ബിസിനസുകാരനെ സഹായിക്കാനായി മോദി റാഫേല്‍ കരാര്‍ തിരുത്തിയെന്ന് രാഹുല്‍; നടന്നത് വന്‍ അ‍ഴിമതി; മോദിയും കേന്ദ്രസര്‍ക്കാരും കടുത്ത പ്രതിസന്ധിയില്‍; വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് പ്രതിരോധമന്ത്രി

നരേന്ദ്രമോദിയേയും കേന്ദ്രസര്‍ക്കാരിനേയും കടുത്ത പ്രതിസന്ധിയിലാക്കുന്ന ആരോപണങ്ങളുമായാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തിയത്. റാഫേല്‍ കരാറില്‍ വന്‍ അഴിമതിയുണ്ടെന്നാണ് രാഹുല്‍ അഭിപ്രായപ്പെട്ടത്. കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടില്ലെന്ന സര്‍ക്കാര്‍ നിലപാട് ഇത് തെളിയിക്കുന്നതാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

വിമാനങ്ങള്‍ വാങ്ങാന്‍ ചെലവായ തുക വെളിപ്പെടുത്താനാകില്ലെന്ന പ്രതിരോധമന്ത്രിയുടെ പ്രസ്താവന ചൂണ്ടികാട്ടിയാണ് രാഹുലിന്റെ കടന്നാക്രമണം. മോദി നേരിട്ടെത്തിയാണ് യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ മാറ്റം വരുത്തിയതെന്ന് ചൂണ്ടികാട്ടിയ രാഹുല്‍ ചെലവായ തുക സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

ഒരു ബിസിനസുകാരനെ സഹായിക്കാനായി മോദി നേരിട്ട് പാരീസില്‍ പോയി റാഫേല്‍ ഇടപാടില്‍ മാറ്റം വരുത്തിയെന്നും രാഹുല്‍ ആരോപിച്ചു. റാഫേല്‍ ഇടപാടില്‍ മാധ്യമങ്ങളേയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇടപാടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എന്തുകൊണ്ട് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. മാധ്യമങ്ങള്‍ കുറച്ചുകൂടി നട്ടെല്ലിന്റെ ശക്തികാട്ടണമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

36 വിമാനങ്ങള്‍ക്കായുളള കരാറിനെ കുറിച്ചുളള വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്നും ഇത് രാജ്യത്തെ സംബന്ധിക്കുന്ന രഹസ്യം ആണെന്നും ആയിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.

യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് വ്യോമസേനയ്ക്കു വേണ്ടി ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുന്നത്. പിന്നീട് നരേന്ദ്രമോദി സര്‍ക്കാര്‍ ഈ കരാറുമായി മുന്നോട്ടു പോയി. ആദ്യം 126 വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതി മാറ്റം വരുത്തി സര്‍ക്കാര്‍ 36 വിമാനങ്ങളാക്കുകയായിരുന്നു. ഇത് വന്‍തോതിലുള്ള അഴിമതിയുടെ ഭാഗമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News