില്‍ ആരും നാണിക്കേണ്ടതില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.തൊഴില്‍ ഇല്ലായ്മ ഉണ്ടെന്ന് അംഗീകരിച്ച അമിത് ഷാ ഇക്കാര്യത്തില്‍ 55 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നും കുറ്റപ്പെടുത്തി. 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചതിലൂടെ ജനം ചരിത്രപരമായ ദൗത്യമാണ് നിര്‍വഹിച്ചതെന്നും അമിത് ഷാ പറഞ്ഞു. അസ്ഥിരമായിരുന്ന രാജ്യം മോദി സര്‍ക്കാര്‍ വന്നതോടെ വികസനത്തിന്റെ പാതയിലായി. ഒന്നേകാല്‍ മണിക്കൂറോളം അമിത് ഷാ രാജ്യസഭയില്‍ പ്രസംഗിച്ചു.

അതേ സമയം പക്കോവട പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ സമാജവാദി പാര്‍ടി പക്കോവട നിര്‍മ്മാണ പിരിശീലന കേന്ദ്രം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News