കേരള ബാങ്ക് ഒരു ശക്തമായ പ്രതിരോധമാണ്

2018 ആഗസ്‌‌തു മുതൽ പ്രവർത്തനക്ഷമമാകുംവിധം നിർദിഷ്ട കേരള സഹകരണ ബാങ്കിനായുള്ള മുന്നൊരുക്കം വിവിധതലങ്ങളിൽ പുരോഗമിക്കുകയാണ്. 14 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും കൂടിച്ചേർന്ന് ഒറ്റസ്ഥാപനമായി തീരുകയെന്നതാണ് ആശയം. രാജ്യത്ത് നിലനിൽക്കുന്ന യാഥാർഥ്യങ്ങളെയും കേന്ദ്ര സർക്കാരിന്റെ ബാങ്കിങ് പരിഷ്കരണനയങ്ങളെയും അഭിസംബോധന ചെയ്തുകൊേണ്ട, സഹകരണ ബാങ്കിങ് രംഗത്തെ ഈ പുതിയ ഉദ്യമത്തെ സമീപിക്കാനാകൂ.

97‐ാമത് ഭരണഘടനാ ഭേദഗതിചെയ്ത് സഹകരണസംവിധാനത്തെ പൂർണമായും കമ്പോളാധിഷ്ഠിതമാക്കുന്ന വിധത്തിലാണ് 2012ൽ ബാങ്കിങ് റഗുലേഷൻ ആക്ടിൽ പാർലമെന്റ് മാറ്റംവരുത്തിയത്. കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ വിശേഷിച്ചും, സ്വായത്തമാക്കിയിരുന്ന ജനകീയതയും സഹവർത്തിത്വവും ഉപേക്ഷിച്ച് കഴുത്തറുപ്പൻ വരേണ്യ ബാങ്കിങ് സംസ്കാരത്തോട് ചേർന്നുനിൽക്കുക എന്നതാണ് ബാങ്ക് നിയമഭേദഗതിയുടെ സാരാംശം.

കമ്പോളമത്സരത്തിൽ പിടിച്ചുനിൽക്കാനാകാതെ, സ്വയം തകർന്നടിഞ്ഞ് നശിക്കുക എന്ന യാഥാർഥ്യത്തെയാണ് ഇതുവഴി ഇന്ത്യയിലെ സഹകരണപ്രസ്ഥാനം നേരിടേണ്ടി വരുന്നത്. ഒട്ടനവധി സങ്കീർണതകളും നാനാവിധത്തിലുള്ള വൈഷമ്യങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ സാഹചര്യമെങ്കിലും പിന്തിരിഞ്ഞോടാനല്ല, പ്രശ്നങ്ങളെ സധൈര്യം അഭിമുഖീകരിച്ച് മുന്നേറാനാണ് കേരള സർക്കാർ തീരുമാനിച്ചത്. ജില്ലാ ബാങ്കുകളിൽ നിലവിലുള്ള വ്യത്യസ്ത സാങ്കേതികവിദ്യകളുടെ സംയോജനം, 15 സ്ഥാപനങ്ങൾ ഏറ്റെടുത്തിരുന്ന വൈവിധ്യ പ്രവൃത്തികളുടെ ഏകോപനം, ഏഴായിരത്തിലധികം വരുന്ന ജീവനക്കാരുടെ മനസ്സിനെ ഏകധാരയിലെത്തിക്കൽ തുടങ്ങി ശ്രമകരദൗത്യങ്ങളാണ് നിർവഹിക്കാനുള്ളത്.

തീർത്തും പ്രായോഗികവും നിയമാനുസൃതവുമായ വിധത്തിലാണ് കേരള സഹകരണബാങ്കെന്ന ആശയം മുന്നോട്ടുവച്ചിട്ടുള്ളത്. 1904ലെ കോ‐ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി നിയമത്തെ ആധാരമാക്കിയുള്ള ചക്കരയാട്ട്, എണ്ണയാട്ട് സംഘങ്ങളിൽനിന്ന് വളർന്നുവലുതായി, അത്യന്താധുനിക വിദേശബാങ്കിനോടുപോലും കിടപിടിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളെ സൃഷ്ടിക്കാൻ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. എന്നാൽ, അത്തരം ഔന്നത്യം കരസ്ഥമാക്കുമ്പോഴും, കടന്നുവന്ന വഴികൾ മറക്കാതിരിക്കുകയും അശരണരായവരെ ഉയിർത്തെഴുന്നേൽപ്പിക്കുകയെന്ന ജന്മദൗത്യത്തെ ഉപേക്ഷിച്ചില്ലെന്നതാണ് കേരളത്തിന്റെ മികവ്.

ഇന്നത്തെ മത്സരാധിഷ്ഠിത ബാങ്കിങ് രംഗത്ത് നിലനിന്നുപോകണമെങ്കിൽ സാങ്കേതികവിദ്യയും ആധുനിക സമ്പ്രദായങ്ങളും മികച്ച സേവനസൗകര്യങ്ങളും അത്യന്താപേക്ഷിതമാണ്. രാജ്യത്തെ കമേഴ്സ്യൽ ബാങ്കുകളെല്ലാം ആധുനികതയുടെ വേഷം അണിഞ്ഞതോടെ സാധാരണക്കാരോട് അകൽച്ചയും കോർപറേറ്റുകളോട് അഭിനിവേശവും പ്രകടിപ്പിക്കുന്ന കാലമാണിത്. ആ നിലയ്ക്ക് പുതിയ ബാങ്കിങ് സങ്കേതങ്ങളെ കരസ്ഥമാക്കുകയും അതിന്റെ ഗുണഫലങ്ങൾ കഴിയുന്നത്ര അളവിൽ താഴെക്കിടയിലുള്ളവർക്ക് എത്തിക്കുകയെന്നതുമാണ് കേരള സഹകരണ ബാങ്കിലൂടെ സംസ്ഥാന സർക്കാർ നിർവഹിക്കാൻ ശ്രമിക്കുന്നത്.

നോട്ടുനിരോധനത്തിലൂടെയും മറ്റും ഉദ്ദേശം 1600ലധികം പ്രാഥമിക സഹകരണ സംഘങ്ങളെയും അവരെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ഇടപാടുകാരെയും കണ്ണീരിലാഴ്ത്തിയതിന്റെ തേങ്ങലുകൾ മറക്കാറായിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ്, പ്രാഥമിക സഹകരണ ബാങ്കുകളിലെ ഇടപാടുകാർക്ക് ആധുനിക ബാങ്കിങ് സൗകര്യങ്ങൾ കേരള ബാങ്കിലൂടെ സജ്ജമാക്കുന്ന ലക്ഷ്യം പ്രാവർത്തികമാക്കുന്നത്. പരിമിതികൾക്കകത്തുനിന്നുള്ള പ്രായോഗിക പരിഹാരങ്ങളുടെ ഊന്നുവടിമാത്രമാണിത്.

അതിനാൽതന്നെ പരാതികളും വിമർശങ്ങളും എത്രവേണമെങ്കിലും നിരത്താൻ കഴിഞ്ഞേക്കും. എന്നാൽ, ഒരു സുനാമി വിതച്ച ദുരന്തത്തിനുശേഷം എഴുന്നേറ്റുനിൽക്കാൻ ശ്രമിക്കുന്നവരുടെ നെറുകയിലടിക്കുകയല്ല, കൈപിടിച്ചുയർത്തുകയാണ് സുമനസ്സുകൾ ചെയ്യേണ്ടത്. അഥവാ, കോർപറേറ്റ് താൽപ്പര്യാർഥം, ഒരു രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ തകർക്കുകയും സാധാരണ പൗരന്മാരെ നിരന്തരം ദ്രോഹിക്കുകയും ചെയ്യുമ്പോൾ, അവർക്ക് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും നുറുങ്ങുവെട്ടം പ്രദാനം ചെയ്യാനാണ് നിർദിഷ്ട കേരള ബാങ്കിലൂടെ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.

രണ്ടരപ്പതിറ്റാണ്ടത്തെ നവലിബറൽ കാലത്ത് പുറത്തുവന്ന കമ്മിറ്റി റിപ്പോർട്ടുകളെല്ലാംതന്നെ, സമ്പന്നവിധേയത്വം കുടിയിരിക്കുന്ന വാർപ്പുമാതൃകകളാണെന്ന് കാണാം. കോർപറേറ്റുകളുടെ ഉത്തമതാൽപ്പര്യം ഉയർത്തിപ്പിടിക്കുന്ന ഇവയെ ഉപ്പുകൂട്ടാതെ വിഴുങ്ങി നടപ്പാക്കുന്ന രീതിയാണ് കേന്ദ്രഭരണാധികാരികൾ അനുവർത്തിച്ചുവരുന്നത്. തന്മൂലമാണ് ഓരോരോ വികസന മേഖലയും പരിഷ്കരണനടപടികൾക്ക് വിധേയമായിക്കഴിയുമ്പോൾ തകർന്നടിഞ്ഞില്ലാതായി പോകുന്നത്.

കേരള ബാങ്കിനെ സംബന്ധിച്ച ശ്രീറാം കമ്മിറ്റിയുടെ വിദഗ്ധ റിപ്പോർട്ടിനോടുള്ള കേരള സർക്കാരിന്റെ സമീപനം, വ്യത്യസ്തവും വ്യതിരിക്തവുമാകുന്നത് ഇത്തരുണത്തിലാണ്. റിപ്പോർട്ടിനകത്തെ വൈദഗ്ധ്യങ്ങളടങ്ങിയ നിർദേശങ്ങളെ തുറന്നമനസ്സോടെ സ്വീകരിക്കുകയും എന്നാൽ, ജനവിരുദ്ധ ആശയങ്ങളെ ഒരു കരുണയുമില്ലാതെ തള്ളിക്കളയുമെന്നാണ് സംസ്ഥാന സർക്കാർതന്നെ വ്യക്തമാക്കിയത്. ഒരൊറ്റ ബാങ്ക് ശാഖയും അടച്ചുപൂട്ടില്ലെന്നും ഒരു ജീവനക്കാരനെയും പിരിച്ചുവിടില്ലെന്നും ആനുകൂല്യങ്ങളൊന്നും നിഷേധിക്കില്ലെന്നും സംസ്ഥാന സഹകരണമന്ത്രി ആശങ്കകൾക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചു.

എന്നിട്ടും കെട്ടുകഥകളിലൂടെ ഭീതിയുണ്ടാക്കി, പുകമറകൾ സൃഷ്ടിച്ച് കേരള ബാങ്കെന്ന ആശയത്തെ അട്ടിമറിക്കാനാണ് കുത്സിതശക്തികളുടെ അണിയറനീക്കമെന്നു കാണാം. ഒരു ജനതയൊന്നാകെ അതിജീവനത്തിന്റേതായ പുതുമാർഗങ്ങൾ തേടുന്നേരം, വഴിമുടക്കാൻ ശ്രമിക്കുന്നവർ കേരളത്തിലെ വിശിഷ്ടമായ സഹകരണപ്രസ്ഥാനത്തിന്റെ അസ്തിവാരം ഇളക്കാനാണ് കൂട്ടുനിൽക്കുന്നത്.

കേരളത്തിന്റെ വികസനത്തിലും ദൈനംദിനജീവിതത്തിലുമുള്ള സഹകരണപ്രസ്ഥാനത്തിന്റെ പ്രാധാന്യം മലയാളികളുടെ നേരനുഭവമാണ്. അനന്തമായ സാധ്യതകളുടെ വിളനിലമാണ് കേരളത്തിലെ സഹകരണപ്രസ്ഥാനം. പ്രതിസന്ധിപൂരിതമായ മുഖ്യധാരാ ബാങ്കിങ് സംവിധാനത്തിനുബദലായി വളരാൻ സഹകരണ സ്ഥാപനങ്ങൾക്കാകുമെന്നാണ് ലോക അനുഭവങ്ങൾ പറഞ്ഞുതരുന്നത്. പ്രാദേശിക വിഭവസമാഹരണത്തിനും തദ്ദേശീയ വികസന സാധ്യതകൾക്കും ഉതകുംവിധം ആധുനിക രീതിയിലുള്ള സഹകരണ സംവിധാനം ചിട്ടപ്പെടുത്താനായാൽ ദേശീയപ്രതിസന്ധികളെപ്പോലും അതിജീവിക്കാനാകുമെന്ന്, കേരളം വിവിധ മേഖലകളിൽ തെളിയിച്ചിട്ടുള്ളതാണ്.

ഇത്തരം ഒരു പരീക്ഷണത്തിന് മുതിരുന്നില്ലെങ്കിൽ, സ്വയമേവ ഇല്ലാതായി തകർന്നുപോകുമെന്നതാണ് സഹകരണപ്രസ്ഥാനത്തിന്റെ ഇന്നത്തെ മറുഭാഷ്യം. കനത്ത വെല്ലുവിളി നേരിടുന്ന ഈ സമയത്ത് മുൻവിധികളെയും കക്ഷിരാഷ്ട്രീയവിരോധത്തെയും മാറ്റിവയ്ക്കുക എന്നതാണ് എല്ലാവരും അനുവർത്തിക്കേണ്ട സമീപനം. രണ്ടരപ്പതിറ്റാണ്ടായി ഇന്ത്യയിൽ വിതറിക്കൊണ്ടിരിക്കുന്ന നവലിബറൽ നയങ്ങളുടെ സുനാമിവാഹകർക്ക് നിക്ഷിപ്തതാൽപ്പര്യങ്ങൾ ഉണ്ടായേക്കാം. അതുകൊണ്ടാണ്, 2012ലെ ജനവിരുദ്ധ ബാങ്കിങ് റഗുലേഷൻ ആക്ട് ഭേദഗതിക്കുപുറമെ, ജനങ്ങളുടെ ബാങ്ക് നിക്ഷേപങ്ങൾക്കുപോലും സുരക്ഷയില്ലാതാക്കുന്ന എഫ്ആർഡിഐ ബില്ലുപോലുള്ള മാരകനിയമങ്ങൾ പിറവികൊള്ളുന്നത്.

അത്തരക്കാർക്കുമുന്നിൽ ഒരു സമൂഹം കീഴ്പെട്ടാൽ സർവനാശമായിരിക്കും പരിണതഫലം. എന്നാൽ, സാമൂഹ്യജീവിതത്തിന്റെ സകലതുറകളിലും ഇന്ത്യക്കുമുമ്പേ നടന്നുനീങ്ങുന്ന, ജനവിരുദ്ധ ആഗോളവൽക്കരണ നയങ്ങൾക്ക് അസംഖ്യം ബദലുകൾ ഉയർത്തുന്ന കേരളം, സഹകരണരംഗത്ത് പുതിയൊരു ഉണർവും ഉത്തേജനവും സ്വായത്തമാക്കാൻ ശ്രമിക്കുകയാണ് കേരള ബാങ്കിലൂടെ. സങ്കുചിത വീക്ഷണങ്ങൾക്ക് അവധി കൊടുത്ത്, ഈയൊരു പരീക്ഷണവിജയം കൈവരിക്കാനായാൽ, ഇന്ത്യൻ ബാങ്കിങ് പ്രതിസന്ധിക്കുതന്നെ പാഠഭേദം രചിച്ച്, ദേശീയതലത്തിലെ ഉദാത്ത ബാങ്കിങ് മാതൃകയായിത്തീരാൻ കേരള സഹകരണ ബാങ്കിന് കഴിയുമെന്നത് തീർച്ചയാണ്.

കടപ്പാട്; ദേശാഭിമാനി; ബെഫി സംസ്ഥാന പ്രസിഡന്‍റ് ടി നരേന്ദ്രന്‍ എ‍ഴുതിയ ലേഖനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News