
മനുഷ്യന്റേയും മറ്റ് ജീവികളുടേയും നിലനിൽപ്പിനു ഈ പ്രകൃതി അനിവാര്യമാണ്. എന്നാൽ മനുഷ്യൻ അമിതമായി പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടേ ഇരിക്കുന്നു. ഇത് മനുഷ്യനുൾപ്പടെ നിരവധി ജീവികളുടെ നിലനിൽപ്പിനു തന്നെ ഭീഷണിയായി തീരുന്നുമുണ്ട്. നാശത്തിന്റെ വക്കിലാണെന്നറിഞ്ഞിട്ടും ഈ ചൂഷണം കുറയ്ക്കാൻ മനുഷ്യൻ തയ്യാറാകാത്തത് ഭീതിജനകമാണ്.
സൂര്യ രശ്മിയിൽ ഒട്ടനേകം അൾട്രാവയലറ്റ് രശ്മികൾ ഉണ്ട്. ഇവയെല്ലാം തടഞ്ഞ് ഭൂമിക്ക് മേലെ ആവരണം തീർക്കുന്ന ഓസോൺ പാളികളിൽ വിള്ളൽ എന്ന വാർത്ത കുറേ കാലം മുൻപ് നമ്മൾ അറിഞ്ഞതാണ്. എന്നാൽ ആശ്വസിക്കാനുള്ള വക നൽകുന്നതാണു പുതിയ കണ്ടെത്തലുകൾ.
1970കളിൽ വിള്ളൽ കണ്ടെത്തിയ ഓസോൺ പാളികൾ വീണ്ടും പൂർവ്വസ്ഥിതി പ്രാപിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. ഒരു കരാറിലൂടെ ഓസോൺ പാളിക്ക് ഹാനികരമായ സി.എഫ്.സി.യുടെ ഉപയോഗം കുറയ്ക്കാൻ ലോക രാഷ്ട്രങ്ങൾ തീരുമാനിച്ചതിന്റെ ഫലമാണു ഈ സ്ഥിതി കൈവരിക്കാനുള്ള കാരണം.
പാക്കിംഗ് ഉത്പന്നങ്ങളിലും റഫ്രിജറേറ്ററിലെ ഘടകങ്ങളിലും വ്യാപകമായി കണ്ടു വരുന്ന സി.എഫ്.സി. യുടെ സാന്നിധ്യം കുറയ്ക്കുക വഴി പ്രകൃതിയിൽ വലിയൊരു മാറ്റത്തിനു നാന്ദി കുറിച്ചിരിക്കുകയാണ്.
ഈ സ്ഥിതി തുടർന്നാൽ 2075 ആകുമ്പോഴേക്കും ധ്രുവങ്ങളിലെ ഓസോൺ പാളികളിലെ വിള്ളൽ അപ്രത്യക്ഷമായി ഓസോൺ പാളി പൂർവ്വ സ്ഥിതി പ്രാപിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here