സൗദിയില്‍ ലെവി അടക്കാന്‍ ആറു മാസം സാവകാശം

സൗദി സ്വകാര്യ മേഖലയില്‍ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി അടക്കാന്‍ തൊഴിലുടമകള്‍ക്ക് ആറു മാസം സാവകാശം. ലെവി മൂന്നു തവണകളായി അടക്കുന്നതിനും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം സൗകര്യം ഏര്‍പ്പെടുത്തി.

സ്വകാര്യ മേഖലയുടെ പ്രയാസം കണക്കിലെടുത്താണ് ലെവി അടക്കാന്‍ മന്ത്രാലയം സമയം ദീര്‍ഘിപ്പിച്ചത്. തന്റെ സ്ഥാപനത്തിലെ തൊഴിലാളികളുടെ ലെവി സ്ഥാപന ഉടമയാണ് അടക്കേണ്ടത്. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവന്‍ വിദേശികള്‍ക്കും ലെവി ബാധകമാക്കിയിട്ടുണ്ട്.

ഇതുവരെ സ്വകാര്യ സ്ഥാപനങ്ങളില്‍ സൗദി ജീവനക്കാരെക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്കു മാത്രായിരുന്നു ലെവി ബാധകം. ഇവര്‍ക്ക് പ്രതിമാസം 200 റിയാല്‍ വീതം വര്‍ഷത്തില്‍ 2,400 റിയാലാണ് ലെവി ഇനത്തില്‍ അടച്ചിരുന്നത്. എന്നാല്‍, ഈ വര്‍ഷം മുതല്‍ സൗദി ജീവനക്കാരെക്കാള്‍ കൂടുതലുള്ള സ്ഥാപനങ്ങളിലെ വിദേശികള്‍ക്ക് പ്രതിമാസം 400 റിയാല്‍ വീതം വര്‍ഷത്തില്‍ 4,800 റിയാലാണ് ലെവി. സൗദികളേക്കാള്‍ കുറവുള്ള വിദേശികള്‍ക്ക് സ്ഥാപനപ്രതിമാസം 300 റിയാല്‍ തോതില്‍ വര്‍ഷത്തില്‍ 3,600 റിയാലുമാണ് ലെവി.

കടുത്ത ബാധ്യതയാണ് ഇത് ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഉണ്ടാക്കിയത്. സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നതിനും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനും ഇടയാക്കുന്ന ലെവി സംവിധാനത്തില്‍ നിന്നും ഒഴിവാക്കണമെന്നാണ് വ്യാപാരികളും വ്യവസായികളും ആവശ്യപ്പെടുന്നത്.

ഇഖാമ കാലാവധിയുടെ മധ്യത്തില്‍ വെച്ചോ കാലാവധി അവസാനിക്കുന്നതിന് മാസങ്ങള്‍ ശേഷിക്കെയോ വിദേശ തൊഴിലാളികള്‍ ഫൈനല്‍ എക്‌സിറ്റില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതു പോലുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ മുഴുവന്‍ ജീവനക്കാര്‍ക്കുമുള്ള ലെവി ഇന്‍വോയ്‌സ് ആണ് മന്ത്രാലയം ഇഷ്യു ചെയ്തത്.

ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ ലെവി ഇന്‍വോയ്‌സില്‍ നിന്ന് ഒഴിവാക്കണമെന്ന് വ്യവസായികള്‍ ആവശ്യപ്പെടുന്നു. അതേസമയം, പല സ്ഥാപനങ്ങളും ലെവി ബാധ്യത തൊഴിലാളികളില്‍നിന്നും ഈടാക്കുന്നുണ്ട്. ഇത് നിയമ വിരുദ്ധമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും നിര്‍ബാധം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News