എംവിആര്‍ മാധ്യമ പുരസ്കാരം ബിജു മുത്തത്തിക്ക്; സാമൂഹ്യപ്രവര്‍ത്തന പുരസ്കാരം വൈഎ റഹീമിന്

ഷാര്‍ജ: മുൻ മന്ത്രിയും സി.എം.പി.നേതാവുമായിരുന്ന എം.വി.രാഘവന്റെ പേരിലുള്ള മൂന്നാമത് ‘എം.വി.ആർ.സ്‌മൃതി ഫൗണ്ടേഷൻ’ അവാർഡുകൾ ദുബായില്‍ പ്രഖ്യാപിച്ചു. മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്കാരം ബിജു മുത്തത്തിക്ക് നല്‍കും.

സാമൂഹ്യ പ്രവർത്തനത്തിനുള്ള പുരസ്കാരം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ. എ റഹീമിനാണ്. യുഎഇയിലുള്ള ഇന്ത്യക്കാർക്കുവേണ്ടി നടത്തുന്ന സേവനങ്ങളെ മുൻനിർത്തിയാണ് വൈ.എ.റഹീമിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭരണസമിതിയില്‍ 13 തവണ പ്രസിഡന്‍റും 3 തവണ ജനറല്‍ സെക്രട്ടറിയുമായിരുന്ന റഹീം ഷാര്‍ജ സുല്‍ത്താന്‍റെ കേരള സന്ദര്‍ശനത്തിന് പ്രധാന പങ്ക് പഹിച്ച വ്യക്തികൂടിയാണ്. 38 വര്‍ഷമായി യു എ ഇ യിലുള്ള അദ്ദേഹം കൊല്ലം മൈനാകപള്ളി സ്വദേശിയാണ്.

കൈരളി- പീപ്പിൾ ടി.വിയിൽ സംപ്രേഷണം ചെയ്യുന്ന ‘കേരള എക്സ്പ്രസ്’ എന്ന പരിപാടിയുടെ സംവിധാനത്തിനും അവതരണത്തിനുമാണ് ബിജു മുത്തത്തിക്ക് അവാര്‍ഡ്. 2011സപ്റ്റംബര്‍ 20ന് 108 വര്‍ഷം പ‍ഴക്കമുള്ള പുനലൂര്‍ ചെങ്കോട്ട മീറ്റര്‍ ഗേജ് തീവണ്ടിയുടെ അവസാന യാത്രയില്‍ നിന്ന് ആരംഭിച്ച ഈ പരിപാടി കേരളീയ മുഖ്യധാരയില്‍ അധികം കാണാത്ത ജീവിതക്കാ‍ഴ്ച്ചക‍ളുമായി ഇതുവരെ 360 എപ്പിസോഡുകള്‍ പിന്നിട്ടു.

മൂന്ന് തവണ സംസ്ഥാന സര്‍ക്കാരിന്‍റെ ടെലിവിഷന്‍ പുരസ്കാരവും നേടിയിട്ടുണ്ട് കേരളാഎകസ്പ്രസ്. കൈരളി ടിവിയുടെ തിരുവനന്തപുരം ന്യൂസ് ഡെസ്കില്‍ ചീഫ് ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റായി പ്രവര്‍ത്തിക്കുന്ന ബിജു മുത്തത്തി കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ്.

ഈ മാസം 22 ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അവാർഡുകൾ വിതരണം ചെയ്യും. ഡോ.ആസാദ് മൂപ്പൻ, പി.പി.ശശീന്ദ്രൻ, എം.വി.നികേഷ് കുമാർ എന്നിവരും ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് നടൻ ജയരാജ് വാര്യർ അവതരിപ്പിക്കുന്ന കാരിക്കേച്ചർ ഷോ അരങ്ങേറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here