ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം കേന്ദ്രീകൃത സ്വേച്ഛാധിപത്യത്തിന്റേത്

ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ ബദ്ധശ്രദ്ധരാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപിയും.

പാര്‍ലമെന്റില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ച വേണമെന്ന് അഭിപ്രായപ്പെട്ട രാഷ്ട്രപതി, എങ്കില്‍മാത്രമേ രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഇക്കാര്യത്തില്‍ ഒരു സമവായത്തിലെത്താന്‍ കഴിയൂ എന്നും നിര്‍റേശിച്ചു.

തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് നടത്തുന്നത് ഖജാനയ്ക്ക് വന്‍ ചെലവ് വരുത്തുമെന്ന വാദമാണ് ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന് അനുകൂലമായി മുന്നോട്ടുവയ്ക്കുന്ന പ്രധാന വാദം. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ‘തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം’ നിലവില്‍ വരുന്നതിനാല്‍ വികസനപ്രവര്‍ത്തനം തടസ്സപ്പെടുന്നുവെന്ന വാദവും ഉയര്‍ത്തപ്പെടുന്നുണ്ട്.

എല്ലാ വര്‍ഷവും തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് നടക്കുന്നത് മനുഷ്യവിഭവശേഷിക്കുമേല്‍ കനത്ത ഭാരം അടിച്ചേല്‍പ്പിക്കുന്നതായും വാദമുയരുന്നുണ്ട്.

ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ സര്‍ക്കാരുകള്‍ക്ക് ജനപ്രതിനിധിസഭകളോടുള്ള കൂട്ടുത്തരവാദിത്തമെന്ന ഭരണഘടനാരീതിയില്‍ മാറ്റം വരുത്തേണ്ടിവരും.

ഭരണഘടനയനുസരിച്ച് ഒരു ഗവണ്‍മെന്റ് അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കപ്പെടുകയോ ധനബില്‍ പാസാക്കാന്‍ കഴിയാതെവരികയോ ചെയ്യുമ്പോള്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതമാണ്.

ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്തപക്ഷം സഭ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുകയുംവേണം. ഭരണഘടനയില്‍ ലോക്‌സഭയ്‌ക്കോ സംസ്ഥാന നിയമസഭകള്‍ക്കോ സ്ഥിരം കാലാവധി നിശ്ചയിച്ചിട്ടില്ല.

ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഭരണഘടനയില്‍ ഭേദഗതി വരുത്തുന്നതിനുള്ള വിവിധ നിര്‍ദേശങ്ങളാണ് മുന്നോട്ടുവയ്ക്കപ്പെടുന്നത്. ഇതിലൊന്ന് നിതി ആയോഗ് പുറത്തിറക്കിയ ചര്‍ച്ചയ്ക്കായുള്ള രേഖയാണ്.

ലോക്‌സഭ പിരിച്ചുവിടുന്നത് ഒഴിവാക്കാനാകാത്തപക്ഷം ലോക്‌സഭയുടെ തുടര്‍ന്നുള്ള കാലാവധി ഹ്രസ്വമെങ്കില്‍ രാജ്യത്തിന്റെ ഭരണം നടത്തുന്നതിന് രാഷ്ട്രപതിയെ അനുവദിക്കുന്നതിനുള്ള ഭേദഗതി ഭരണഘടനയില്‍ വേണമെന്നാണ് നിര്‍ദേശം.

അടുത്ത ലോക്‌സഭ രൂപീകരിക്കുന്നതുവരെ രാഷ്ട്രപതി രൂപീകരിക്കുന്ന മന്ത്രിസഭയുടെ സഹായത്തോടെ ഭരണം നടത്താന്‍ അദ്ദേഹത്തിന് അവസരമൊരുക്കുന്നതായിരിക്കണം ഈ ഭേദഗതി.

തീര്‍ത്തും അന്യായമായ ഈ നിര്‍ദേശത്തിന്റെ അര്‍ഥം രാഷ്ട്രപതി എക്‌സിക്യൂട്ടീവിന്റെ തലവനാകുമെന്നതാണ്. പിന്‍വാതിലിലൂടെ എക്‌സിക്യൂട്ടീവ് പ്രസിഡന്റ്് അധികാരത്തില്‍ വരുമെന്നര്‍ഥം.

മറ്റൊരു ഉപനിര്‍ദേശം ഇങ്ങനെയാണ്. പിരിച്ചുവിടുന്ന ലോക്‌സഭയുടെ കാലാവധി ദൈര്‍ഘ്യമേറിയതാണെങ്കില്‍ തെരഞ്ഞെടുപ്പ് നടത്താം. എന്നാല്‍, ആ ലോക്‌സഭയുടെ കാലാവധി മുന്‍ സഭയുടെ അവശേഷിക്കുന്ന കാലാവധിവരെ മാത്രമായിരിക്കും.

അതായത്, രണ്ടുവര്‍ഷത്തിനുശേഷമാണ് ലോക്‌സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തുന്നതെങ്കില്‍ പുതിയ ലോക്‌സഭയുടെ കാലാവധി അവശേഷിക്കുന്ന മൂന്നുവര്‍ഷത്തേക്കായിരിക്കും.

ഇതിനര്‍ഥം ലോക്‌സഭാതെരഞ്ഞെടുപ്പ് ആവര്‍ത്തിക്കുമെന്നാണ്. ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുകയെന്ന ലക്ഷ്യംതന്നെ പരാജയപ്പെടുകയായിരിക്കും ഫലം.

സംസ്ഥാന നിയമസഭയുടെ കാര്യത്തിലും സമാനമായ നിര്‍ദേശങ്ങളാണ് ഉയരുന്നത്. ഭൂരിപക്ഷം കാലാവധിയും പൂര്‍ത്തിയായശേഷമാണ് നിയമസഭ പിരിച്ചുവിടുന്നതെങ്കില്‍ സഭയുടെ അവശേഷിക്കുന്ന സമയം ഗവര്‍ണര്‍ ഭരണം നടത്തും. ഇതിനര്‍ഥം കേന്ദ്രഭരണമെന്നാണ്.

ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള മറ്റൊരു നിര്‍ദേശം ചില സഭകളുടെ കാലാവധി വര്‍ധിപ്പിക്കുകയും മറ്റു ചിലവയുടെ കാലാവധി കുറയ്ക്കുകയും ചെയ്യുകയെന്നതാണ്.

നിതി ആയോഗിന്റെ നിര്‍ദേശം ഒരുവശത്ത് ത്രിപുര നിയമസഭയുടെ കാലാവധി 15 മാസം കുറയ്ക്കുകയും മറുവശത്ത് ബിഹാര്‍ നിയമസഭയുടെ കാലാവധി 13 മാസം വര്‍ധിപ്പിക്കുകയും ചെയ്യുക യെന്നതാണ്. നിയമസഭയുടെ കാലാവധി കൂട്ടുകയും കുറയ്ക്കുകയുംചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ്.

നിയമസഭാസാമാജികരെ തെരഞ്ഞെടുക്കാനുള്ള പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങളുടെ ലംഘനവുമാണിത്.

എക്‌സിക്യൂട്ടീവിന് പാര്‍ലമെന്റിനോടുള്ള ഉത്തരവാദിത്തം ഒഴിവാക്കുന്നതിനും സഭയുടെ കാലാവധി നിശ്ചിതമായി നിര്‍ണയിക്കുന്നതിനുമുള്ള വിവിധ തന്ത്രങ്ങളാണ് മുന്നോട്ടുവയ്ക്കപ്പെട്ടത്.

അതിലൊരു നിര്‍ദേശം അവിശ്വാസപ്രമേയം അവതരിപ്പിച്ചാല്‍ അതിനോടൊപ്പംതന്നെ സഭയുടെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള പ്രമേയവും അവതരിപ്പിക്കണമെന്നാണ്.

ഇതിനര്‍ഥം ഒരു ഗവണ്‍മെന്റിനെ വോട്ട് ചെയ്ത് പുറത്താക്കാനുള്ള സഭയുടെ അധികാരമാണ് ഇല്ലാതാകുന്നത്. അതോടൊപ്പം പുതിയൊരു ഗവണ്‍മെന്റിനെ തെരഞ്ഞെടുക്കണമെന്ന ഉപാധിയും മുന്നോടുവയ്ക്കപ്പെടുന്നു.

സ്ഥിരം കാലാവധി, ഭരണ സുസ്ഥിരത എന്നീ സങ്കല്‍പ്പങ്ങള്‍ ഭരണവര്‍ഗ ഉല്‍ക്കണ്ഠകളാണ്. നവ ഉദാരവല്‍ക്കരണ സംവിധാനവുമായി യോജിച്ചുപോകുന്നതാണ് ഈ ഉല്‍ക്കണ്ഠകള്‍.

തെരഞ്ഞെടുക്കപ്പെട്ട നിയസഭാംഗങ്ങള്‍ക്കും ലോക്‌സഭാ അംഗങ്ങള്‍ക്കും സര്‍ക്കാരിനെ വോട്ടിനിട്ട് പുറത്താക്കാനുള്ള അവകാശം തടയരുത്.

അതുപോലെതന്നെ സഭയില്‍ വ്യക്തമായി ഭൂരിപക്ഷമുള്ള ഭരണകക്ഷിക്ക് സഭ പിരിച്ചുവിട്ട് നേരത്തേ തെരഞ്ഞെടുപ്പ് നടത്താനുള്ള അവകാശത്തെയും തടയരുത്.

രാഷ്ട്രീയവൈവിധ്യങ്ങള്‍ ഏറെയുള്ള വലിയ രാജ്യമാണ് ഇന്ത്യ. ഒരു ഫെഡറല്‍ സംവിധാനത്തിലൂടെമാത്രമേ രാഷ്ട്രീയ ജനാധിപത്യം നിലനിര്‍ത്താന്‍ കഴിയൂ.

സംസ്ഥാനങ്ങളില്‍ വ്യത്യസ്ത സമയങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് ഫെഡറല്‍ സംവിധാനത്തിന്റെ ഒരു ഘടകമാണ്.

‘ഏക രാഷ്ട്രം, ഏക സംസ്‌കാരം, ഏക ഭാഷ’ എന്നതില്‍ വിശ്വസിക്കുന്ന ബിജെപിയുടെ മുദ്രാവാക്യം ‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്’ എന്നതാണ്. ഭരണഘടയില്‍ അനാവശ്യമാറ്റം വരുത്തി ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുക എന്ന ആശയം കേന്ദ്രീകൃത സ്വേച്ഛാധിപത്യത്തെ മാത്രമേ വളര്‍ത്തൂ.

ഈ നീക്കത്തെ നിശ്ചയദാര്‍ഢ്യത്തോടെ എതിര്‍ക്കണം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News