സംഘപരിവാറിന്‍റെ കൊടുംക്രൂരത; മുസ്ലിം മതവിശ്വാസിയായ 45 കാരനെ 25 ലേറെത്തവണ ക്രൂരമായി മര്‍ദ്ദിച്ച് ജയ്ശ്രീറാം വിളിപ്പിക്കാന്‍ ശ്രമം; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ബി ജെ പി ഭരിക്കുന്ന രാജസ്ഥാനില്‍ മുസ്ലിം വിശ്വാസിയായ മധ്യവയസ്കനെ മര്‍ദിച്ച് ജയ് ശ്രീറാം വിളിപ്പിക്കാന്‍ യുവാവിന്‍റ ശ്രമം. യുവാവ് തന്നെ ചിത്രീകരിച്ച ആക്രമണത്തിന്‍റെ വീഡിയോ വൈറലായതോടെ യുവാവ് പിടിയിലായി. മുഹമ്മദ് സലിം എന്ന 45കാരനാണ് ക്രൂര മര്‍ദനത്തിനിരയായത്.

രാജസ്ഥാനിലെ സിറോഹി ജില്ലയിലായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകന്‍റെ ക്രൂരത. ആക്രമണത്തിന്‍റെ വീഡിയോ ചിത്രീകരണത്തിനിടെ താന്‍ വിനയ് കുമാര്‍ മീണയാണെന്ന് പറഞ്ഞ് യുവാവ് തന്നെ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇരുപത്തിയഞ്ചോളം തവണയാണ് വിനയ് കുമാര്‍ സലിമിനെ മര്‍ദിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടത്.

അസഭ്യവര്‍ഷത്തോടെ മുഖത്തടിക്കുന്നതിന് പുറമെ താടിയിലും മുടിയിലും നിരന്തരം പിടിച്ചുവലിക്കുകയും ചെയ്തു. ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന്ഭീഷണിപ്പെടുത്തുന്നുമുണ്ട്.

ഇവിടെ കോണ്‍ഗ്രസ് സര്‍ക്കാരല്ല ഭരിക്കുന്നതോര്‍മ്മ വേണമെന്നും യുവാവ് ഓര്‍മിപ്പിക്കുന്നുണ്ട്. മുഖത്തടിയേല്‍ക്കുമ്പോ‍ഴും ദൈവം സര്‍വശക്തനാണെന്നായിരുന്നു സലീമിന്‍റെ മറുപടി.

യുവാവ് തന്നെ ചിത്രീകരിച്ച ആക്രമണ വീഡിയോ പ്രചരിച്ചതോടെ ആക്രമണത്തെക്കുറിച്ച് സലീമിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും അബുറോഡ് സിറ്റി പൊലീസീല്‍ പരാതി നല്‍കി.

മതവികാരം വ്രണപ്പെടുത്തല്‍, ശത്രുത വളര്‍ത്താന്‍ ശ്രമിച്ചു സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി വിനയ് കുമാറിനെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് ശിരോഹി ഓം പ്രകാശ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News