ഭരണത്തിലേറി ആദ്യ 30 മാസം; ലോകം ചുറ്റാന്‍ മോദി ചിലവഴിച്ചത് 275 കോടി

ദില്ലി: ഭരണത്തിലേറി ആദ്യ 30 മാസംകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകവിമാനങ്ങളില്‍ നടത്തിയ വിദേശയാത്രക്ക് ചെലവിട്ടത് 274.8 കോടി രൂപ. വ്യോമസേനാ വിമാനങ്ങളില്‍ നടത്തിയ അഞ്ച് യാത്രയുടെ ചെലവ് ഇതിനുപുറമെയാണ്.

2016 നവംബര്‍ മുതല്‍ 2018 ജനുവരിവരെ നടത്തിയ ഒമ്പത് വിദേശ യാത്രയുടെ ചെലവ് ഇതുവരെ കണക്കാക്കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇക്കാലയളവില്‍ 15 രാജ്യമാണ് സന്ദര്‍ശിച്ചത്. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരിക്കെ പത്തുവര്‍ഷം നടത്തിയ 73 വിദേശയാത്രയുടെ മൊത്തം ചെലവ് 671.90 കോടി രൂപയായിരുന്നു. വിവരാവകാശനിയമപ്രകാരം പുറത്തുവന്നതാണ് ഇത്.

മോദി 2014 മേയില്‍ പ്രധാനമന്ത്രിയായശേഷം പ്രഥമയാത്ര ഭൂട്ടാനിലേക്കായിരുന്നു. 2014 ജൂണ്‍ 15നും 16നും നടത്തിയ യാത്രയ്ക്ക് ചെലവ് 2.45 കോടി രൂപ. തുടര്‍ന്ന് 2016 സെപ്തംബര്‍വരെ 21 യാത്രകളിലായി 49 രാജ്യം സന്ദര്‍ശിച്ചതിന് 274.8 കോടി ചെലവായി. നേപ്പാള്‍ (രണ്ടുതവണ), ഇറാന്‍, ബംഗ്ലാദേശ്, സിംഗപ്പുര്‍ സന്ദര്‍ശനങ്ങള്‍ വ്യോമസേനാ വിമാനത്തിലായിരുന്നു. ഇതിന്റെ ചെലവ് പ്രതിരോധ വകുപ്പിന്റെ ചെലവില്‍വരും.

2015 ഏപ്രില്‍ ഒമ്പതുമുതല്‍ 17 വരെ നടത്തിയ ഫ്രാന്‍സ്, ജര്‍മനി, ക്യാനഡ സന്ദര്‍ശനമാണ് ഏറ്റവും കൂടുതല്‍ പണം ചെലവായ യാത്ര 31.25 കോടി. ഓസ്‌ട്രേലിയ, ഫിജി, മ്യാന്‍മര്‍ യാത്രയ്ക്ക് (2014 നവംബര്‍ 1120) 22.58 കോടി രൂപയും ബ്രസീല്‍ സന്ദര്‍ശനത്തിന് (2014 ജൂലൈ 1317) 20.35 കോടി രൂപയും ചെലവിട്ടു. അമേരിക്ക ഉള്‍പ്പെട്ട മൂന്ന് സന്ദര്‍ശനത്തിന് 50 കോടിയാണ് ചെലവായത്.

2016 നവംബര്‍മുതല്‍ 2018 ജനുവരിവരെ ജപ്പാന്‍, ശ്രീലങ്ക, ജര്‍മനി (രണ്ടുതവണ), സ്‌പെയിന്‍, ഫ്രാന്‍സ്, റഷ്യ, കസ്ഖ്സ്ഥാന്‍, പോര്‍ച്ചുഗല്‍, അമേരിക്ക, നെതര്‍ലന്‍ഡ്‌സ്, ഇസ്രയേല്‍, ചൈന, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലായി നടത്തിയ ഒമ്പത് യാത്രയുടെ ചെലവുവിവരമാണ് പുറത്തുവരാനുള്ളത്. ഇതെല്ലാം പ്രത്യേക വിമാനങ്ങളിലായിരുന്നു. അവസാനം നടത്തിയ യാത്രകളുടെ ചെലവ്് സര്‍ക്കാര്‍ പുറത്തുവിടാത്തത് ദുരൂഹമാണ്.

യാത്രകളില്‍ അനുഗമിക്കുന്നവരുടെ പേരുവിവരം വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമീഷണറുടെ നിര്‍ദേശവും സര്‍ക്കാര്‍ തള്ളി. അകമ്പടി ഉദ്യോഗസ്ഥരുടെ പേരുകള്‍ സുരക്ഷാകാരണങ്ങളാല്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ നിലപാട് വിവരാവകാശ കമീഷന്‍ അംഗീകരിച്ചു. എന്നാല്‍, പ്രധാനമന്ത്രിയോടൊപ്പം പോകുന്ന സ്വകാര്യ കോര്‍പറേറ്റ് പ്രതിനിധികളുടെയും മറ്റും വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് വിവരാവകാശ കമീഷന്‍ ആവശ്യപ്പെട്ടത്.

ഇന്ത്യക്കുള്ളില്‍ പ്രധാനമന്ത്രി മോദി ഇതുവരെ 10 ഔദ്യോഗികസന്ദര്‍ശനമാണ് നടത്തിയത്. ഇവയുടെ ചെലവ് പ്രതിരോധമന്ത്രാലയത്തിന്റെ കണക്കില്‍പെടുത്തും. ആദ്യ മൂന്നുവര്‍ഷം പ്രധാനമന്ത്രി മോദി 45 രാജ്യത്തായി 119 ദിവസം ചെലവഴിച്ചു. ഭൂമിയെ എട്ടര പ്രാവശ്യം ചുറ്റുന്ന ദൂരത്തിനു തുല്യമായ അളവില്‍ യാത്രചെയ്തു. ഇതുവരെ നാലുപ്രാവശ്യം അമേരിക്കയും രണ്ടുതവണ ചൈനയും സന്ദര്‍ശിച്ചു.

മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരിക്കെ പ്രത്യേകവിമാനങ്ങളില്‍ നടത്തിയ 73 യാത്രയ്ക്കാണ് 671.90 കോടി രൂപ ചെലവായത്. മൊത്തം 60ല്‍പരം രാജ്യങ്ങളാണ് മന്‍മോഹന്‍സിങ് സന്ദര്‍ശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News