തീവ്രഹിന്ദുത്വ വികാരമുണര്‍ത്തി വീണ്ടും സംഘപരിവാര്‍; ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വീണ്ടും ആര്‍എസ്എസിന്റെ രഥയാത്ര; യാത്ര കടന്നുപോകുന്നത് കേരളമടക്കം ആറു സംസ്ഥാനങ്ങളിലൂടെ

ദില്ലി: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വീണ്ടും രഥയാത്രയുമായി ആര്‍എസ്എസ്.

അയോധ്യയില്‍ നിന്ന് രാമേശ്വരം വരെയാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 23 വരെ നീളുന്ന രഥയാത്ര ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും.

ഉത്തര്‍പ്രദേശിലെ കര്‍സേവപുരത്തുനിന്നും ആരംഭിക്കുന്ന യാത്ര യോഗി ആദിത്യനാഥാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതേ സ്ഥലത്താണ് 1990ല്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി തൂണുകള്‍ നിര്‍മ്മിക്കാനുള്ള പരിശീലനം നടന്നത്. യാത്രയില്‍ ഉടനീളമായി 40 പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

1990ല്‍ എല്‍കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്രയാണ് ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ചയ്ക്കും തുടര്‍ കലാപങ്ങള്‍ക്കും വഴിവെച്ചത്.

യാത്ര കടന്നു പോയ ഗുജറാത്ത്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപക അക്രമങ്ങളാണ് സംഘപരിവാര്‍ അഴിച്ചുവിട്ടത്.

അതേസമയം, യാത്ര കടന്നു പോകുന്ന സ്ഥലങ്ങളില്‍ തടസങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം യാത്രകടന്നുപോവുന്ന സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികള്‍ക്ക് കത്തയച്ചിട്ടുണ്ട്.

കേരളത്തില്‍ പൊതുസമ്മേളനത്തോടെ വയനാട്ടിലെ മാനന്തവാടിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍, പാലക്കാട്, എറണാകുളം, കോട്ടയം, പത്തനംതിട്ട, പുനലൂര്‍ വഴിയാണ് മധുരയില്‍ എത്തുക. യാത്ര മാര്‍ച്ച് 23ന് രാമേശ്വരത്ത് എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here