പച്ചക്കറി വില കുറഞ്ഞു; ഊണിന് 10 രൂപ കുറവ് മതി കുമാരേട്ടന്‍ പറയുന്നു; ഒരു പാലക്കാടൻ മാതൃക

അവശ്യസാധനങ്ങൾക്കും പച്ചക്കറികൾക്കുമെല്ലാം വില കുറയുമ്പോൾ ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങൾക്കും വില കുറയണമെന്ന് ജനങ്ങൾ ആഗ്രഹിക്കാറുണ്ട്. പക്ഷേ അത് നടക്കാറില്ല. എന്നാൽ ജനങ്ങളുടെ മനസ്സ് തൊട്ടറിഞ്ഞ് തീരുമാനമെടുത്തിരിക്കുകയാണ് പാലക്കാട്ടെ ഒരു ഹോട്ടലുടമ.

പാലക്കാട് സുല്‍ത്താന്‍ പേട്ട് വെ‍ള്ളാന്‍ തെരുവിലെ ദേവീകൃപ ഹോട്ടലിലെത്തിയാല്‍ ആളുകളെ സ്വീകരിക്കുന്നത് ചെറിയ അറിയിപ്പാണ്. “പച്ചക്കറി വില കുറഞ്ഞതിനാല്‍ ശാപ്പാടിന് 10 രൂപ കുറച്ചിരിക്കുന്നു.”

ഹോട്ടലിലെത്തുന്നവര്‍ക്ക് ആശ്ചര്യവും ഒപ്പം ആശ്വാസവും… പച്ചടി, അവിയൽ, പപ്പടം, മീൻ കറി, സാമ്പാർ എല്ലാമടക്കം 40 രൂപ. 6 മാസം മുമ്പ് ഊണിന് 50 രൂപയാക്കി ഉയർത്തിയിരുന്നു. പച്ചക്കറി വില കുറഞ്ഞതോടെ 40 രൂപയാക്കുകയായിരുന്നു.

മൂന്ന് തലമുറയുടെ പാരമ്പര്യമുള്ള ഹോട്ടൽ 1926 ലാണ് ആരംഭിച്ചത്. അമിതലാഭമെടുക്കാതെ സേവനമെന്ന നിലയിൽ ഭക്ഷണം വിളമ്പണമെന്ന് അച്ഛനിലൂടെ പഠിച്ചിട്ടുണ്ടെന്ന് ഹോട്ടലുടമ കുമാരേട്ടൻ പറയുന്നു. വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക് കൂടി ലഭിക്കണമെന്നതിനാലാണ് വില കുറച്ചതെന്ന് കുമാരേട്ടൻ.

ഈ മാതൃക മറ്റ് ഹോട്ടലുകളും അനുകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഹോട്ടൽ വില വർധനവ് പലപ്പോഴും ചർച്ചയാവാറുണ്ട്.

ജി എസ് ടി യിൽ നികുതിയിളവ് ലഭിച്ചിട്ടും പല ഹോട്ടലുകളിലും വില നിയന്ത്രണമില്ലാതെ തുടരുന്നതിനിടെയാണ് ഈ മാതൃക. എന്തായാലും ഹോട്ടലിലെത്തുന്നവർ വയർ മാത്രമല്ല മനസ്സും നിറഞ്ഞാണ് മടങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News