കുരീപ്പുഴയ്‌ക്കെതിരായ ആര്‍എസ്എസ് ആക്രമണം; ആവര്‍ത്തിക്കാന്‍ ആര് ശ്രമിച്ചാലും കര്‍ശനമായി നേരിടുമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: കുരീപ്പുഴയ്‌ക്കെതിരായ  ആക്രമണം ആവര്‍ത്തിക്കാന്‍ ആര് ശ്രമിച്ചാലും കര്‍ശനമായി നേരിടുമെന്ന് പിണറായി വിജയന്‍. കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുണ്ടായത് വര്‍ഗീയതയുടെ അസഹിഷ്ണുത നിറഞ്ഞ ആക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . വിയോജനാഭിപ്രായങ്ങളെ ഞെരിച്ചുകൊല്ലുന്ന വിധത്തില്‍ ദേശീയവ്യാപകമായിത്തന്നെ ആക്രമണങ്ങള്‍ നടക്കുകയാണ്.

അഭിപ്രായ സ്വാതന്ത്ര്യത്തിനു നേര്‍ക്ക് വര്‍ദ്ധിച്ച തോതിലുള്ള ആക്രമണങ്ങളാണ് കുറേക്കാലമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നരേന്ദ്ര ധബോല്‍ക്കര്‍ക്കും ഗോവിന്ദ് ബന്‍സാരക്കും എം.എം. കല്‍ബുര്‍ഗ്ഗിക്കും ഗൗരി ലങ്കേഷിനുമൊക്കെ ജീവന്‍ തന്നെ നഷ്ടപ്പെട്ടത് ഈ വിധത്തിലുള്ള വര്‍ഗ്ഗീയതയുടെ അസഹിഷ്ണുത നിറഞ്ഞ ആക്രമണത്തിന്റെ ഫലമായിട്ടാണ്.

കേരളത്തില്‍ എം.ടി.ക്കും കമലിനും എം.എം.ബഷീറിനും ഒക്കെ നേര്‍ക്ക് ഭീഷണികളുണ്ടായി. ഇത് അനുവദിക്കുന്ന പ്രശ്‌നമില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് സര്‍വ്വ സംരക്ഷണവും നല്‍കും എന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ടതില്ല. അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളെ അതിശക്തമായി തന്നെ അമര്‍ച്ച ചെയ്യുമെന്ന കാര്യത്തിലും ആര്‍ക്കും സംശയം വേണ്ട. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കാന്‍ ആര് ശ്രമിച്ചാലും അതിനെ കര്‍ശനമായി സര്‍ക്കാര്‍ നേരിടുമെന്നും മുല്ലക്കര രത്‌നാകരന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കുരീപ്പുഴ ശ്രീകുമാറിനെ പഞ്ചായത്ത് മെമ്പര്‍ ദീപുവിന്റെ നേതൃത്വത്തില്‍ 15 ഓളം ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തി കയ്യേറ്റശ്രം നടത്തുകയായിരുന്നു. കേസില്‍ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം രാജ്യവ്യാപകമായി നടക്കുമ്പോഴും പച്ചത്തുരുത്തായി കേരളം നിലനില്‍ക്കുന്നുണ്ട്. അത് ഇവിടുത്തെ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ശക്തികൊണ്ടാണ്. ആ ശക്തിയുടെ തണലില്‍ തന്നെ അഭിപ്രായസ്വാതന്ത്ര്യ സംരക്ഷണത്തിനായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനമേഖലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ച കര്‍ണ്ണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഹര്‍ജി ബഹു. സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് സി കെ ശശീന്ദ്രന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

രാത്രിയാത്ര നിരോധനത്തിനു പകരം പോലീസിന്റെയും വനം വകുപ്പിന്റെയും മേല്‍നോട്ടത്തില്‍ കോണ്‍വോയ് ആയി വാഹനങ്ങള്‍ കടത്തിവിടുക, നിരോധനം ഏര്‍പ്പെടുത്തുന്നപക്ഷം നിലവിലുള്ള പാത വികസിപ്പിച്ച് പകല്‍സമയത്ത് കൂടുതല്‍ വാഹനങ്ങള്‍ കടത്തിവിടുക, തൂണുകളില്‍ പിടിപ്പിക്കുന്ന രീതിയില്‍ ഇരട്ടവരിപ്പാത പണിയുക, വന്യജീവികള്‍ക്ക് ഉപദ്രവമുണ്ടാകാത്തവിധം വാഹനമോടിക്കുന്നതിന് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുക ഇക്കാര്യം പഠിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി വിദഗ്ദ്ധ സമിതിയെ നിയമിക്കുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാനം സുപ്രീംകോടതിയില്‍ ഉന്നയിച്ചത്.

അതോടൊപ്പം അയല്‍സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നം എന്ന നിലയില്‍ കര്‍ണ്ണാടകത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്യാനും ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറി തലത്തിലും ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ നടത്തും. മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here