പീപ്പിള്‍ ഇംപാക്ട് ; കേരള സര്‍വ്വകലാശാലയില്‍ വീണ്ടും അധ്യാപക നിയമനം നടത്താനുളള വിസിയുടെ നീക്കത്തിന് തിരിച്ചടി

കേരള സര്‍വ്വകലാശാലയില്‍ വീണ്ടും അധ്യാപക നിയമനം നടത്താനുളള വിസിയുടെ നീക്കത്തിന് തിരിച്ചടി.ജര്‍മ്മന്‍ വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം നടത്താനുളള പരിശോധ സമിതിക്ക് ഇന്ന് യോഗം ചേരാന്‍ ക‍ഴിഞ്ഞില്ല. അധ്യാപകനിയമനം നടത്താന്‍ ഒരുങ്ങുന്നു എന്ന പീപ്പിള്‍ വാര്‍ത്ത പുറത്ത് വന്നതോടെ വകുപ്പ് അദ്ധ്യക്ഷനും,ഡീനും അവധിക്ക് അപേക്ഷ നല്‍കി. യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ സബ്ജക്റ്റ് എകസ്പെര്‍ട്ട് നിരാശനായി ചെന്നൈക്ക് മടങ്ങി.

മാര്‍ക്ക് ദാന വിവാദത്തെ തുടര്‍ന്ന് കേരള സര്‍വ്വകലാശാലയില്‍ വീണ്ടും അധ്യാപക നിയമനത്തിന് കളമൊരുങ്ങുന്നു എന്ന വാര്‍ത്ത പീപ്പിള്‍ ടിവി ഇന്നലെ പുറത്ത് വിട്ടതോടെയാണ് ഇന്ന് നടക്കാനിരുന്ന പരിശോധനാ സമിതിയോഗം അലസിപോയത് .

പരിശോധനാ സമിതിയില്‍ പങ്കെടുക്കാന്‍ ചെന്നൈയില്‍ നിന്ന് യൂണിവേ‍ഴ്സിറ്റിയില്‍ എത്തിയ ഭാഷാ വിദഗ്ദന്‍ മിലിന്ദ് ബ്രമ്മ മറ്റ് സ്ക്രീനിംഗ് കമ്മറ്റി അംഗങ്ങളെ കാത്തിരുന്നുവെങ്കിലും യോഗം നടന്നില്ല. പരിശോധന സമിതിയില്‍ പങ്കെടുക്കേണ്ടിയിരുന്ന മറ്റ് രണ്ട് അംഗങ്ങളായ ജര്‍മ്മന്‍ ഭാഷവകുപ്പ് മേധാവിയും, ഡീനും അവധിക്ക് അപേക്ഷ നല്‍കിയോടെയാണ് യോഗം ക്വാറം തികയാതെ പോയത് .

ജര്‍മ്മന്‍ വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം നടത്താനായിരുന്നു വിസിയുടെ രഹസ്യ നീക്കം . അധ്യാപക നിയമനങ്ങള്‍ ഇനി ഉടന്‍ ഉണ്ടാവില്ലെന്ന് ഗവര്‍ണര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് മറികടന്നാണ് നിയമനം നടക്കാന്‍ വിസി ശ്രമം ആരംഭിച്ചത് .

എഡ്യുക്കേഷന്‍ വിഭാഗത്തില്‍ ദിവ്യാ സി സേനന് മാര്‍ക്ക് ദാനം നടത്തിയ ശേഷം നിയമനം നല്‍കിയത് മുന്‍പ് വിവാദമായിരുന്നു .വൈസ്ചാന്‍സിലര്‍ വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നിള്‍ക്കെപുതിയ നിയമനം നടത്തുന്നതില്‍ ദുരൂഹതയുണ്ട്.

സര്‍വ്വകലാശാല നിയമനങ്ങളില്‍ പാലിക്കേണ്ട റഗുലേഷന് വിരുദ്ധമായിട്ടാണ് വൈസ് ചാന്‍സിലര്‍ സ്ക്രീനിംഗ് കമ്മറ്റി രൂപീകരിച്ചത് എന്ന ആക്ഷേപവും ഇതിനോടൊപ്പം ഉയരുന്നുണ്ട് .

2010 ലെ UGC റെഗുലേഷന്‍ പ്രകാരവും, 2016 ലെ നാലാം അമന്‍മെന്‍റ് പ്രകാരവും ഇപ്പോള്‍ നടത്താന്‍ ഒരുങ്ങുന്ന അസിസ്റ്റന്‍റ് തസ്തികയിലേക്ക് പ്രത്യേക സ്ക്രീനിംഗ് കമ്മറ്റി ഉണ്ടാക്കേണ്ട കാര്യം ഇല്ല.

നിയമനത്തിനായി UGC നിര്‍കര്‍ഷിക്കുന്ന സെലക്ഷന്‍ കമ്മറ്റി തന്നെയാണ് സ്ക്രീനിംഗ് ഉള്‍പെടെയുളള നടപടിക്രമങ്ങള്‍ പാലിക്കേണ്ടത് . പ്രത്യേകമായി സ്ക്രീനിംഗ് കമ്മറ്റി ഉണ്ടാക്കുന്നത് ഭാവിയില്‍ നിയമപ്രശ്നങ്ങള്‍ക്ക് വ‍ഴിവെക്കുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിപ്പ്.

എഡ്യുക്കേഷന്‍ വിഭാഗത്തില്‍ നടത്തിയ നിയമന പ്രക്രിയ അടക്കമുളള ഹൈക്കോടതിയില്‍ ചോദ്യം ചെയ്ത സാഹചര്യത്തില്‍ വിസി മതിയായ ചര്‍ച്ച നടത്താതെ ദ്രുതഗതിയില്‍ നടത്തുന്ന നിയമപ്രക്രിയ കാര്യങ്ങള്‍ സങ്കീര്‍ണമാക്കും എന്നത് ഉറപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News