കാര്‍ഷികവൃത്തിയുടെ മഹത്വം വിളിച്ചോതി കൈരളി ടിവി കതിര്‍ അവാര്‍ഡ് വേദി; വൈകാരിക നിമിഷങ്ങള്‍ പങ്കുവെച്ച് സലീം കുമാര്‍; സദസ്സിനെ കയ്യിലെടുത്ത് കൃഷ്ണ പ്രസാദ്

കാര്‍ഷികവൃത്തിയുടെ മഹത്വം വിളിച്ചോതുന്നതായിരുന്നു കൈരളി ടിവി കതിര്‍ അവാര്‍ഡ് വേദി. നര്‍മ്മത്തിന്റെ ഭാഷയില്‍ തന്റെ കാര്‍ഷികാനുഭവങ്ങള്‍ പങ്കുവെച്ച നടന്‍ സലീം കുമാറും ചടങ്ങിലെ മറ്റൊരു വിശിഷ്ടാതിഥിയായിരുന്ന നടന്‍ കൃഷ്ണ പ്രസാദും തങ്ങളുടെ പ്രസംഗത്തിലൂടെ സദസ്സിനെ കയ്യിലെടുത്തു. ഒട്ടേറെ വൈകാരിക നിമിഷങ്ങള്‍ക്കും കതിര്‍ അവാര്‍ഡ്ദാന ചടങ്ങ് സാക്ഷിയായി.

ഇനിയും നഷ്ടപ്പെട്ടില്ലാത്ത കാര്‍ഷിക സംസ്‌കൃതിയെക്കുറിച്ചാണ് ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഏക സ്വരത്തില്‍ പറയാനുണ്ടായിരുന്നത്. വലിയ വിദ്യാഭ്യാസമില്ലാതിരുന്നിട്ടും കാര്‍ഷിക സര്‍വ്വകലാശാലയില്‍ തനിക്ക് ക്ലാസെടുക്കാന്‍ അവസരം ലഭിച്ചത് താനൊരു പൊക്കാളി കര്‍കനായതുകൊണ്ടുകൂടിയാണെന്ന് നടന്‍ സലിം കുമാര്‍ പറഞ്ഞു. ഭാവിയില്‍ താനും കതിര്‍ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഈ വേദിയില്‍ എത്തുമെന്ന സലീം കുമാറിന്റെ വാക്കുകളെ നിറഞ്ഞ കയ്യടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്.

താന്‍ നടനായതു കൊണ്ടല്ല മറിച്ച് ഒരു കര്‍ഷകനായതുകൊണ്ടാണ് ഈ വേദിയില്‍ ഇരിക്കാന്‍ അവസരം ലഭിച്ചതെന്ന് കൃഷ്ണപ്രസാദ് പറഞ്ഞു. സര്‍ക്കാര്‍ സ്‌ക്കൂളിലെ പാഠ പുസ്തകത്തില്‍ വരെ തന്നെ പരാമര്‍ശിക്കുന്ന സാഹചര്യം ഉണ്ടായത് കൃഷിയുടെ മഹത്വം കൊണ്ടാണെന്നും കൃഷ്ണ പ്രസാദ് പറഞ്ഞു.

മികച്ച കര്‍ഷകനുള്ള അവാര്‍ഡിനര്‍ഹനായ അഭയം കൃഷ്ണനോടൊപ്പമെത്തിയ അമ്മമാര്‍ ചടങ്ങിലെ താരങ്ങളായി. കൃഷ്ണന്റെ അഭയ കേന്ദ്രത്തിലെ അന്തേവാസികളായ അമ്മമാരെ നടന്‍ മമ്മൂട്ടി സദസ്സിന്റെ മുന്‍ നിരയിലേക്ക് ക്ഷണിച്ചപ്പോള്‍ സദസ്സിലുള്ളവര്‍ വികാരനിര്‍ഭരമായി കരഘോഷം മുഴക്കി.

അവാര്‍ഡ് ജേത്രിയായ സ്വപ്ന ജയിംസ് ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തെ മമ്മൂട്ടി വേദിയിലേക്ക് വിളിച്ചതും പരീക്ഷണാത്മക കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച എന്‍ എം ഷാജി അമ്മയോടൊപ്പം വേദിയിലെത്തി മമ്മൂട്ടിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങിയതും കൗതുകകാഴ്ച്ചയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News